നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Onam 2019: Exclusive: എന്നാലേ, നിവിൻ പ്രേക്ഷക മനസ്സുകൾ ഇങ്ങെടുക്കുവാ

  Onam 2019: Exclusive: എന്നാലേ, നിവിൻ പ്രേക്ഷക മനസ്സുകൾ ഇങ്ങെടുക്കുവാ

  Nivin Pauly goes candid about Love Action Drama and other movies | ന്യൂ ജെൻ ദിനേശനായി ശോഭക്കൊപ്പം നിവിൻ പോളി. പ്രേക്ഷകർ നെഞ്ചേറ്റിയ നിവിൻ-അജു കൂട്ടുകെട്ടും കൂടിയായാൽ പോരേ പൂരം?

  • Share this:
   #മീര മനു

   മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്നെങ്കിലും, ആരാധകരെ സംബന്ധിച്ച് 'ലവ്, ആക്ഷൻ, ഡ്രാമ' നിവിൻ പോളിയുടെ മടങ്ങി വരവ് ചിത്രമാണ്. പ്രേമത്തിലെ ജോർജ് തിരികെ എന്നവർ ഒരേസ്വരത്തിൽ പറയുന്നു. കൂടാതെ നീണ്ട ഇടവേളക്ക് ശേഷം നിവിൻ-അജു വർഗ്ഗീസ്-ശ്രീനിവാസൻമാരുടെ (വിനീത്/ധ്യാൻ) കൂട്ടുകെട്ട് മറ്റൊരു പ്രേക്ഷക പ്രിയ ചിത്രവുമായി ഓണക്കാലത്ത് തിയേറ്റർ പൂരപ്പറമ്പാക്കിക്കഴിഞ്ഞു. പഴയ സ്നേഹം ഒളിമങ്ങാതെ കാത്തു വച്ച് പ്രേക്ഷകർ തിരികെ നൽകിയതിന്റെ സന്തോഷവും സിനിമാ വിശേഷങ്ങളുമായി നിവിൻ പോളി ന്യൂസ് 18 മലയാളത്തോടൊപ്പം.

   ശക്തമായ മടങ്ങി വരവ് നടത്തിയിരിക്കുകയാണ് നിവിൻ. ഇത്രയും മികച്ച പ്രതികരണം ലഭിക്കുമ്പോൾ എന്ത് തോന്നുന്നു?

   പ്രേക്ഷകർ 'ലവ്, ആക്ഷൻ, ഡ്രാമ'യെ ഇരുകയ്യും നീട്ടി സ്വീകരിച്ചതിൽ വളരെ സന്തോഷമുണ്ട്. എല്ലായിടത്തു നിന്നും മികച്ച റിപോർട്ടുകൾ ആണ് ലഭിക്കുന്നത്. ഓണക്കാലത്തെ പ്രേക്ഷക സമ്മിതി ലഭിച്ച ചിത്രമായി മാറിയിരിക്കുകയാണ്. ചില തിയേറ്ററുകൾ അധിക ഷോ തന്നെ ആരംഭിച്ചിട്ടുണ്ട്. പ്രേക്ഷകരോട് ഈ അവസരത്തിൽ എന്റെ നന്ദി രേഖപ്പെടുത്തുന്നു.   വടക്കുനോക്കിയന്ത്രത്തിലൂടെ പ്രശസ്തമായ ദിനേശനും ശോഭയും മടങ്ങി വരുന്നു എന്നതായിരുന്നു റിലീസിന് മുൻപുള്ള ആകാംഷ. എന്നാൽ വടക്കുനോക്കിയന്ത്രവുമായി ഈ ചിത്രത്തിന് സമാനതകൾ തീരെ കുറവാണെന്ന് തിയേറ്ററിൽ പോയവർക്കറിയാം. എന്തായിരുന്നു പ്രതീക്ഷ?

   പ്രൊജക്റ്റും പ്രധാന കഥാപാത്രങ്ങളുടെ പേരും അനൗൺസ് ചെയ്തത് മുതൽ പ്രതീക്ഷകൾ വളരെ കൂടുതലായിരുന്നു. വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളുമായി സാമ്യം ഉണ്ടോ എന്നറിയാൻ എല്ലാവർക്കും ആകാംഷയായിരുന്നു. അവർ 'ന്യൂ ജെൻ' ദിനേശനെയും ശോഭയേയും അംഗീകരിച്ചതിൽ അതിയായ ആത്മസംതൃപ്തിയുണ്ട്.

