പറഞ്ഞത് പോലെ ഏപ്രിൽ 5ന് നരേന്ദ്ര മോദി ചിത്രം പി.എം. നരേന്ദ്ര മോദി തിയേറ്ററുകളിലെത്തില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായി റിലീസ് ചെയ്യാൻ ആയിരുന്നു പദ്ധതി എങ്കിലും സെൻസർ ബോർഡിൻറെ ഇടപെടൽ റിലീസ് തിയ്യതിയിൽ മാറ്റം വരുത്തിയിരിക്കുന്നു. ചിത്രം റിലീസ് ചെയ്യാം എന്ന ഇലക്ഷൻ കമ്മിഷൻ നിലപാട് ഉണ്ടായെങ്കിലും, അന്തിമ തീരുമാനം സെൻസർ ബോർഡിന് വിടുകയായിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ആണ് ഇതിൽ തീരുമാനം എടുക്കാനുള്ള അധികാരവും.
ആദ്യ ഘട്ട തിരഞ്ഞെടുപ്പിന് ശേഷം ഏപ്രിൽ 12നാവും റിലീസ് എന്ന് പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പ് കഴിയും വരെ റിലീസ് വേണ്ടെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ചിത്രം റിലീസ് ചെയ്യുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് ഇലക്ഷൻ കമ്മീഷൻ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. എന്നാൽ റിലീസിന് മേലുള്ള കടന്നു കയറ്റം മൗലികാവകാശ ലംഘനം എന്നാണ് ബി.ജെ.പി.യുടെ പക്ഷം. കൂടാതെ, ചിത്രത്തെയോ, അതിന്റെ അണിയറക്കാരുമായോ പാർട്ടിക്കൊരു ബന്ധവുമില്ലെന്നും ബി.ജെ.പി. പറയുന്നു.
മേരികോം, സരബ്ജിത്ത് എന്നീ ബയോപിക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഒമങ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിവേക് ഒബ്രോയിയാണ് മോദിയായെത്തുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.