ബോളിവുഡ് താരം വിവേക് ഒബ്‌റോയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷത്തിലെത്തുന്ന ജീവിത ചിത്രം 'പി.എം. നരേന്ദ്രമോദി' ചിത്രീകരണം ആരംഭിച്ചു. വിവേകിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി വാർത്ത ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം. ചിത്രത്തിന്റെ ഫസ്റ്റ് ലുക് ഈ മാസം പുറത്തു വന്നത് മുതൽ വിവേകിന് മോദിയുമായുള്ള സാദൃശ്യം ചർച്ചാ വിഷയമായിരുന്നു. ബോളിവുഡിൽ രാഷ്ട്രീയ സിനിമകളുടെ പെരുമഴയാണ് ഇപ്പോൾ. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന്റെയും അന്തരിച്ച ശിവസേന മേധാവി ബാൽ താക്കറെയുടെയും ജീവിതം ആസ്പദമാക്കിയുള്ള ബയോപിക് ചിത്രങ്ങൾ പുറത്തു വന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥപറയുന്ന സിനിമ രാഷ്ട്രീയ ലോകം ഉറ്റു നോക്കുകയാണ്.
സിനിമ പുറത്തിറങ്ങുന്നതോടെ വിവേക് ഒബ്രോയിയുടെ കരിയർ തന്നെ മാറിമറിയുമെന്നാണ് ബോളിവുഡിലെ ചർച്ചകൾ. ത്രിവർണപതാകക്ക് മുന്നിൽ മോദിയായി വിവേക് ഒബ്രോയി നിൽക്കുന്നതാണ് ഫസ്റ്റ് ലുക് പോസ്റ്റർ. പശ്ചാത്തലത്തിൽ ഉദിച്ചുയരുന്ന ചിത്രവും. മുകളിലായി ദേശഭക്തിയാണ് എൻ്റെ ശക്തി എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസാണ് പോസ്റ്റർ പുറത്തിറക്കിയത്.
മേരികോം, സരബ്ജിത്ത് എന്നീ ബയോപിക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓമങ്ങ് കുമാറാണ് 'പി.എം. നരേന്ദ്രമോദി' സംവിധാനം ചെയ്യുന്നത്. വിവേക് ഒബ്രോയിയുടെ പിതാവ് സുരേഷ് ഒബ്രോയിയും സന്ദീപ് സിങ്ങുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗുജറാത്ത്, ഡൽഹി, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സ്ഥലങ്ങളിലാകും ‘പി.എം നരേന്ദ്രമോദി’യുടെ ചിത്രീകരണം നടക്കുക. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം ലൂസിഫറിലും വിവേക് വേഷമിടുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.