   ദിനേശനായി നിവിനെ തെരഞ്ഞെടുക്കാൻ പ്രത്യേകം കാരണങ്ങൾ എന്തെങ്കിലും?

   സിനിമ കണ്ടവർക്ക്‌ എന്റെ കഥാപാത്രത്തിന് ദിനേശൻ എന്ന പേര് നൽകിയത് എന്തിനെന്ന് മനസ്സിലായിട്ടുണ്ടാവും. വടക്കുനോക്കിയന്ത്രത്തിൽ നിന്നും ആ പേര് മാത്രമേ ഞങ്ങൾ എടുത്തിട്ടുള്ളൂ.

   നിവിൻ-അജു വർഗ്ഗീസ്-ശ്രീനിവാസൻമാർ ചിത്രം എന്നാൽ പ്രതീക്ഷയുടെ മറ്റൊരു സമവാക്യമാണ്. കാണികളും വിമർശകരും ഒരുപോലെ ഉറ്റുനോക്കുന്ന സംഘം. നിങ്ങൾ ഒത്തുചേരുമ്പോൾ എന്ത് മാജിക്കാണ് സ്‌ക്രീനിൽ സംഭവിക്കുന്നത്? വടക്കൻ സെൽഫിക്ക് ശേഷം ഇപ്പോഴാണ് ഈ കൂട്ടുകെട്ട് തിരികെയെത്തുന്നത്. ഇടവേളക്ക് പ്രത്യേകിച്ച് കാരണം എന്തെങ്കിലും?

   ഞങ്ങളുടെ കെമിസ്ട്രി എപ്പോഴും വർക് ആയിരുന്നു. ഇടവേള മനഃപ്പൂർവ്വമായിരുന്നില്ല. വടക്കൻ സെൽഫിക്ക് ശേഷം 'ഹേ ജൂഡി'ൽ അജു ഒരു ചെറിയ വേഷം കൈകാര്യം ചെയ്തിരുന്നു. അതും മികച്ചതായിരുന്നു. ഞാൻ മറ്റു ചില ചിത്രങ്ങളിൽ വ്യാപൃതനായി, അജുവും തിരക്കിലായി. 'ലവ്, ആക്ഷൻ, ഡ്രാമ' അനൗൺസ് ചെയ്തപ്പോൾ ഞങ്ങളെ വീണ്ടും സ്‌ക്രീനിൽ കാണാൻ പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. അടുത്ത സുഹൃത്തുക്കളുമായി സിനിമ ചെയ്യുന്നത് കൂടുതൽ എക്‌സ്‌പ്ലോർ ചെയ്യാനുള്ള സ്വാതന്ത്ര്യവും, പരീക്ഷണങ്ങൾക്കുള്ള അവസരവും നൽകുന്നു. എല്ലാവർക്കും അങ്ങനെ തന്നെ.   ഹീറോക്കൊപ്പം നിൽക്കുന്ന വേഷം കൈകാര്യം ചെയ്യുന്ന ആളാണ് നയൻതാര. ഈ ചിത്രത്തിൽ വരുന്നതിനും മുൻപ് നിങ്ങൾ തമ്മിൽ പരിചയമുണ്ടായിരുന്നോ? നയൻതാരക്കൊപ്പം വർക് ചെയ്തതിനെപ്പറ്റി:

   ഒരു അവാർഡ് വേദിയിൽ മാത്രമാണ് നയൻതാരയെ കണ്ടിട്ടുള്ളത്. വളരെ ക്ഷമയുള്ള അഭിനേത്രിയാണവർ. തന്റെ 100 ശതമാനവും അർപ്പിച്ച് അഭിനയിക്കും. സെറ്റിൽ ഭയങ്കര തമാശയാണ്. ഞങ്ങൾ ആസ്വദിച്ചാണ് വർക്ക് ചെയ്തത്. അത് ചിത്രത്തിലും പ്രതിഫലിച്ചിട്ടുണ്ടെന്ന് തോന്നുന്നു.

