ലൂസിഫർ ചിത്രീകരണത്തിനിടെ മുംബൈയിലെ ഫേസ്ബുക് ഓഫീസിൽ നിന്നും ഫേസ്ബുക് ലൈവിൽ പുതിയ ചിത്രം നയനിന്റെ പോസ്റ്റർ പ്രകാശനം ചെയ്ത് പൃഥ്വിരാജ്. നടൻ സോണി പിക്‌ചേഴ്‌സും ചേർന്നു നിർമ്മിക്കുന്ന ചിത്രം 2019 ഫെബ്രുവരി ഏഴിന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ തിരക്കഥ ആദ്യം കേൾക്കുമ്പോൾ അഭിനയിക്കണം എന്നാണ് ഉണ്ടായിരുന്നത്. മലയാള സിനിമ പോലത്തെ ചെറിയ ഇൻഡസ്ട്രിയിൽ സോണി പിക്‌ചേഴ്‌സ് പോലുള്ള അന്താരാഷ്‌ട്ര കമ്പനികൾ കാലു വയ്ക്കുന്നത് ഒരു നാഴികക്കല്ലാണെന്നും പൃഥ്വി അഭിപ്രായപ്പെട്ടു.
ലൂസിഫർ അവസാന വട്ട ഷൂട്ടിങ്ങിലേക്കു കടന്നിട്ടുണ്ട്. നിലവിൽ മുംബൈയിലാണ് ചിത്രീകരണം. എപ്പോഴും കാണുന്ന മുംബൈ ആവരുത് ചിത്രത്തിലെന്ന നിർബന്ധമുണ്ട്. രാഷ്ട്രീയമാണ് പശ്ചാത്തലം. പക്ഷെ രാഷ്ട്രീയ ചിത്രമല്ല. ലാലേട്ടനെ കുറെ നാളായി അറിയാം, പക്ഷെ അടുപ്പിച്ചു കുറേ ദിവസം അദ്ദേഹത്തോടൊപ്പം ഉണ്ടാവുന്നത് ഇതാദ്യമാണ്. ഒരു വലിയ പഠനാനുഭവമാണ്. ഒപ്പം നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ ചിന്താ ധാരയെക്കുറിച്ചു ധാരണ കിട്ടും. ഒരു നടനെന്ന നിലയിൽ അതു തനിക്കു ഗുണകരമെന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു.
ഒരു ബോളിവുഡ് ചിത്രം സംവിധാനം ചെയ്യാൻ അവസരം ലഭിച്ചാൽ എന്തു ചെയ്യുമെന്ന ചോദ്യത്തിന് താനൊരു ബച്ചൻ ഫാനായതു കൊണ്ട് അവസരം കിട്ടിയാൽ ബച്ചനെ വച്ചൊരു ചിത്രം എടുക്കണം എന്നായിരുന്നു മറുപടി.
ആടുജീവിതം ഒരു ഷെഡ്യൂൾ കഴിഞ്ഞു. ഇനി തടിവച്ചാലേ അടുത്ത ഷെഡ്യൂൾ തുടങ്ങാനാവൂ. റഹ്മാൻ കമ്പോസ് ചെയ്ത പാട്ടു ഷൂട്ട് ചെയ്തു കഴിഞ്ഞു. അത് പൂർത്തീകരിച്ചാൽ, അടുത്ത വർഷം അവസാനത്തോടെ കാളിയനിലേക്കു കടക്കും. എല്ലാ രണ്ടാഴ്ചകൂടുമ്പോൾ നിർമ്മാതാവുമായി സംവദിക്കാറുണ്ട്. സ്ക്രിപ്റ്റ് പൂർണമാണ്. ലൂസിഫർ കഴിഞ്ഞാൽ ഉടൻ ഡ്രൈവിംഗ് ലൈസൻസ് ആരംഭിക്കും. സുരാജ് വെഞ്ഞാറമൂടിനൊപ്പമുള്ള ഹാസ്യ ചിത്രമാവുമിത്. സച്ചിയാണ് തിരക്കഥ. അത് കഴിഞ്ഞാൽ കലാഭവൻ ഷാജോൺ ചിത്രം ബ്രെതെഴ്സ് ഡേയാവും വരികയെന്ന് പൃഥ്വി അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Prithviraj, പൃഥ്വിരാജ്