നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • REVIEW: പ്രതീക്ഷ തെറ്റിക്കാതെ പ്രകാശൻ

  REVIEW: പ്രതീക്ഷ തെറ്റിക്കാതെ പ്രകാശൻ

  • Share this:
   #മീര മനു

   കുന്നോളം സ്വപ്നവും കുരുവോളം അധ്വാനവും, എടുത്താൽ പൊങ്ങാത്ത അസൂയയും തരികിടയും. സ്‌കൂൾ മാഷിന്റെ മകന്റെ യാതൊരു ഗുണഗണങ്ങളും ഇല്ലാത്ത, സ്വന്തം പേര് ഒരു കുറവായി തോന്നി പി.ആർ. ആകാശ് ആയി മാറിയ പ്രകാശൻ എന്ന അഭ്യസ്തവിദ്യനായ ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയുള്ളൊരു കഥയാണ് ഞാൻ പ്രകാശൻ. കൈ നനയാതെ മീൻ പിടിക്കാൻ നടക്കുന്ന പ്രകാശൻ. ഒരിക്കൽ ഉപേക്ഷിച്ച കാമുകിയായ സലോമി മികച്ച ഭാവിയിൽ എത്തി നിൽക്കുമ്പോൾ നടത്തുന്ന തിരിച്ചു വരവിലൂടെ നെയ്തു കൂട്ടുന്ന ചീട്ടു കൊട്ടാരവും, അതിൽ നിന്നും മാറിമറിയുന്ന അയാളുടെ ജീവിതവും വിളക്കിച്ചേർത്തുണ്ടാക്കിയ മനോഹര ശില്പമായി ഞാൻ പ്രകാശൻ മാറുന്നു.

   1. യുവ തലമുറയ്ക്ക് വേണ്ടി സിനിമ എടുക്കാൻ യുവാക്കൾ വേണമെന്ന വാദം പൊളിച്ചടുക്കുകയാണ് മലയാള സിനിമയിൽ പതിറ്റാണ്ടുകൾ സ്വന്തമായുള്ള സംവിധായകൻ സത്യൻ അന്തിക്കാടും എഴുത്തുകാരനും അഭിനേതാവുമായ ശ്രീനിവാസനും. പൊളി വാദങ്ങളോ, പൊള്ളയായ എഴുതി ചേർക്കലുകളോ, ഒരു കമ്പിത്തിരിയേക്കാൾ ആയുസ്സുകുറഞ്ഞ വാചകങ്ങളോ കൊണ്ടീ ചിത്രത്തെ നശിപ്പിക്കാതെ മികച്ച കഥ പറയുകയാണ്. എൺപതുകളിലും തൊണ്ണൂറുകളിലും നമ്മൾ കണ്ടാസ്വദിച്ച, മനസ്സിന് കുളിർമ്മയേകുന്ന ലാളിത്യവും നൈർമല്യവും നിറഞ്ഞ സിനിമ ഇവർ ഒരിക്കൽ കൂടി പേക്ഷകർക്ക് സമ്മാനിക്കുന്നു. പതിനാറു കൊല്ലം എന്തേ മാറി നിന്നുവെന്ന് സത്യൻ-ശ്രീനി കൂട്ടുകെട്ടിനോട് ചോദിക്കാതെ വയ്യ.

   ഞാൻ പ്രകാശൻ - ഇടവേളക്ക് മുൻപ്

   2. കഥാപാത്രത്തിൽ പ്രവേശിക്കുമ്പോൾ, ഫഹദ് എന്ന വ്യക്തി അപ്രത്യക്ഷനാവുന്ന പ്രതിഭാസം ഒരിക്കൽക്കൂടി വെളിവാകുന്നുണ്ടിവിടെ. ഈ ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നതിനുള്ള പൂർണ്ണ ഉത്തരവാദിത്വം നായകന് മാത്രമാണ്. അധ്വാനിച്ചാൽ വിയർപ്പിന്റെ അസുഖം ഉണ്ടാവുമെന്ന് പറയുന്ന പോലെ ജീവിക്കുന്ന ആരോഗ്യമുള്ള ചെറുപ്പക്കാരുടെ പ്രതിനിധിയാവാൻ ഫഹദിന് സാധിച്ചു. തനി മലയാളിയായ നാട്ടിൻപുറത്തുകാരൻ യുവാവിനെ അനായേസേന കൈകാര്യം ചെയ്ത ഫഹദ് കയ്യടികൾ വാരിക്കൂട്ടിയിട്ടില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.

