അമ്മ മല്ലിക സുകുമാരന്റെ നിർദേശപ്രകാരം ആദ്യമായി സ്ക്രീൻ ടെസ്റ്റ് എടുക്കുമ്പോൾ പൃഥ്വിരാജ് പതിനൊന്നാം ക്ലാസ്സിൽ. ടെസ്റ്റ് എടുക്കാൻ പോയതാകട്ടെ സംവിധായകൻ ഫാസിലിന്റെയടുത്തും. ഇക്കഴിഞ്ഞ ദിവസം ലൂസിഫറിന്റെ പ്രചാരണ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് പൃഥ്വി ഇതേപ്പറ്റി തുറന്നു പറഞ്ഞത്. എന്നാൽ ഇന്നിപ്പോൾ പൃഥ്വിരാജിന്റെ ചിത്രത്തിലെ നടനാണ് ഫാസിൽ. ലൂസിഫറിൽ ഫാദർ നെടുമ്പള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഫാസിലാണ്. തന്റെ ചിത്രത്തിൽ വേഷമിടാൻ ഫാസിൽ തയ്യാറാണോ എന്നറിയാൻ നേരിൽ പോയി കണ്ടു പൃഥ്വി.
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ തുടങ്ങിയ ചലച്ചിത്ര സപര്യയാണ് ഫാസിലിന്റേത്. 80കളിലെയും, 90കളിലെയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഫാസിൽ. ഒപ്പം നിർമ്മാതാവായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2011ൽ പുറത്തിറങ്ങിയ ലിവിങ് ടുഗെദറിന് ശേഷം പിന്നീട് ചിത്രങ്ങളൊന്നും തന്നെ സംവിധാനം ചെയ്തിട്ടില്ല. 2002ൽ കയ്യെത്തും ദൂരത്ത് എന്ന ഫാസിൽ ചിത്രത്തിലൂടെയായിരുന്നു മകൻ ഫഹദ് ഫാസിലിന്റെ അരങ്ങേറ്റം. ഷാനു എന്ന പേരിലായിരുന്നു ഫഹദ് ആദ്യ ചിത്രത്തിൽ വേഷമിട്ടത്.
പക്ഷെ അന്ന് സ്ക്രീൻ ടെസ്റ്റിന് പോയപ്പോൾ പൃഥ്വിക്കൊപ്പമൊരു പെൺകുട്ടിയും ഉണ്ടായിരുന്നു. അഭിനയിക്കുന്ന രീതി പൃഥ്വിക്ക് വിശദീകരിച്ചത് പോലെ ആ പെൺകുട്ടിക്കും പറഞ്ഞു കൊടുത്തു. ഫാസിലിന്റെ അഭിനയ പാടവം പൃഥ്വിയെ അമ്പരപ്പെടുത്തി. മലയാളത്തിലെ നായകനായി പൃഥ്വി തിളങ്ങിയപ്പോൾ, മലയാളത്തിൽ
അഭിനയജീവിതം ആരംഭിച്ച ആ നടി ബോളിവുഡ് വരെ എത്തി; പേര് അസിൻ തോട്ടുങ്കൽ.
ബിഗ് ബജറ്റിൽ ഒരുങ്ങുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യരാണ് നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയി, ഇന്ദ്രജിത്ത്, ടൊവിനോ, കലാഭവന്‍ ഷാജോണ്‍, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിർമിക്കുന്നത്. ഈ മാസം 28 ന് ചിത്രം തിയറ്ററുകളിലെത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.