തിരുവനന്തപുരം: സംഗീതത്തിലൂടെയും അനിമേഷനിലൂടെയും ശക്തമായ സാമൂഹ്യപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനൊരുങ്ങുകയാണ് പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചലച്ചിത്രമേള. ജാതി, മതം, ദാരിദ്ര്യം, പ്രകൃതി, എല്‍. ജി. ബി. ടി. ക്യു തുടങ്ങിയ വിഷയങ്ങള്‍ പ്രമേയമാക്കുന്ന അനിമേഷന്‍, മ്യൂസിക് വീഡിയോ വിഭാഗങ്ങള്‍ മേളയുടെ ആകര്‍ഷണങ്ങളാവും. പാട്ടിലൂടെ തമിഴ് സാമൂഹ്യ-രാഷ്ട്രീയ പ്രശ്നങ്ങളെ ജനങ്ങളുടെ മുന്നിലവതരിപ്പിക്കാന്‍ പ്രശസ്ത സംവിധായകന് പാ രഞ്ജിത്തിന്റെ നേത്യത്വത്തില്‍ രൂപം കൊണ്ട 'കാസ്റ്റ്ലെസ്സ് കളക്ടീവ്' ബാന്റിന്റെ 'മഗിഴ്ച്ചി' മേളയുടെ മ്യൂസിക് വീഡിയോ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും.
ഈ മാസം 21 ന് ആരംഭിക്കുന്ന മേളയില്‍, ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ പ്രമേയമാക്കുന്ന നിരഞ്ജന് കുമാര്‍ കുജുവിന്റെ 'ദിബി ദുര്‍ഗ്ഗ' ഉള്‍പ്പെടെ ആറു ചിത്രങ്ങള്‍ മ്യൂസിക് വീഡിയോ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. മുംബൈയിലെ ചേരികളുടെ കഥ ആസ്പദമാക്കിയ 'ബോം ബെ', 'ഗൂഗിളിംഗ് ഗാന്ധി റൂട്ട്','ഹെര്‍ റീബെര്‍ത്ത്','മരവൈരി' എന്നിവയാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റു ചിത്രങ്ങള്‍.
അനിമേഷന്‍ വിഭാഗത്തില്‍ സ്പാനിഷ് ചിത്രങ്ങളായ 'ഡ്രൈ ഫ്ളൈ', 'പാച്ച് വര്‍ക്ക്', ചൈനീസ് ചിത്രം 'വാര് ഫോര്‍ കീബോര്‍ഡ് വാരിയേഴ്സ്' എന്നീ വിദേശ ചിത്രങ്ങളടക്കം ഒന്‍പത് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പ്രക്യതി സംരക്ഷണത്തിന് ജീവന്റെ വില കല്‍പ്പിക്കുന്ന രാജസ്ഥാനിലെ ബിഷ്ണോയി വംശത്തിന്റെ കഥ പറയുന്ന സ്വാതി അഗര്‍വാളിന്റെ 'അമ്യത', ആദ്യമായി കഥകളി കാണുന്ന ബാലന്റെ അനുഭവം അവതരിപ്പിക്കുന്ന രമ്യ രാജീവിന്റെ 'അകം' തുടങ്ങിയ ആറു ഇന്ത്യന്‍ ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. മുംബൈ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന്റെ 'പ്രിസം' വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച അവിനാഷ് മേത്തയുടെ '09:09 എഫും' ഇവയിലുള്‍പ്പെടുന്നു.
മേളയുടെ ഡെലിഗേറ്റ് പാസ്സുകള്‍ കൈരളി തീയറ്ററിലെ ഡെലിഗേറ്റ് ഹെല്‍പ്പ് ഡെസ്്കിലൂടെ നേരിട്ടും www.idsffk.in എന്ന വെബ്സൈറ്റിലൂടെയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.