ആളൂർ എൽസി എന്ന് പറഞ്ഞാൽ എത്രപേർക്കറിയാം? എന്നാൽ ഒറ്റ ഡയലോഗ് മതി ഈ മുഖം വർഷങ്ങൾ പിന്നോട്ടുരുണ്ട് ഓർമ്മകളിൽ നിന്നും പുറത്തേക്കു ചാടാൻ. അഭിനയത്തിൽ നിറസാന്നിധ്യം ആവാനൊന്നും കഴിഞ്ഞില്ലെങ്കിലും, 'ചേട്ടൻ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ' എന്ന പട്ടണപ്രവേശത്തിലെ ഡയലോഗ് മാത്രം മതി നമുക്കവരെ ഓർത്തെടുക്കാൻ. അതെ, ട്രോളുകളിലെ നിറ സാന്നിധ്യം. ചിത്രത്തിൽ കാണുന്നതാണ് ഇന്നത്തെ ആളൂർ എൽസി. തീർത്തും അപ്രതീക്ഷിതമായി നീരജ് മാധവിന്റെ പുതിയ ചിത്രം 'ക'യുടെ തിരുവനന്തപുരത്തെ ലൊക്കേഷനിൽ കടന്നു വരികയായിരുന്നു എൽസി. ആ കൂടിക്കാഴ്ച നീരജ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ വിവരിക്കുന്നു.
#പട്ടണപ്രവേശം എന്ന ചിത്രത്തിലെ വീട്ടു വേലക്കാരി ചേച്ചിയെ എല്ലാവർക്കും ഓർമ കാണുമല്ലോ അല്ലേ...??? ‘ചേട്ടൻ ആരെയെങ്കിലും ലൗ ചെയ്തിട്ടുണ്ടോ’യെന്നുള്ള ആ ചോദ്യം വർഷങ്ങൾക്കിപ്പുറവും ഹിറ്റാണ്. പക്ഷേ ആ വേഷം ചെയ്ത നടിയാരാണെന്ന് ശരാശരി മലയാളികളെപ്പോലെ ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. വളരെ അപ്രതീക്ഷിതമെന്ന് പറയട്ടെ എന്റെ പുതിയ ചിത്രമായ ‘ക’ യുടെ ഷൂട്ടിംഗ് തിരുവനന്തപുരം ചെങ്കൽച്ചൂളയിൽ പുരോഗമിക്കുന്നതിനിടെ ആ നടി ഞങ്ങളുടെ സെറ്റിലെത്തി. ആളൂർ എൽസി. ട്രോളന്മാർ മുഴുവൻ ആഘോഷിച്ചു കൊണ്ടിരിക്കുന്ന മുഖം പക്ഷേ ഞങ്ങളുടെ സിനിമയിലെന്തെങ്കിലും അവസരം കിട്ടുമോയെന്ന് അന്വേഷിച്ചാണെത്തിയത്. കോസ്റ്റ്റ്യൂം അസോസിയേറ്റ് സതീഷിനോടും അസിസ്റ്റന്റ് ഡയറക്ടർ ഫ്ലെവിനോടും സംസാരിച്ച് മടങ്ങുകയും ചെയ്തു. ഇതറിഞ്ഞ ഞങ്ങളുടെ സംവിധായകൻ രജീഷ് ലാലും പ്രൊഡ്യൂസർ ശ്രീജിത്തും ചേർന്നു റൈറ്റേഴ്സായ രാജീവിനോടും വിഷ്ണുവിനോടും പറഞ്ഞു എൽസി ചേച്ചിയ്ക്ക് പറ്റിയൊരു വേഷം എഴുതിയൊണ്ടാക്കി. ഇന്നു ചേച്ചി വീണ്ടും സെറ്റിൽ വന്നിരുന്നു. ഞങ്ങളൊടൊപ്പം കുറെ നേരം സംസാരിച്ചു. ഇരിങ്ങാലക്കുടക്കാരിയായ ചേച്ചി 28 വർഷം മുൻപ് സിനിമയിൽ അഭിനയിക്കാൻ തിരുവനന്തപുരത്തെത്തിയതാണ്. അന്നു മുതൽ ഇവിടെ അരിസ്റ്റോ ജംക്ഷനിലെ ശ്രീദേവി ടൂറിസ്റ്റ് ഹോമിലെ സ്ഥിര താമസക്കാരിയാണ്. പുറപ്പാട്, ഞാൻ ഗന്ധർവ്വൻ, നീലഗിരി, പൊന്മുട്ട ഇടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്നീ സിനിമകളിൽ അഭിനയിച്ചു. പക്ഷെ കൂടുതൽ അവസരങ്ങൾ തേടിയെത്തിയില്ല. ഇന്നു ‘ക’യിൽ ഒരു വേഷം നൽകാമെന്ന് നേരിട്ട് പറയുമ്പോൾ ആ കണ്ണുകളില്‍ നിറഞ്ഞ സന്തോഷം ഞാൻ കണ്ടു.എൽസി ചേച്ചിയെ ‘ക’ എന്ന ചിത്രത്തിലേക്ക് ഒത്തിരി ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.
ഇനി എന്തായാലും കാത്തിരിക്കാം, എൽസിയുടെ വർഷങ്ങൾ കഴിഞ്ഞുള്ള ആ മടങ്ങി വരവിനായി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.