'ന്നാ താൻ കേസ് കൊട്' (Nna Thaan Case Kodu) സിനിമയിൽ നിന്നുമുള്ള 'ദേവദൂതർ പാടി' എന്ന ഗാനം യൂട്യൂബിൽ ഒന്നാം സ്ഥാനത്ത് ട്രെൻഡിങ് തുടരുന്നു. 37 വർഷങ്ങൾക്ക് മുൻപ് ഔസേപ്പച്ചൻ ഈണമിട്ട ഗാനത്തിന് കുഞ്ചാക്കോ ബോബന്റെ (Kunchacko Boban) സ്റ്റെപ്പുകൾ തന്നെയാണ് പ്രധാന ആകർഷണം. പല ഉത്സവപ്പറമ്പുകളിലും അവിടെ മുഴങ്ങിക്കേൾക്കുന്ന ഗാനത്തിന് ഇത്തരത്തിൽ മതിമറന്നു നൃത്തം ചെയ്യുന്ന ആൾക്കാരെ പലരും ശ്രദ്ധിച്ചിട്ടുണ്ടാവും. അതുപോലൊരു വ്യക്തിയായായാണ് ചാക്കോച്ചന്റെ അംബാസ് രാജീവൻ ആടിത്തിമിർക്കുന്നത്.
പാട്ടിനും ചാക്കോച്ചന്റെ നൃത്തത്തിനും പ്രശംസയുമായി സാക്ഷാൽ ഔസേപ്പച്ചൻ തന്നെ രംഗത്തുവന്നിട്ടുണ്ട്. ബിജു നാരായണന്റെ ഗാനാലാപനവും ഔസേപ്പച്ചനെ ആകർഷിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് ഔസേപ്പച്ചന്റെ വാക്കുകൾ: 'ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു. 37 വർഷം മുന്നേ ഞാൻ വയലിൻ വായിച്ചു കൊണ്ട് കണ്ടക്റ്റ് ചെയ്ത ഗാനം ഇന്നും ട്രെൻഡിങ് ആയതിൽ സന്തോഷം. അന്ന് ഓർക്കസ്ട്രയിൽ ഒപ്പം ഉണ്ടായിരുന്നവർ കീബോർഡ് എ.ആർ. റഹ്മാൻ, ഗിറ്റാർ ജോൺ ആന്റണി, ഡ്രംസ് ശിവമണി. അതേ ഓർക്കസ്ട്രയെ ഓർമപ്പെടുത്തുന്ന രീതിയിൽ ഓർക്കസ്ട്രേഷൻ പുനർ സൃഷ്ടിച്ചതിനൊപ്പം ബിജു നാരായണന്റെ ഹൃദയത്തിൽ തൊടുന്ന ആലാപനവും ഒത്തുചേർന്നപ്പോൾ ഗംഭീരമായി'.
'കാതോട് കാതോരം' സിനിമയിലെ ഗാനത്തിൽ എ.ആർ. റഹ്മാനും ശിവമണിയും ഭാഗമായിരുന്നു എന്നത് പലർക്കും പുത്തനറിവാണ്.
എസ്.ടി.കെ. ഫ്രെയിംസിൻ്റെ ബാനറിൽ നിർമ്മാതാവ് സന്തോഷ് ടി. കുരുവിള നിർമ്മാണവും, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണം നിർവ്വഹിക്കുന്ന 'ന്നാ താൻ കേസ് കൊട്' ഹാസ്യപശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്.
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ' എന്ന ജനപ്രിയ ചിത്രത്തിൻ്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഷെറിൻ റേച്ചൽ സന്തോഷ് ആണ് ചിത്രത്തിൻ്റെ മറ്റൊരു സഹ നിർമ്മാതാവ്.
കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂപ്പർ ഡീലക്സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം കൂടിയാണ് ഇത്. ബേസിൽ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ആറ് മാസത്തോളം നീണ്ടു നിന്ന പ്രീ പ്രൊഡക്ഷൻ ജോലികളാണ് ചിത്രത്തിന് വേണ്ടി അണിയറപ്രവർത്തകരും നിർമ്മാതാക്കളും നടത്തിയത്. കാസർഗോഡൻ ഗ്രാമങ്ങളുടെ പശ്ചാത്തലത്തിൽ വികസിക്കുന്ന ഈ സിനിമയ്ക്കായി വൻ മുന്നൊരുക്കങ്ങൾ നടത്തേണ്ടി വന്നിരുന്നു. നിരവധി കലാകാരൻമാരെ ഈ പ്രദേശങ്ങളിൽ നിന്ന് തന്നെ കാസ്റ്റിംഗ് കോളുകളിലൂടെ കണ്ടെത്തുകയും അവരെ പരിശീലന കളരികളിലൂടെ തിരഞ്ഞെടുക്കുകയും ചെയ്തതിന് ശേഷം സിനിമയുടെ ഒരു ചെറുരൂപം ഈ കലാകാരൻമാരെ വെച്ച് മാത്രം യഥാർത്ഥ സിനിമയുടെ ചിത്രീകരണത്തിന് മുൻപേ തന്നെ നടത്തിയിരുന്നു. അറുപത് ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിനായി കാസർഗോഡ് ജില്ലയിലെ അഞ്ച് ഗ്രാമങ്ങളിലായി പത്തോളം ലൊക്കേഷനുകൾ ഉപയോഗിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.