• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES PADMARAJAN 29TH DEATH ANNIVERSARY TODAY

പറന്നകന്ന ഗന്ധർവൻ: പത്മരാജനില്ലാത്ത 29 വർഷങ്ങൾ

'ഞാൻ ഗന്ധർവ്വൻ' എന്ന തന്റെ ചിത്രത്തിന്റെ പ്രിവ്യൂ കാണാനായി കോഴിക്കോട്ടെത്തിയ പത്മരാജനെ 1991 ജനുവരി 24ന് രാവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

padmarajan

padmarajan

  • Share this:
    പ്രണയവും വിരഹവുമൊക്കെ അതിന്റെ ഏറ്റവും മൂർത്തമായ ഭാവത്തിൽ മലയാളികൾക്ക് സമ്മാനിച്ച എഴുത്തുകാരനും സംവിധായകനുമായ പി. പത്മരാജൻ ഓർമയായിട്ട് 29 വർഷം. സാഹിത്യവും സിനിമയും ഒരുപോലെ കൊണ്ടുപോയ പത്മരാജൻ പ്രണയത്തിന് പുതിയ ചലച്ചിത്രഭാഷ്യം ചമയ്ക്കുകയായിരുന്നു. കണ്ടുപരിചയിച്ചതിൽനിന്ന് വ്യത്യസ്തമായിരുന്നു പത്മരാജൻ ചിത്രങ്ങളിലെ പ്രണയം. 'തൂവാനത്തുമ്പികളിലെ' ജയകൃഷ്ണനെയും ക്ലാരയെയും 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളിലെ' സോളമനും സോഫിയയും അങ്ങനെ മലയാളി ഗൃഹാതുരമായി മനസിൽ ലാളിക്കുന്ന ഒരുപിടി കഥാപാത്രങ്ങളെയാണ് പത്മരാജൻ നമുക്ക് സമ്മാനിച്ചത്.

    1975ൽ പ്രയാണം എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടാണ് പത്മരാജൻ ചലച്ചിത്രലോകത്തേക്ക് ചുവടുവെച്ചത്. പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി മാറി. പിന്നീട് ഒരിടത്തൊരു ഫയൽവാൻ(1981), അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ(1986), നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ()1986, തൂവാനത്തുമ്പികൾ(1987), മൂന്നാംപക്കം(1988) എന്നിങ്ങനെ മലയാളിക്ക് ഒരിക്കലും മറക്കാനാകാത്ത ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ചു. 1991ൽ പുറത്തിറങ്ങിയ ഞാൻ ഗന്ധർവ്വൻ ആയിരുന്നു അദ്ദേഹത്തിന്‍റെ അവസാന ചിത്രം.

    16 വർഷം നീണ്ട സിനിമാജീവിതത്തിനിടെ 36 തിരക്കഥകൾ രചിച്ച പത്മരാജൻ 18 സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തു. ചുരുങ്ങിയ കാലത്തിനിടയിൽ മികച്ച തിരക്കഥയ്ക്കും സംവിധായകനുമുള്ള ദേശീയ-സംസ്ഥാന പുരസ്ക്കാരങ്ങളും ഫിലിം ക്രിട്ടിക്സ് അവാർഡുകളും അദ്ദേഹത്തെ തേടിയെത്തി.

    എട്ട് ചെറുകഥകളും ഒമ്പത് നോവലുകളും രചിച്ചിട്ടുള്ള പത്മരാജൻ എഴുത്തുകാരൻ എന്ന നിലയിലും ശ്രദ്ധേയനായി. 1972ൽ പ്രസിദ്ധീകരിച്ച നക്ഷത്രങ്ങളേ കാവൽ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്ക്കാരവും ലഭിച്ചു. ഏഴ് നോവലൈറ്റുകളും അദ്ദേഹത്തിന്‍റേതായി പുറത്തുവന്നത്. അതിൽ പ്രധാനപ്പെട്ട പെരുവഴിയമ്പലം, തകര, രതിനിർവ്വേദം എന്നിവയൊക്കെ പിന്നീട് സിനിമയായി.

    'ഞാൻ ഗന്ധർവ്വൻ' എന്ന തന്റെ ചിത്രത്തിന്റെ പ്രിവ്യൂ കാണാനായി കോഴിക്കോട്ടെത്തിയ പത്മരാജനെ 1991 ജനുവരി 24ന് രാവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 46-ാം വയസിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. ഉറക്കത്തിലുണ്ടായ ഹൃദയസ്തംഭനമായിരുന്നു മരണകാരണം. ചലച്ചിത്രലോകത്തെ വളരെയധികം ഞെട്ടിച്ച ആ വേർപാട് ഇന്നും മലയാളസിനിമയുടെ തീരാനഷ്ടമായി അവശേഷിക്കുന്നു.
    Published by:Anuraj GR
    First published:
    )}