സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും അകന്ന്, സാധാരണ ജീവിതം പോലും സ്വപ്നം കാണാൻ കഴിയാത്ത കുടുംബങ്ങളുടെ കഥയുമായി ഇറങ്ങുന്ന സിനിമകൾക്ക് കേരളത്തിൽ കുറച്ചു വർഷങ്ങളായി സ്വീകാര്യത ലഭിക്കുന്ന കാഴ്ചയുണ്ട്. ഇവർ പാർശ്വവൽക്കരിക്കപ്പെട്ടവരാണോ എന്ന് ചോദിച്ചാൽ പൂർണമായും ആണെന്ന് പറയാൻ സാഹചര്യമില്ല താനും. ആഞ്ഞുപിടിച്ചാൽ ബോക്സ് ഓഫീസ് വിജയം വിളിപ്പാടകലെയല്ല എന്ന് തെളിയിച്ച അത്തരം ചിത്രങ്ങൾക്ക് ഊർജം പകർന്നത് നെപ്പോളിയന്റെ മക്കളുടെ കഥ പറഞ്ഞിറങ്ങിയ ‘കുമ്പളങ്ങി നൈറ്റ്സ്’ മുതൽ ഇങ്ങോട്ടുള്ള കാലഘട്ടമെന്ന് പറയാം.
ഒരു മലഞ്ചെരുവിൽ കൃഷി ചെയ്ത്, കഴുത്തറ്റം കടവുമായി ജീവിക്കുന്ന വറീതിന്റെ (മനോജ് കെ.യു.) കുടുംബം. കെട്ടുപ്രായമെത്തി നിൽക്കുന്ന മകൾ മേഴ്‌സി (രജിഷാ വിജയൻ) അപ്പനായ വറീതിനും അമ്മ മരിയക്കും മുന്നിൽ ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു. പോരെങ്കിൽ കടക്കാരുടെ മുനവച്ച സംസാരം കേട്ടുവേണം മേഴ്‌സിക്ക് ഓരോ ദിവസവും തള്ളിനീക്കാൻ. ഇവർക്കിടയിലേക്ക് ഒരു അപരിചിതൻ ബുള്ളറ്റിൽ വന്നിറങ്ങുന്നതും, ഈ മൂന്നംഗ കുടുംബത്തിന്റെ അതുവരെയുള്ള ജീവിതം മാറിമറിയുന്ന കാഴ്ചയാണ് ‘പകലും പാതിരാവും’.
നായകനും നായികയുമായ കുഞ്ചാക്കോ ബോബന്റെയും രജിഷാ വിജയന്റെയും പുതുവർഷത്തെ ആദ്യ ചിത്രമെന്ന നിലയിൽ സിനിമയെ ഒരു ഭാഗത്തു നിന്നും വിലയിരുത്താമെങ്കിൽ, നായക സ്ഥാനത്ത് മമ്മൂട്ടി ഇല്ലാത്ത ആദ്യ അജയ് വാസുദേവ് ചിത്രം എന്ന രീതിയിൽ ചിത്രത്തെ മറ്റൊരു കോണിൽ നിന്നും വീക്ഷിക്കാം.
വളരെ മികച്ച കാഴ്ചാനുഭവം പകരുന്ന ക്യാമറാ വർക്ക് സിനിമയിൽ തുടക്കം മുതലേ ശ്രദ്ധിക്കപ്പെടുന്ന ഘടകമായുണ്ട്. ഫയസ് സിദ്ദിഖ് ആണ് ഛായാഗ്രാഹകൻ. വൈഡ് ഫ്രയിമുകൾക്ക് യോജിച്ച ഭൂപ്രകൃതിയുടെ മനോഹാരിത ഓരോ ഷോട്ടുകളിലും അദ്ദേഹം അപ്പാടെ ഒപ്പിയെടുത്തിട്ടുണ്ട്. വൈകാരികതക്ക് ഏറെ പ്രാധാന്യം അർഹിക്കുന്ന സിനിമയിൽ ഓരോ കഥാപാത്രത്തെയും മികച്ച വിശകലനത്തിന് പാത്രമാക്കാൻ സാധിക്കുന്ന നിലയിലാണ് ക്യാമറയുടെ ചലനം.
