വീണ്ടും പുതിയ മുഖവുമായി മലയാള സിനിമയിൽ അവതരിക്കുകയാണ് ഈ യുവ താരം. ആളെ വേണ്ടത്ര മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു എന്നൊന്നുമുള്ള മുഖവുരയുടെ ആവശ്യം ഇവിടെ വരുന്നില്ല. ഒരിക്കൽക്കൂടി ക്യാമറക്ക് മുൻപിൽ, മൈക്കിന് പിന്നിലായി ഇദ്ദേഹം എത്തുമ്പോൾ മലയാള സിനിമക്ക് ഹൃദ്യമായ ഒരനുഭവം കൂടി പിറവിയെടുക്കുന്നു.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രത്തിൽ, പ്രണവ് മോഹൻലാലും കല്യാണി പ്രയദർശനും നായികാ നായകന്മാരാവുന്ന സിനിമയിലാണ് ഈ അപൂർവ കൂട്ടുകെട്ട്. സിനിമയുടെ പേര് 'ഹൃദയം'.
അതെ, പൃഥ്വിരാജ് സുകുമാരനാണിത്. ആടുജീവിതത്തിനായി നടത്തിയ മെലിഞ്ഞ താടിക്കാരന്റെ മേക്കോവറിൽ പൃഥ്വി എത്തുന്നത് ഒരു ഗായകൻ കൂടി ആയിട്ടാണ്. ഇൻസ്റാഗ്രാമിലാണ് വിനീത് ഈ ചിത്രവും വാർത്തയും പ്രേക്ഷകർക്കായി പങ്കിട്ടത്.
വിനീത് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്യുന്ന 'ഹൃദയം' മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യമാണ് നിർമ്മിക്കുന്നത്. ഓണം റിലീസായി 'ഹൃദയം' തിയേറ്ററുകളിൽ എത്തുമെന്നാണ് വിനീത് വ്യക്തമാക്കുന്നത്.
മോഹൻലാൽ, പ്രിയദർശൻ, ശ്രീനിവാസൻ പ്രതിഭകളുടെ അടുത്ത തലമുറയുടെ ഈ ഒത്തുചേരലിൽ നടൻ സുകുമാരന്റെ മകൻ കൂടി ചേരുന്നു എന്ന സവിശേഷത പ്രേക്ഷകർക്കും സന്തോഷം നൽകുന്ന കാര്യമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.