   ഇത്തവണ നിർമ്മാതാവ് കൂടിയാണ് അജു. ചിത്രത്തിൽ ദിനേശൻ-സാഗർ (അജു) കൂട്ടുകെട്ട് നല്ല രീതിയിൽ ഫലിച്ചു. നിർമ്മാതാവാണെങ്കിലും കോമിക് കഥാപാത്രം തെരഞ്ഞെടുത്തു. സെറ്റിനകത്തും പുറത്തും അജു എങ്ങനെയാണ്?

   അജുവും വിശാഖ് സുബ്രമണ്യവും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. വിശാഖിന്റെ സംഭാവനകൾ മറക്കാനാവില്ല. അക്കൗണ്ട്സ് എല്ലാം കൈകാര്യം ചെയ്ത് ഷൂട്ടിംഗ് സമയത്ത് അജുവിനെ റിലാക്സ് ചെയ്യിക്കുമായിരുന്നു വിശാഖ്. അജു ഒരിക്കലും നിർമ്മാതാവായി പെരുമാറിയിരുന്നില്ല. ഷൂട്ടിംഗ് പോലെത്തന്നെ ഈ വേഷവും അജു ആസ്വദിച്ചിരുന്നു.

   ചിത്രം പൂർത്തീകരിക്കാൻ കൂടുതൽ സമയം ചെലവാക്കിയിരുന്നല്ലോ. ധ്യാൻ ശ്രീനിവാസൻ എന്ന സംവിധായകനെപ്പറ്റി.

   ധ്യാൻ കഠിനാധ്വാനിയാണ്. ഈ പ്രോജെക്ടിനായി എത്രത്തോളം പ്രയത്നിച്ചിട്ടുണ്ടെന്നെനിക്കറിയാം. ഓരോ കഥാപാത്രത്തിനും അത്രയും മികച്ച ഡീറ്റൈലിംഗ് ധ്യാൻ നൽകിയിരുന്നു. ധ്യാൻ കഥ വിവരിച്ച് തരുന്ന രീതി എനിക്ക് ഭയങ്കര ഇഷ്‌ടമാണ്‌. ഇത്തരമൊരു ചിത്രം സൃഷ്ടിക്കാൻ ഒത്തിരി സമയം വേണ്ടി വന്നു. ഡയറക്ടർന്റെ ചുമതലയും നന്നായി നിറവേറ്റി. ധ്യാനിന് ഇനിയും ഒരുപാട് ചെയ്യാൻ സാധിക്കും.

   ഇനി വരാനിരിക്കുന്ന ചിത്രങ്ങളാണ് തുറമുഖവും മൂത്തോനും. മൂത്തോൻ ചലച്ചിത്ര മേളകളിലേക്ക് ചുവട് വച്ച് കഴിഞ്ഞു. ഇതുവരെയും നിവിൻ കൈകാര്യം ചെയ്ത വേഷങ്ങളുമായി നോക്കുമ്പോൾ വളരെ വ്യത്യസ്തമാണ് ഈ ചിത്രങ്ങൾ.

   'മൂത്തോൺ' ടൊറന്റോ ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സെപ്റ്റംബർ 11നാണ് പ്രദർശനം. എന്റെ ചിത്രങ്ങൾ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തണം എന്നാഗ്രഹമുണ്ട്. ഇത് അത്തരമൊരു ചിത്രമാണ്. ഒക്ടോബറിൽ മുംബൈ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കും. മലയാള സിനിമയെ സംബന്ധിച്ച് അതൊരു വലിയ കാര്യമാണ്. നമ്മുടെ ചിത്രങ്ങൾ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് എത്തിക്കുക എന്നതാണ് ലക്‌ഷ്യം.

   ഞാൻ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് 'തുറമുഖം'. ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഗീതു മോഹൻദാസിനും രാജീവ് രവിക്കുമൊപ്പം വർക്ക് ചെയ്യുക എന്നത് ഒരു അംഗീകാരമാണ്. ഞാൻ ആദരിക്കുന്ന രണ്ടു വ്യക്തിത്വങ്ങളാണവർ. ചിത്രത്തെപ്പറ്റി കൂടുതൽ വിശദീകരിക്കാൻ സമയമായിട്ടില്ല.

   First published:
   )}