മലയോരത്തെ മാവോയിസ്റ് സാന്നിധ്യത്തെക്കുറിച്ചുള്ള കഥയെന്ന നിലയിൽ തുടങ്ങി, പോകെപ്പോകെ ട്രാക്ക് മാറ്റി ഒരു ഫാമിലി ക്രൈം ഡ്രാമയായി അവസാനിക്കുന്നു ഈ ചിത്രം. ക്ളൈമാക്സിൽ മാത്രം ഐഡന്റിറ്റി ലഭിക്കുന്ന കുഞ്ചാക്കോ ബോബൻ കഥാപാത്രം നിഗൂഢത നിലനിർത്തി സിനിമയിലുടനീളം നിറയുന്നു. ഇയാൾ നായകനാണോ വില്ലനാണോ എന്ന ചിന്തയിലാകും സിനിമയുടെ നല്ലൊരു ഭാഗവും പ്രേക്ഷകർ കൂടെക്കൂടുക. ഏറ്റവും കൂടുതൽ സസ്പെൻസ് ഒളിപ്പിച്ച ഈ വേഷം അവസാന നിമിഷം വരെ കാഴ്ചക്കാരെ പിടിച്ചിരുത്തും.
പൊടുന്നനെ പ്രതികരിക്കുന്ന തരം സ്ത്രീ കഥാപാത്രങ്ങൾ കയ്യിൽക്കിട്ടിയാൽ മികച്ച രീതിയിൽ അഭിനയിച്ച് ഫലിപ്പിക്കുന്ന രജിഷാ വിജയന്റെ നെഗറ്റീവ് റോളായ മേഴ്‌സി ഈ സിനിമയിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന കഥാപാത്രമാണ്. മേഴ്‌സിയുടെ കയ്യിലാണ് തിരക്കഥയ്ക്കുള്ളിലേക്കുള്ള താക്കോൽ.
മനഃശാസ്ത്ര വിശകലനത്തിന് വിധേയമാക്കാവുന്ന കഥാപാത്രമാണ് മേഴ്‌സി. നിസഹായത, അപകർഷതാ ബോധം, ജീവിത പരാജയം, സ്വപ്‌നങ്ങൾ, വിഹ്വലതകൾ എന്നിങ്ങനെ ജീവിതത്തിന്റെ നല്ല നാളുകളിൽ, സമപ്രായക്കാരെപ്പോലെ ജീവിക്കാൻ സാധിക്കാത്ത, എന്തിനും ഏതിനും പൊട്ടിത്തെറിക്കുന്ന, പുറമേയ്ക്ക് നോർമൽ എന്ന് തോന്നിക്കുന്ന, തകർന്നടിഞ്ഞ മനസുമായി ജീവിക്കുന്ന വ്യക്തിയാണ് മേഴ്‌സി. അതുകൊണ്ട് തന്നെ സ്വന്തം ജീവിതം മാത്രം പ്രധാനമായി കാണുന്ന അവളുടെ മനസിന്റെ ചട്ടക്കൂടുകൾ മാതാപിതാക്കൾക്ക് പോലും പഠിക്കാൻ സാധിക്കാതെ വരുന്നു. ആ മാനസികാവസ്ഥയിലാണ് ചിത്രം മാറിമറിയുന്നതും.
വന്നുപോകുന്ന ഓരോ കഥാപാത്രത്തിനും പെർഫോമൻസ് കാഴ്‌ചവയ്‌ക്കാൻ പാകത്തിലാണ് നിഷാദ് കോയയുടെ സ്ക്രിപ്റ്റ്. ‘തിങ്കളാഴ്ച നിശ്ചയം’ സിനിമയിലെ അച്ഛന്റെ വേഷം ചെയ്ത മനോജ് കെ.യുവിന് ശ്രദ്ധേയപ്രകടനം പുറത്തെടുക്കാൻ വറീത് ഏറെ അവസരം നൽകിയിട്ടുണ്ട്. മറിയ എന്ന നിസ്സഹായയായ അമ്മയുടെ വേഷത്തിൽ സീത ശ്രദ്ധിക്കപ്പെടുന്നു. ജാനകീ രാമൻ എന്ന പൊലീസുകാരനായി മിന്നൽ മുരളിയിലൂടെ പ്രേക്ഷക പ്രീതി നേടിയ ഗുരു സോമസുന്ദരം തനിക്ക് ലഭിച്ച ഏറ്റവും ചെറിയ സ്ക്രീൻ സ്‌പെയ്‌സിനെ ഉപയോഗപ്പെടുത്തി.
ഫാമിലി ക്രൈം ത്രില്ലർ ഇഷ്‌ടപ്പെടുന്ന പ്രേക്ഷകർക്ക് നിരാശയില്ലാതെ കണ്ടിരിക്കാവുന്ന, സസ്‌പെൻസും, ത്രില്ലും, നല്ലൊരു കഥയും ചേർന്ന സിനിമയാണ് ‘പകലും പാതിരാവും.’
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.