മലയാള സിനിമയിൽ 5.11 അടി ഉയരമുള്ള നായിക. ഇന്ത്യയുടെ നെറ്റ്ബോൾ കോർട്ടിൽ നിന്നുമാണ് പ്രാചി ടെഹ്‌ലാൻ എന്ന ഉത്തരേന്ത്യക്കാരി മലയാള സിനിമയിലേക്ക് ചുവട് വച്ചത്. 2010ൽ രാജ്യത്തെ കോമൺവെല്ത് ഗെയിംസിൽ പ്രതിനിധീകരിച്ച ടീമിന്റെ ക്യാപ്റ്റൻ പ്രാചിയാണ്. തൊട്ടടുത്ത വർഷം സൗത്ത് ഏഷ്യൻ ബീച്ച് ഗെയിംസിൽ ഇടക്കു സ്വർണ്ണമെഡലും നേടിത്തന്നു. അതുകൊണ്ടു തന്നെ ഈ ഡൽഹി സ്വദേശിനിയുടെ ആദ്യ മലയാള ചിത്രത്തിനും പകിട്ടൊട്ടും കുറവില്ല. മമ്മൂട്ടി നായകനാവുന്ന ചിത്രത്തിൽ തന്നെയായി മലയാള സിനിമയിലെ പ്രാചിയുടെ ആദ്യാക്ഷരങ്ങൾ.
ഏകദേശം രണ്ടു വർഷത്തോളമായുള്ള പ്രാചിയുടെ യാത്രയാണ് മാമാങ്കം തിയേറ്ററിലെത്തിയതോടെ പരിസമാപ്തിയിലെത്തിയത്. ന്യൂസ് 18 മലയാളത്തോട് പ്രാചി ആദ്യ മലയാള ചിത്രത്തെയും പ്രിയ മമ്മുക്കയെയും പറ്റി വാചാലയാവുന്നു:
പ്രഗത്ഭ കായികതാരത്തിനുള്ള പ്രത്യേക ക്ഷണമൊന്നുമല്ല പ്രാചിക്ക് മലയാള സിനിമ. "2018 ജനുവരിയിലായിരുന്നു ചിത്രത്തിനായുള്ള ഓഡിഷൻ. അതിൽ ഞാൻ പങ്കെടുക്കുകയാണുണ്ടായത്. ശേഷം ഉണ്ണിമായ എന്ന കഥാപാത്രത്തിന് വേണ്ടി എന്നെ തിരഞ്ഞെടുത്തു. ഏകദേശം രണ്ടു വർഷത്തോളമായി ഈ സിനിമക്കൊപ്പമുള്ള യാത്രയിലാണ്."
![]()
എം.ബി.എ. ബിരുദധാരിയാണ് പ്രാചി. മൾട്ടി നാഷണൽ കമ്പനികളിലെ പ്രവർത്തിപരിചയവും പ്രാചിക്ക് മുതൽക്കൂട്ടായുണ്ട്. ഒക്കെയും മാറ്റി നിർത്തി അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രാചി ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നത്.
"ഞാൻ ഒരിക്കലും അഭിനേത്രിയാവുമെന്ന് പ്രതീക്ഷിച്ചതല്ല. പക്ഷെ കിട്ടുന്ന അവസരങ്ങൾ ഒക്കെയും വിനിയോഗിക്കാറുണ്ട്. സമയത്തെ മികച്ച രീതിയിൽ കൈകാര്യം ചെയ്യും. ഭാവിയിൽ ഇനിയെന്ത് എന്ന് ചിന്തിച്ചല്ല ഒക്കെയും ചെയ്യുന്നത്. ആത്മസമർപ്പണമുണ്ടെങ്കിൽ ആർക്കും, എന്തും സാധിക്കും"
അഭിനയം കൂടാതെ എൻ.ജി.ഒ.കളുമായി ചേർന്നുള്ള പ്രവർത്തനവും പ്രാചിക്കുണ്ട്. ജമ്മു, കശ്മീർ മേഖലകളിലെ യുവാക്കൾക്കായുള്ള തൊഴിലധിഷ്‌ഠിത പരിപാടിയിൽ പ്രാചി പ്രവർത്തിച്ചു പോരുന്നു.
മലയാള സിനിമയിൽ 5.11 അടി ഉയരമുള്ള നായിക. പതിവില്ലാത്ത കാര്യമാണ്. "ഉയരം ആരുടേയും നിയന്ത്രണത്തിലല്ലല്ലോ. അതൊരു കണക്കിന് ഗുണം ചെയ്യും. പലരും എന്റെ ഉയരം കാണുമ്പോൾ തന്നെ 'ഇവൾ നമ്മളിൽ ആധിപത്യ സ്ഥാപിക്കുന്ന വ്യക്തി'യെന്ന് കരുതി പേടിച്ചു പോകാറുണ്ട്! പക്ഷെ ഈ അളവുകോലുകൾ ഒക്കെയും മനുഷ്യ സൃഷ്‌ടി അല്ലെ? എന്റെ ടീമിൽ എന്നേക്കാൾ ഉയരമുള്ള മൂന്നു പേർ കൂടിയുണ്ടായിരുന്നു. ഒന്നാലോചിച്ചു നോക്കൂ, അങ്ങനെയെങ്കിൽ ഈ രാജ്യത്ത് ഉയരമുള്ള പെൺകുട്ടികൾ എത്രമാത്രം ഉണ്ടാവുമെന്ന്."
