അച്ഛൻ പൃഥ്വിരാജ് തിരക്കിലാണ്. പക്ഷെ അല്ലി ഉണ്ടോ ഗൗനിക്കുന്നു. അച്ഛന്റെ മടിയിൽ കേറിയിരുന്നു നിർബന്ധിച്ചു, 'ഞാൻ പറയുന്നതൊന്ന് കേൾക്കൂ'. ഇതാ വരുന്നു അച്ഛന്റെ മറുപടി മൈക്ക് വഴി, 'ആക്ഷൻ'! ആ സുന്ദര നിമിഷം ചിത്രമാക്കി പോസ്റ്റ് ചെയ്യുന്നത് അമ്മ സുപ്രിയ. ചിത്രത്തിന് താഴെ വന്ന കമന്റ് അതിലും രസം. ചിത്രം കണ്ട ആരാധക കൂട്ടത്തിന് ഒരാഗ്രഹം, 'ചേച്ചി ടൈം കിട്ടുമ്പോ ഇടയ്ക്കു റിപ്ലൈ തരുമോ? പ്ളീസ് ചേച്ചി'. മറുപടിയുടെ താഴെ ഒരാൾ ചോദിക്കയാണ്, 'ഞാൻ തന്നാ മതിയോ?' അത് മറ്റാരുമല്ല, ദി റിയൽ പൃഥ്വി അഥവാ, പൃഥ്വിരാജ്!
![]()
പലപ്പോഴും പൃഥ്വിരാജിന്റെ തിരക്കുകൾക്കിടയിൽപ്പെടാറുണ്ട് അല്ലി എന്ന അലംകൃത. മുതിർന്നവരുടെ ലോകമല്ലല്ലോ കുഞ്ഞിന്റേത്. ഇത്തവണയാകട്ടെ, അത് അച്ഛൻ സംവിധായകന്റെ വേഷത്തിലെത്തുന്ന ചിത്രത്തിനിടെ ആണെന്ന് മാത്രം. ഇതിനു മുൻപും ലൂസിഫറിന്റെ സെറ്റിലെത്തി അല്ലി തന്റെ ആവശ്യം മുന്നോട്ടു വച്ചിരുന്നു. അച്ഛന്റെ കാലിൽ തൂങ്ങി വീട്ടിൽ പോകാൻ ആവശ്യപ്പെട്ട അലിയുടെ ശാഠ്യം ആരാധകർ അറിഞ്ഞത്, അച്ഛന്റെ ജന്മദിന കേക്കിലൂടെ ആയിരുന്നു. സുപ്രിയ നൽകിയ സർപ്രൈസ് കേക്കിന്റെ ടോപ്പിംഗ് അല്ലിയും അച്ഛനും അമ്മയുമായിരുന്നു.
എന്തായാലും അല്ലി മോൾടെ അച്ഛന്റെ തിരക്കൊഴിയാൻ അടുത്തെങ്ങും സാധ്യതയില്ല. ലൂസിഫറിന് തൊട്ടു പിന്നാലെ, ആട് ജീവിതം, കാളിയൻ, ഡ്രൈവിംഗ് ലൈസൻസ്, ബ്രതെഴ്സ് ഡേ, അയ്യപ്പൻ തുടങ്ങിയ ചിത്രങ്ങൾ ഒന്നിന് പിറകെ ഒന്നായി പൃഥ്വിയെ കാത്തു നിൽപ്പുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.