• HOME
  • »
  • NEWS
  • »
  • film
  • »
  • 'നിങ്ങളെ ഇവിടെ ആവശ്യമില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞു'; ബോളിവുഡിലെ വിവേചനം തുറന്ന് പറഞ്ഞ് റസൂൽ പൂക്കുട്ടി

'നിങ്ങളെ ഇവിടെ ആവശ്യമില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞു'; ബോളിവുഡിലെ വിവേചനം തുറന്ന് പറഞ്ഞ് റസൂൽ പൂക്കുട്ടി

ഹോളിവുഡിലെ ഏറ്റവും അഭിമാനകരമായ അവാർഡ് നേടുന്നവർ കരിയറിൽ താഴേക്ക് പോകും എന്ന അന്ധവിശ്വാസമായ 'കുപ്രസിദ്ധ ഓസ്കാർ ശാപം' താനും നേരിടുന്നുവെന്നു വിശ്വസിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

Resul Pookutty

Resul Pookutty

  • Share this:
    എ.ആർ റഹ്മാന് പിന്നാലെ ബോളിവുഡിൽ നിന്ന് നേരിടേണ്ട വന്ന വിവേചനം തുറന്നു പറഞ്ഞ് സൗണ്ട് ഡിസൈനർ റസൂല്‍ പൂക്കുട്ടി. അക്കാഡമി അവാർഡുകൾ ലഭിച്ചതിന് ശേഷം ഹിന്ദി ചലച്ചിത്ര മേഖലയിലെ ആരും തന്നോടൊപ്പം ജോലി ചെയ്യാൻ താത്പ്പര്യം കാണിച്ചിരുന്നില്ലെന്നാണ് റസൂല്‍ പറയുന്നത്. ബോളിവുഡിൽ തനിക്കെതിരെ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് നല്ല ചിത്രങ്ങൾ തന്നെ തേടിയെത്താത്തതെന്നുമായിരുന്നു എ.ആർ.റഹ്മാൻ നേരത്തെ വെളിപ്പെടുത്തിയത്. ഇതിന് മറുപടിയുമായി ബോളിവുഡ് സംവിധായകൻ ശേഖർ കപൂർ രംഗത്തു വന്നിരുന്നു.

    'നിങ്ങളുടെ പ്രശ്നം എന്താണെന്ന് നിങ്ങൾക്കറിയാമോ? നിങ്ങൾ പോയി # ഓസ്‌കർ നേടി. ബോളിവുഡിലെ മരണ ചുംബനമാണ് ഓസ്കാർ. ബോളിവുഡിന് കൈകാര്യം ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ കഴിവുകൾ നിങ്ങൾക്കുണ്ടെന്ന് ഇത് തെളിയിക്കുന്നു'-ഇങ്ങനെയായിരുന്നു ട്വിറ്ററിലൂടെ അദ്ദേഹത്തിന്‍റെ മറുപടി. ഈ ട്വീറ്റിൽ പ്രതികരിച്ചു കൊണ്ടാണ് എ.ആർ.റഹ്മാനൊപ്പം ഓസ്കാര്‍ നേടിയ റസൂല്‍ രംഗത്തെത്തിയിരിക്കുന്നത്.

    'ഓസ്കാർ ലഭിച്ച ശേഷം ഹിന്ദി ചലച്ചിത്രങ്ങളിൽ എനിക്ക് ആരും അവസരം നൽകിയിരുന്നില്ല.. നിങ്ങളെ ഇവിടെ ആവശ്യമില്ലെന്ന് മുഖത്ത് നോക്കി തന്നെ ചില നിർമ്മാണ കമ്പനികൾ പറഞ്ഞിരുന്നു.. തകര്‍ന്നു പോകുമെന്ന് കരുതിയ ആ ഘട്ടത്തിൽ പ്രാദേശിക ചിത്രങ്ങളാണ് എന്നെ ചേർ‌ത്തു പിടിച്ചത്.. പക്ഷെ ഇപ്പോഴും അതിന്‍റെ പേരിൽ എന്‍റെ ഇൻഡസ്ട്രിയെ ഞാൻ സ്നേഹിക്കുന്നു' എന്നാണ് റസൂൽ പൂക്കുട്ടി ട്വീറ്റ് ചെയ്തത്.



    തനിക്ക് അവസരം നൽകാത്തതിൽ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും റസൂൽ പറയുന്നു.. ഹോളിവുഡിലെ ഏറ്റവും അഭിമാനകരമായ അവാർഡ് നേടുന്നവർ കരിയറിൽ താഴേക്ക് പോകും എന്ന അന്ധവിശ്വാസമായ 'കുപ്രസിദ്ധ ഓസ്കാർ ശാപം' താനും നേരിടുന്നുവെന്നു വിശ്വസിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

    'കുറെ കഴിഞ്ഞ് അക്കാഡമി അവാർഡ് അംഗങ്ങളുമായി ഇക്കാര്യം ചർച്ച ചെയ്യുന്നതിനിടെയാണ് അവർ # #OscarCurse! എന്നതിനെക്കുറിച്ച് പറയുന്നത്.. എല്ലാവരും ഇത് നേരിടേണ്ടി വന്നിട്ടുണ്ട്.. ലോകത്തിന്‍റെ നെറുകയില്‍ നില്‍ക്കുന്ന സമയത്ത് ഇത്തരമൊരു ഘട്ടത്തിലൂടെ കടന്നു പോകേണ്ടി വന്നത് ഞാനും ആസ്വദിച്ചു,.. ആളുകൾ നിങ്ങളെ തഴയുമ്പോൾ അത് ആത്മപരിശോധനയ്ക്കുള്ള ഒരു അവസരം കൂടിയാണ്' മറ്റൊരു ട്വീറ്റിൽ റസൂൽ പറഞ്ഞു.




    ബോളിവുഡിൽ ഇപ്പോൾ നടക്കുന്ന നെപോട്ടിസം ചർച്ചയുമായി ബന്ധപ്പെടുത്തിയല്ല തന്‍റെ പ്രതികരണം എന്നും റസൂൽ പൂക്കുട്ടി പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
    Published by:Asha Sulfiker
    First published: