HOME /NEWS /Film / Pathonpatham Noottandu | മലയാള സിനിമക്കും 'മെറ്റാവേഴ്സ്' ചുവടുവയ്പ്പ്; 'പത്തൊമ്പതാം നൂറ്റാണ്ട്' ട്രെയ്‌ലർ മെറ്റാവേഴ്‌സിൽ

Pathonpatham Noottandu | മലയാള സിനിമക്കും 'മെറ്റാവേഴ്സ്' ചുവടുവയ്പ്പ്; 'പത്തൊമ്പതാം നൂറ്റാണ്ട്' ട്രെയ്‌ലർ മെറ്റാവേഴ്‌സിൽ

പത്തൊൻപതാം നൂറ്റാണ്ട്

പത്തൊൻപതാം നൂറ്റാണ്ട്

Pathonpatham Noottandu trailer launched in Metaverse | മെറ്റാവേഴ്‌സ് എന്ന നവീന ആശയത്തെ സിനിമയുമായി ചേർത്ത് നിർത്തിയതിൽ ഏറെ അഭിമാനമുണ്ടെന്ന് സംവിധായകൻ വിനയൻ

  • Share this:

    ഇന്ത്യൻ സിനിമാ ചരിത്രത്തിൽ മലയാള സിനിമക്ക് അഭിമാനമായി പത്തൊമ്പതാം നൂറ്റാണ്ടിന്റെ (Pathonpatham Noottandu) ട്രെയ്‌ലർ മെറ്റാവേഴ്‌സിൽ പുറത്തിറക്കി. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ വിനയൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സിനിമ നിർമ്മിച്ചിരിക്കുന്നത് ഗോകുലം ഗോപാലനാണ്. ചരിത്രകഥ പറയുന്ന സിനിമയുടെ കഥാ പരിസരവുമായി ബന്ധപ്പെടുത്തിയാണ് മെറ്റാവേഴ്‌സിൽ ട്രെയ്‌ലർ ലോഞ്ചിനുള്ള 3D ഇടം ഒരുക്കിയത്.

    ഒരു രാജകൊട്ടാരത്തിനകത്ത് സംഘടിപ്പിച്ച ചടങ്ങിൽ സംവിധായകൻ വിനയനും ഗോകുലം ഗോപാലനും സിനിമയേക്കുറിച്ച് സംസാരിച്ചുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് കൊട്ടാരത്തിന്റെ ദർബാർ വലിയ സ്‌ക്രീനുള്ള സിനിമാ തിയേറ്ററായി മാറി. ഈ സ്‌ക്രീനിൽ ട്രെയ്‌ലർ പ്രദർശിപ്പിക്കുകയും ചെയ്തു. മെറ്റാവേഴ്‌സ് ലോഞ്ചിന്റെ ഭാഗമായി കൊച്ചിയിൽ നടന്ന ചടങ്ങിൽ സംവിധായകൻ വിനയൻ, ചിത്രത്തിലെ നായകൻ സിജു വിൽസൺ, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി, ക്യാമാറാമാൻ ഷാജികുമാർ, നടൻ വിഷ്ണു വിനയൻ എന്നിവർ പങ്കെടുത്തു.

    മെറ്റാവേഴ്‌സ് എന്ന നവീന ആശയത്തെ സിനിമയുമായി ചേർത്ത് നിർത്തിയതിൽ ഏറെ അഭിമാനമുണ്ടെന്ന് സംവിധായകൻ വിനയൻ പറഞ്ഞു. സിനിമ എന്ന കല സാങ്കേതിക രംഗവുമായി ചേർന്നു നിൽക്കുന്നതാണ്. അതിനാൽത്തന്നെ പുത്തൻ സാങ്കേതിക വിദ്യയെ ആദ്യമേ ഉൾക്കൊള്ളൻ നമ്മൾ തീരുമാനിക്കുന്നു. മെറ്റാവേഴ്‌സ് നാളെയുടെ സിനിമ പ്രദർശന ശാലയായി മാറാൻ അധികം നാൾ വേണ്ടിവരില്ലെന്നും വിനയൻ കൂട്ടിച്ചേർത്തു.

