പപ്പൻ നരിപ്പറ്റ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വയസ് ‘എത്രയായി മുപ്പത്തി…?’ നോ ലിമിറ്റ്സിന്റെ ബാനറിൽ ഷിജു യു.സിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോട്ടപ്പുറത്തെ കൂട്ടുകുടുംബം, മലബാറിൽ നിന്നൊരു മണിമാരൻ, ജ്വലനം, കരിങ്കണ്ണൻ എന്നീ ചിത്രങ്ങൾക്കു ശേഷം പപ്പൻ നരിപ്പറ്റ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വളരെ കൗതുകകരമായ അവതരണവും ആശയവുമാണ് ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നതെന്ന് സംവിധായകനായ പപ്പൻ നരിപ്പറ്റ പറഞ്ഞു.
‘വളരെ ആർഭാടമായി കല്യാണം നടത്തി വിവാഹബന്ധം പിരിഞ്ഞവരെ ശപിച്ചു കൊണ്ടും നാൽപ്പതു വയസ്സു കഴിഞ്ഞിട്ടും പെണ്ണ് കിട്ടാത്തവർക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടുമാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്’, എന്ന് അണിയറക്കാർ. മലബാറിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും നർമ്മ മുഹുർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
പ്രശാന്ത് മുരളി, ഉണ്ണി രാജ, നസീർ സംക്രാന്തി, രമ്യ സുരേഷ്, ആഭാസോ ജിത്, മഞ്ജു പത്രോസ് എന്നിവരും വി ഫോർ കോമഡി ഷോയിലൂടെ ശ്രദ്ധേയരായ നാലു താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ഷിജു യു.സി.യുടെ കഥക്ക് ഫൈസൽ കാരങ്ങാട്ട് തിരക്കഥ രചിക്കുന്നു. കൈതപ്രത്തിൻ്റെ വരികൾക്ക് ഷിബു സുകുമാരനാണ് ഈണം പകർന്നിരിക്കുന്നത്. സമീർ ജിബ്രാനാണ് ഛായാഗ്രാഹകൻ. കലാസംവിധാനം – നാരായണൻ പന്തിരിക്കര, മേക്കപ്പ് -ജിത്തു പയ്യന്നൂർ, കോസ്റ്റ്യും – ഡിസൈൻ – ഇന്ദ്രൻസ് ജയൻ, പ്രൊഡക്ഷൻ ഡിസൈനർ – സുഗുണേഷ് കുറ്റിയിൽ, പ്രൊഡക്ഷൻ കൺട്രോളർ- പ്രേംകുമാർ പറമ്പത്ത്. തികച്ചും പുതുമയാർന്ന വിവാഹ വിഷയം ചർച്ച ചെയ്യുന്ന ഈ ചിത്രം ജനുവരി പകുതിയിൽ ചിത്രീകരണമാരംഭിക്കുന്നു.
മൈസൂർ, വടകര, മാഹി, തലശ്ശേരി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. പി.ആർ.ഒ.- വാഴൂർ ജോസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Malayalam cinema 2022