മാമാങ്കത്തിൽ ആട്ടഗൃഹത്തിലെ അധികാരസ്ഥാനമുള്ള നർത്തകിയായ ഉണ്ണിമായയാവാൻ പ്രാചി തെരഞ്ഞെടുക്കപ്പെട്ടതും ഇക്കാരണങ്ങളിൽ ഏതെങ്കിലും കൊണ്ടുമാവാം.
![]()
ആയോധന കലകൾക്ക് പ്രാധാന്യമുള്ള ചിത്രത്തിൽ പ്രാചിയും അൽപ്പം പയറ്റൊക്കെ പഠിക്കേണ്ടി വന്നു. "എനിക്ക് ആയോധന കലകളിൽ പരിചയമില്ലായിരുന്നു. മറ്റുള്ളവർക്ക് കളരിപ്പയറ്റായിരുന്നു, എനിക്ക് വാൾപ്പയറ്റും. ഉണ്ണിമായ പ്രാധാന്യം അർഹിക്കുന്ന കഥാപാത്രമായിരുന്നു."
എന്തായാലും മമ്മൂട്ടി ചിത്രത്തിൽ വേഷമിടുമ്പോൾ മമ്മൂട്ടി എന്ന താരത്തിന്റെ അഭിനയ മുഹൂർത്തങ്ങൾ കണ്ട് മനസ്സിലാക്കാൻ പ്രാചി മറന്നില്ല. "ഞാൻ ബോളിവുഡ് ചിത്രങ്ങൾ കണ്ടാണ് വളർന്നത്. പിന്നെ ഓൺലൈൻ സ്ട്രീമിങ് സൈറ്റുകളിൽ നിന്നും മമ്മുക്കയുടെ ഒരു വടക്കൻ വീരഗാഥ, പഴശ്ശിരാജ, മധുരരാജ, വൈ.എസ്.ആർ. തുടങ്ങിയ ചിത്രങ്ങൾ കണ്ടു."
ശേഷം സെറ്റിൽ മമ്മുക്കക്കൊപ്പം. "അദ്ദേഹം വളരെ നന്നായി പെരുമാറുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത വ്യക്തിയാണ്. സിനിമയെ പറ്റിയും എന്റർടൈൻമെന്റിനെ പറ്റിയും സംസാരിക്കും. വളരെ ബൗദ്ധികമായ സംഭാഷങ്ങൾ അദ്ദേഹവുമായി നടന്നു. ഞാൻ അദ്ദേഹത്തിന്റെ ഒരു ഫാനായി മാറി. ഒത്തിരി ബഹുമാനവും തോന്നി. സ്പോർട്സിനെ ബഹുമാനിക്കുന്ന വ്യക്തിയാണദ്ദേഹം. കൂടുതൽ അടുക്കുമ്പോൾ വളരെ നല്ല രീതിയിൽ ഒരാളെ പരിപാലിക്കുന്ന വ്യക്തി കൂടിയാണദ്ദേഹം എന്ന് മനസ്സിലാവും. ഭക്ഷണം കഴിച്ചോ എന്ന് കുശലാന്വേഷണമൊക്കെ നടത്തും. വീട്ടിലുണ്ടാക്കിയ ഭക്ഷണം എനിക്ക് കൊണ്ട് വന്ന് തന്നിട്ടുണ്ട്."
Also read: Mamangam review: അങ്കക്കലിയുടെയും, അടിതടവുകളുടെയും ചരിത്രം ചിത്രമാവുമ്പോൾകണ്ടു പരിചയിച്ച മറ്റൊരു ഇന്ത്യൻ ചലച്ചിത്ര നായകനുമായി ഒത്തു നോക്കുമ്പോൾ മമ്മൂട്ടി ആർക്കൊപ്പമാവും കൂടുതൽ ചേരുക? "അദ്ദേഹത്തെ വിലയിരുത്താൻ ഞാൻ ആരുമല്ല. അങ്ങനെ ആരെയും പരസ്പരം താരതമ്യം ചെയ്യേണ്ട ആവശ്യം തന്നെയില്ല. എല്ലാവരും വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്നും, വ്യത്യസ്ത വഴികളിലൂടെ, തങ്ങളുടേതായ രീതികളിൽ ഒരിടത്തെത്തിയവരാണ്. അതുകൊണ്ട് തന്നെ രണ്ട് അഭിനേതാക്കൾ തമ്മിലുള്ള താരതമ്യം വേണ്ട."
നീണ്ട നാളത്തെ കാത്തിരിപ്പവസാനിച്ചിരിക്കുന്നു, അല്ലേ? "ഇത്രയും കാത്തിരിപ്പും സംഭവവികാസങ്ങൾ ഒക്കെയും സിനിമയുടെ മികച്ച പൂർത്തീകരണത്തിലെത്തിച്ചു എന്നതിൽ സന്തോഷമുണ്ട്. കൂടാതെ ചിത്രം നാല് ഭാഷകളിലെ പ്രേക്ഷകരിൽ എത്തുന്നു. അതൊരു വലിയ കാര്യമായി ഞാൻ കാണുന്നു."
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.