   3. തീർത്തും പ്ലെയിൻ സ്റ്റോറിടെല്ലിങ് രീതിയിൽ പോകുന്ന ആദ്യ പകുതി ഇടവേളക്കായി മാറുമ്പോൾ ശേഷം എന്തെന്ന് പ്രവചിക്കാൻ പറ്റാത്ത അവസ്ഥയിൽ പ്രേക്ഷകനെ കൊണ്ടെത്തിക്കുന്നു. ആദ്യ ഭാഗം ഒരിടത്തെത്തുമ്പോൾ ശേഷം ഇനി എങ്ങനെ എന്നൊക്കെ ചിന്തിക്കാനാവും. പക്ഷെ ഊഹാപോഹങ്ങൾക്കൊന്നും ഇടവരുത്താതെ വളരെ മികച്ച രീതിയിൽ രണ്ടാം ഭാഗത്ത് തിരക്കഥ പരിപോഷിപ്പിച്ചിരിക്കുന്നുവെന്നത് എടുത്തുപറയേണ്ട കാര്യമാണ്. ചിത്രത്തിൻറെ നെടുംതൂണിവിടെയാണ്. രണ്ടാം പകുതിയിൽ പ്രധാന കഥാപാത്രമാവുന്ന സ്കൂൾ കുട്ടിയും ശ്രദ്ധേയമായ അഭിനയം കാഴ്ച വയ്ക്കുന്നു.

   'ഊതി വീർപ്പിക്കലുകളിലല്ല, ഉള്ളടക്കത്തിലാണ് കാര്യം': സത്യൻ അന്തിക്കാട് അഭിമുഖം
    4. കുടുംബ പ്രേക്ഷകർക്ക് തെല്ലും അറച്ചു നിൽക്കാതെ കടന്നു ചെല്ലാവുന്ന ഒരിടം കൂടിയിവിടെ ഒരുക്കുന്നു. ചിത്രം മുതിർന്നവർക്കുള്ളതാണോ, കുട്ടികൾക്കുള്ളതാണോ, യുവാക്കൾക്കുള്ളതാണോ എന്നീ ചോദ്യങ്ങൾക്കൊക്കെ 'അതെ' എന്നുത്തരം നൽകാൻ 'ഞാൻ പ്രകാശന്' സാധിക്കും. ഒരു സമ്പൂർണ്ണ ഫാമിലി ഷോപ്പിംഗ് കഴിഞ്ഞ പ്രതീതിയോടെ തിയേറ്ററിൽ നിന്നുമിറങ്ങാം എന്ന് സാരം.

   5 . കള്ളത്തരങ്ങളിൽ എവിടെയൊക്കെയോ, പ്രകാശൻ അയ്മനം സിദ്ധാർത്ഥനെ പോലാവുന്നില്ലേ എന്ന് ചിലയിടങ്ങളിൽ തോന്നി പോകുന്നുണ്ട്. ഒരുപക്ഷെ രണ്ടു പേരുടെയും ആ സ്വഭാവത്തിൽ സമാനതകളുള്ളത് കൊണ്ടാവാം. ക്ലൈമാക്സിലും ഒരിന്ത്യൻ പ്രണയ കഥയുടെ ചായ്‌വ് തോന്നാതില്ല. എന്നിരുന്നാലും ഒന്ന് മറ്റൊന്നിൻ മേൽ നിഴൽ വീഴ്ത്തുന്നതായി മാറിയിട്ടില്ല. പ്രകാശൻ നിരാശപ്പെടുത്തില്ല, ഉറപ്പ്.

   First published:
   )}