News18 MalayalamNews18 Malayalam
|
news18-malayalam
Updated: December 17, 2019, 10:13 AM IST
ഇന്ദ്രജിത്, പൃഥ്വിരാജ്
ഇന്ന് ഇന്ദ്രജിത്തിന്റെ പിറന്നാൾ. ചേട്ടന്റെ പിറന്നാളിന് അനിയൻ പൃഥ്വിരാജ് ഒരു കുഞ്ഞു സമ്മാനവുമായി എത്തുകയാണ്. ചേട്ടന് മാത്രമായല്ല, പ്രേക്ഷകർക്ക് മുന്നിൽ തന്നെ ആ സമ്മാനം അനാവരണം ചെയ്യുകയായിരുന്നു പൃഥ്വിരാജ്. ഇന്ദ്രജിത്തിന്റെ പുതിയ ചിത്രം 'ആഹാ'യുടെ ഫസ്റ്റ് ലുക്കാണ് പൃഥ്വിരാജ് ഫേസ്ബുക് പേജ് വഴി പുറത്തിറക്കിയത്.
ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി സാസാ പ്രൊഡക്ഷന്റെ ബാനറിൽ പ്രേം എബ്രഹാം നിർമ്മിച്ച്, ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആഹാ'. കേരളത്തിലെ ഏറ്റവും ജനകീയ കായിക ഇനമായ ‘വടംവലി’ 2008 സീസണിൽ 73 മത്സരങ്ങളിൽ 72 ലും ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ 'ആഹാ നീലൂർ' എന്ന എക്കാലത്തെയും മികച്ച ടീമിന്റെ നാമദേയം സ്വീകരിച്ചുകൊണ്ട് ഒരുങ്ങുന്ന ചിത്രമാണിത്.
വടംവലിയെ ആസ്പദമാക്കി സ്പോർട്സ് ജോണറിൽ ഒരുക്കുന്ന ആഹായിൽ മനോജ് കെ. ജയനും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കേരളത്തിന്റെ തനത് കായിക വിനോദമായ വടംവലിയുടെ പശ്ചാത്തലത്തിൽ പ്രണയവും വൈകാരികതയും ഇഴപിന്നിയ പ്രമേയമാണ് ചിത്രത്തിന്റേത്.
തിരക്കഥ നിർവഹിക്കുന്നത് ടോബിത് ചിറയത്താണ്. രാഹുൽ ബാലചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ജുബിത് നംറാടത്തും ടിറ്റോ പി. തങ്കച്ചനും സയനോരയും ചേർന്ന് രചിച്ച ഗാനങ്ങൾ ഗായിക കൂടിയായ സയനോര ഫിലിപ്പ് തന്നെയാണ് സംഗീതം നൽകി ചിട്ടപ്പെടുത്തുന്നത്.
Published by:
meera
First published:
December 17, 2019, 10:13 AM IST