മോദി ജീവിത ചിത്രം 'പി.എം. നരേന്ദ്ര മോദി' തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം തിയേറ്ററിലെത്തും. മെയ് 24 ആണ് പുതിയ റിലീസ് തിയതി. "ഉത്തരവാദിത്വമുള്ള പൗരൻ എന്ന നിലയിൽ ഞങ്ങൾ രാജ്യത്തെ നിയമത്തെ മാനിക്കുന്നു. ഒരുപാട് ചർച്ചകൾക്കൊടുവിൽ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ചിത്രം തിയേറ്ററിലെത്തിക്കാൻ തീരുമാനിച്ചു. മെയ് 24 ആണ് പുതിയ തിയതി. പോളിങ് മെയ് 19ന് അവസാനിക്കുന്നതിനാൽ ഞങ്ങൾക്ക് പ്രചാരണത്തിനായി കേവലം നാല് ദിവസങ്ങളെ ലഭിക്കുള്ളൂ. ഇനി ആർക്കും ഒരു പ്രശ്നവും ഇല്ലെന്ന് ഞാൻ കരുതുന്നു," ചിത്രത്തിൻറെ നിർമ്മാതാക്കളിൽ ഒരാളായ സന്ദീപ് സിംഗ് പറഞ്ഞു.
ഏപ്രിൽ 11ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം തെരഞ്ഞെടുപ്പ് സംബന്ധിച്ച് റിലീസിനായി കേവലം ഒരു രാത്രി ബാക്കി നിൽക്കെ തടയുകയായിരുന്നു. വിവേക് ഒബ്‌റോയിയാണ് നരേന്ദ്ര മോദിയായി വേഷമിടുക. ബൊമൻ ഇറാനി, മനോജ് ജോഷി, പ്രശാന്ത് നാരായണൻ, സറീന വഹാബ്, ബർഖ സെൻ ഗുപ്ത, അഞ്ജന ശ്രീവാസ്തവ്, യതിൻ കാരയേക്കർ, രമാകാന്ത് ദെയ്‌മ, അക്ഷത് ആർ. സലൂജ, ജമേഷ് പട്ടേൽ, ദർശൻ കുമാർ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കും.
മേരികോം, സരബ്ജിത്ത് എന്നീ ബയോപിക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഒമങ് കുമാർ സംവിധാനം ചെയ്യുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.