• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പൃഥ്വിരാജ് ഇനി സംവിധായകൻ; ലൂസിഫർ 16ന്

News18 Malayalam
Updated: July 8, 2018, 4:45 PM IST
പൃഥ്വിരാജ് ഇനി സംവിധായകൻ; ലൂസിഫർ 16ന്
News18 Malayalam
Updated: July 8, 2018, 4:45 PM IST
തിരുവനന്തപുരം: മലയാള സിനിമയിൽ ഏറെ തിരക്കുള്ള യുവതാരം പൃഥ്വിരാജ് സംവിധായകനാകുന്നു എന്ന വാർത്ത തെല്ലൊരു അത്ഭുതത്തോടെയാണ് സിനിമാപ്രേമികൾ കേട്ടത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന സിനിമയ്ക്ക് ലൂസിഫർ എന്നാണ് പേരിട്ടത്. ലൂസിഫറിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം മോഹൻലാലും പൃഥ്വിരാജും കൂടി പുറത്തുവിട്ടു. ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ലൂസിഫർ ചിത്രീകരണം തുടങ്ങുന്നു. ഈ മാസം 16ന് ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാൻ, കുട്ടിക്കാനം എന്നിവിടങ്ങളിലായാണ് ചിത്രത്തിന്‍റെ ഷൂട്ടിങിന് തുടക്കമാകുന്നത്. തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളിലും ലൂസിഫർ ചിത്രീകരിക്കും.

ലൂസിഫറിന്‍റെ ഇതിവൃത്തം പകയും പ്രതികാരവും

ചിത്രത്തിന്‍റെ പ്രമേയം, അണിയറപ്രവർത്തകർ എന്നിവ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ബ്ലഡ്, ബ്രദർഹുഡ്, ബിട്രേയൽ എന്ന ടാഗ് ലൈനോട് കൂടി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചില സൂചനകൾ നൽകുന്നു. മോഹൻലാലിന്‍റെ മുഖം കാണിക്കാതെ പുറത്തിറക്കിയ പോസ്റ്ററിലെ ടാഗ് ലൈൻ അനുസരിച്ച് പകയുടെയും പ്രതികാരത്തിന്‍റെയും കഥയാണ് ചിത്രം പറയുന്നതെന്നാണ് വിവരം. ചിത്രത്തിൽ പൃഥ്വിയുടെ സഹോദരൻ ഇന്ദ്രജിത്തും ലൂസിഫറിൽ നിർണായകവേഷം ചെയ്യുന്നുണ്ട്. സുജിത് വാസുദേവ് ഛായാഗ്രഹണവും ദീപക് ദേവ് സംഗീതവും നിർവഹിക്കും.



24 മണിക്കൂർകൊണ്ട് സംവിധായകനായ പൃഥ്വി

ടിയാൻ എന്ന സിനിമയുടെ ചിത്രീകരണം ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയിൽ നടക്കവേയാണ് മുരളി ഗോപി ഈ സിനിമയെക്കുറിച്ച് പറയുന്നത്. മോഹൻലാലിനെ നായകനാക്കി ചെയ്യാൻ പറ്റുന്ന തിരക്കഥ എഴുതിയെന്ന് പറഞ്ഞ മുരളി ഗോപിയോട് ആരാണ് സംവിധായകൻ എന്ന് പൃഥ്വിരാജ് ചോദിക്കുന്നു. സംവിധായകൻ ആയിട്ടില്ലെന്നാണ് മുരളി ഗോപി പറഞ്ഞത്. ചിത്രം സംവിധാനം ചെയ്യാമോയെന്ന് മുരളി ഗോപിയുടെ ചോദ്യത്തിന് മുന്നിൽ അമാന്തിച്ചെങ്കിലും ആ വെല്ലുവിളി ഏറ്റെടുക്കാൻ പൃഥ്വി തയ്യാറാകുകയായിരുന്നു. ഇക്കാര്യം അന്ന് തന്നെ മുരളി ഗോപി, നിർമാതാവ് ആന്‍റണി പെരുമ്പാവൂരിനോട് പറയുന്നു. അന്ന് തന്നെ ഹൈദരാബാദിലെത്തി പൃഥ്വിരാജുമായി ചർച്ച ചെയ്ത ആന്‍റണി പെരുമ്പാവൂർ, മോഹൻലാലിനെ വിളിച്ച് പൃഥ്വിരാജിന് ഫോൺ കൈമാറുന്നു. അവരുടെ സംസാരത്തിനൊടുവിൽ ചിത്രം പൃഥ്വിരാജ് സംവിധാനം ചെയ്യുമെന്ന തീരുമാനത്തിലേക്ക് കാര്യങ്ങളെത്തി.

വാർത്തകളിൽനിറഞ്ഞ ലൂസിഫർ
Loading...

പൃഥ്വിരാജ് സംവിധായകനാകുന്നുവെന്ന വാർത്ത ചലച്ചിത്രപ്രവർത്തകരെ അത്ഭുതപ്പെടുത്തിയില്ല. സിനിമയുടെ സാങ്കേതികവശങ്ങളെക്കുറിച്ച് കൃത്യമായ ധാരണകളുള്ള ആളാണ് പൃഥ്വിരാജ്. സിനിമാ നിർമാണവുമായി ബന്ധപ്പെട്ട ആധുനിക സാങ്കേതികവിദ്യകളെക്കുറിച്ച് പൃഥ്വിരാജിന് നന്നായി അറിയാം. അതുകൊണ്ടുതന്നെ സംവിധാനം പൃഥ്വിയെ സംബന്ധിച്ച് വലിയ വെല്ലുവിളി അല്ല. ഒടിയന്‍റെ ലൊക്കേഷനിലെത്തി മോഹൻലാലിനെ പൃഥ്വിരാജ് നേരിട്ട് കണ്ടതും, സിനിമയുടെ പ്രവർത്തനങ്ങൾക്കായി ഫ്ലാറ്റ് സ്വന്തമാക്കിയതുമൊക്കെ വാർത്തകളിൽ നിറഞ്ഞു. ആറു മാസത്തിനകം ലൂസിഫർ പൂർത്തിയാക്കാനാണ് പൃഥ്വിരാജ് ഉദ്ദേശിക്കുന്നത്. ചിത്രം എന്ന് റിലീസ് ചെയ്യുമെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. നടൻ എന്ന നിലയിൽ 100 സിനിമകൾ പൂർത്തിയാക്കിയശേഷമാണ് പൃഥ്വിരാജ് സംവിധായക വേഷത്തിലേക്ക് ചേക്കേറുന്നത്. ആദ്യ സിനിമയെന്ന നിലയിൽ വലിയ പ്രാധാന്യമാണ് പൃഥ്വിരാജ് ലൂസിഫറിന് നൽകുന്നത്. വലിയ അവകാശവാദങ്ങളില്ലെങ്കിലും സാധാരണക്കാരായ പ്രേക്ഷകർക്ക് ആസ്വദിക്കാവുന്ന സിനിമ ഒരുക്കുകയാണ് പൃഥ്വിരാജിന്‍റെ ലക്ഷ്യം.
First published: July 8, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...