ഓർമ്മയില്ലേ സംശയ രോഗിയായ ഭർത്താവ് ദിനേശനെയും, സുന്ദരിയായ ഭാര്യ ശോഭയേയും? ദിനേശനും, ശോഭയും ഒരിക്കൽക്കൂടി വരികയാണ് ഈ ഓണത്തിന്. ചാനലുകളിൽ കാണിക്കുന്ന സിനിമയായല്ല, തീർത്തും നവയുഗത്തിലെ ഭാര്യാ-ഭർത്താക്കന്മാരായാണ് ഇവരുടെ വരവ്. ശ്രീനിവാസൻ സംവിധാനം ചെയ്ത ജനപ്രിയ ചിത്രം വടക്കുനോക്കി യന്ത്രത്തിലെ നായക കഥാപാത്രങ്ങളുടെ പേരാണ് മകൻ ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ കഥാപാത്രങ്ങൾക്കും. നിവിൻ പോളി തളത്തിൽ ദിനേശനായി എത്തുമ്പോൾ നയൻതാര ശോഭയായി എത്തുന്നു. കഥാപാത്രങ്ങളുടെ പേര് മാത്രമേയുള്ളൂ, കഥയും സ്വഭാവവും മറ്റൊന്നാണ്. ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും.
നടൻ അജു വർഗീസ് നിർമാതാവിന്റെ വേഷമണിയുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഫന്റാസ്റ്റിക്ക് ഫിലിംസ്, എം സ്റ്റാര്‍ എന്റര്‍ടെയിന്റ്മെന്റ്സ് എന്നീ ബാനറുകളില്‍ അജു വര്‍ഗീസും വിശാഖ് പി സുബ്രഹ്മണ്യവുമാണ് ചിത്രം നിർമിക്കുന്നത്. ശ്രീനിവാസൻ, മല്ലിക സുകുമാരൻ, അജു വർഗീസ്, ജൂഡ് ആന്റണി എന്നിവർക്കൊപ്പം തമിഴിൽ നിന്നും കന്നഡയിൽ നിന്നുമുള്ള അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രതീഷ് എം വർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം ഷാൻ റഹ്മാനാണ്.
കൂടാതെ മലർവാടി ആർട്സ് ക്ലബ്ബിൽ ഒത്തുകൂടിയ ചെറുപ്പക്കാർ വീണ്ടും ഒന്നിക്കുന്നെന്ന പ്രത്യേകത വേറെ. പ്രകാശൻ (നിവിൻ പോളി), കുട്ടു (അജു വർഗീസ്), പുരുഷു (ഭഗത് മാനുവൽ), പ്രവീൺ (ഹരികൃഷ്ണൻ) എന്നിവരും ദീപക് പരമ്പോലും ഇനി ലവ് ആക്ഷൻ ഡ്രാമയിൽ വീണ്ടും വരികയാണ്. ഇതിനെ നയൻ ഇയർ ചലഞ്ചായി ഇവർ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.