    നിലവിലുള്ള യഥാർത്ഥ ലോകത്തെ വെർച്ച്വൽ ലോകത്ത് പുനഃരാവിഷ്‌കരിക്കുന്ന ഇടമാണ് മെറ്റാവേഴ്‌സ്. അവിടെ എല്ലാം ത്രീഡി പതിപ്പുകളായി പുനഃരവതരിക്കും. മനുഷ്യരുടെ ത്രീഡി മാതൃകകളും അവിടെയുണ്ടാകും. അവതാറുകൾ എന്ന പേരിലാണ് അവർ അറിയപ്പെടുക. ഓരോരുത്തർക്കും സ്വന്തം അവതാറുകളെ ഇഷ്ടമുള്ള രീതിയിൽ അവിടെ ഉണ്ടാക്കാനാകും. ത്രിഡി, വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ സങ്കേതങ്ങൾ ഒന്നിക്കുന്ന സമ്മിശ്ര ലോകമാണ് മെറ്റാവഴ്സ്. കൊച്ചി കളമശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന എക്‌സ്.ആർ. ഹൊറൈസൺ എന്ന കമ്പനിയാണ് പത്തൊമ്പതാം നൂറ്റാണ്ടിനായി മെറ്റാ ആപ്ലിക്കേഷൻ വികസിപ്പിച്ചത്. സിനിമാ മാർക്കറ്റിംഗ് കമ്പനിയായ കണ്ടന്റ് ഫാക്ടറിയാണ് ചടങ്ങുകൾ ആവിഷ്‌കരിച്ചത്.

    വ്യത്യസ്ത ഉപകരണങ്ങളിലൂടെ ആളുകൾക്ക് ഈ വെർച്വൽ ലോകത്ത് പ്രവേശിക്കാനാവും. ഫേസ്ബുക്ക് കമ്പനി പുറത്തിറക്കിയിട്ടുള്ള മെറ്റാ ക്വസ്റ്റ് എന്ന ഉപകരണമാണ് ഇതിൽ പ്രധാനം. നാൽപ്പത്തയ്യായിരം രൂപയോളമാണ് ഇപ്പോൾ അതിന്റെ വില. സമീപ ഭാവിയിൽ തന്നെ ഇതിന്റെ വില കുറയുമെന്നാണ് കരുതപ്പെടുന്നത്. ഈ സാങ്കേതിക വിദ്യയിലൂടെ സാധാരണക്കാർക്ക് ട്രെയിലർ ആസ്വദിക്കാൻ പ്രത്യേക സൗകര്യമൊരുക്കുമെന്ന് സിനിമയുടെ പിന്നണി പ്രവർത്തകർ അറിയിച്ചു. ഇതിനായി കേരളത്തിലെ പ്രധാന നഗരങ്ങളിലെ മാളുകളിൽ മെറ്റാ എക്‌സ്പീരിയൻസ് സെന്ററുകൾ തുറക്കാനാണ് ഗോകുലം ഗ്രൂപ്പ് ആലോചിക്കുന്നത്. ഇതിലൂടെ സൗജന്യമായി ട്രെയ്‌ലർ കാണാൻ സാധിക്കും.

    പാൻ ഇന്ത്യൻ മെഗാ ബജറ്റ് ചിത്രമായി കരുതപ്പെടുന്ന പത്തൊമ്പതാം നൂറ്റാണ്ട് സാമൂഹിക പരിഷ്‌കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥയാണ് പറയുന്നത്. തിരുവോണ ദിനമായ സെപ്തംബർ 8ന് ചിത്രം റിലീസ് ചെയ്യും.

    കയാദു ലോഹർ ആണ് നായിക. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, ടിനിടോം , ഇന്ദ്രൻസ്, വിഷ്ണു വിനയൻ, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്.

    First published:

    Tags: Pathonpatham Noottandu, Siju Wilson, Vinayan, Vinayan director