• HOME
 • »
 • NEWS
 • »
 • film
 • »
 • Puzhu Review | പുഴു പോലെ ഇഴഞ്ഞു കയറുന്ന ജാതി; ഈ മമ്മൂട്ടിയെ നിങ്ങൾ ഇഷ്ടപ്പെടുമോ?

Puzhu Review | പുഴു പോലെ ഇഴഞ്ഞു കയറുന്ന ജാതി; ഈ മമ്മൂട്ടിയെ നിങ്ങൾ ഇഷ്ടപ്പെടുമോ?

Read Puzhu review | അടിമുടി നെഗറ്റീവ് കഥാപാത്രവുമായി മമ്മൂട്ടി. 'പുഴു' റിവ്യൂ

പുഴു

പുഴു

 • Share this:
  മുൻ പൊലീസ് ഓഫീസറായ അച്ഛനും സ്കൂൾ വിദ്യാർത്ഥിയായ അയാളുടെ മകനും. ഉയർന്ന സാമ്പത്തിക ചുറ്റുപാടിൽ ജീവിക്കുന്ന താൻ വരച്ച വരയിലൂടെ മാത്രം മകൻ നടക്കുന്നു, അവൻ താൻ പറയുന്നത് അക്ഷരംപ്രതി അനുസരിക്കുന്നു തുടങ്ങിയ കാര്യങ്ങളിൽ അയാൾ തികഞ്ഞ പെർഫെക്ഷനിസ്റ്റ് ആവാൻ ശ്രമിക്കുന്നു.

  ഭാര്യയുടെ വിയോഗ ശേഷം തന്റെ മകൻ എല്ലാം തികഞ്ഞവനായി വളരണം എന്ന ഒരച്ഛന്റെ സങ്കുചിത മനോഭാവത്തിന് ഇതിലും മികച്ച ഒരു ഉദാഹരണമുണ്ടോ എന്ന് സംശയിക്കേണ്ടി വരും. ചട്ടക്കൂടിലെ ജീവിതത്തിൽ മകൻ വീർപ്പുമുട്ടുമ്പോൾ, കർക്കശക്കാരനായ പിതാവ് 'ടോക്സിക് പാരന്റിങ്' എന്തെന്ന് പ്രേക്ഷകർക്ക് മുന്നിൽ തുറന്നിടുന്നു. മമ്മൂട്ടിയുടെ നെഗറ്റീവ് കഥാപാത്രത്തിൽ പ്രതീക്ഷിക്കാൻ ഏറെയുണ്ട് എന്ന് സാരം.

  സ്വയം വരിഞ്ഞുമുറുക്കിയ സാഹചര്യത്തിൽ ഇയാൾ തന്റെയും തന്റെ മകന്റെയും ജീവിതം അടച്ചുകെട്ടുമ്പോൾ, ചിലപ്പോഴെങ്കിലും അയാളിലെ അരക്ഷിത ബോധത്തോട് കാണികൾക്ക് അനുകമ്പ തോന്നിയേക്കാം. എന്നാലത് ചെറുപ്പത്തിൽ ഭാര്യയെ നഷ്‌ടപ്പെട്ട്‌, ഏക മകനെ മികച്ച രീതിയിൽ വളർത്താൻ ശ്രമിക്കുന്ന സിംഗിൾ പാരന്റ് എന്ന നിലയിൽ അയാൾ അനുഭവിക്കുന്ന വീർപ്പുമുട്ടലിൽ ഒതുങ്ങുന്നതല്ല എന്ന് വഴിയേ മനസ്സിലാവും. ഒപ്പം തന്നെ പ്രേക്ഷകർക്ക് അയാളെക്കുറിച്ചുള്ള കാഴ്ചപ്പാടും.

  കുട്ടൻ എന്ന് അടുപ്പമുള്ളവർ അയാളെ വിളിക്കുന്നത് കേൾക്കാൻ പോലും ഏറെ വൈകി കാത്തിരിക്കേണ്ടി വരും. കിച്ചു എന്ന ഋഷികേശിന്റെ അച്ഛൻ എന്നതാണ് അയാളുടെ പ്രധാന ഐഡൻറിറ്റി. പേരിന്റെ അഭാവം ഒഴിച്ചാൽ, സങ്കുചിതമായ മാനസികാവസ്ഥയും ദുരഭിമാന ബോധവും പേറി നടക്കുന്ന അയാളിലെ ലെയറുകൾ വരച്ചിടാൻ ഇത്രയും തന്നെ ധാരാളം.

  ഇളയ സഹോദരി (പാർവതി തിരുവോത്ത്) താഴ്ന്നജാതിയിൽപ്പെട്ട നാടക കലാകാരനായ കുട്ടപ്പനൊപ്പം (അപ്പുണ്ണി ശശി) തന്നിഷ്‌ടപ്രകാരം ജീവിതം ആരംഭിയ്ക്കുന്നതുൾപ്പെടെ അയാളെ വീർപ്പുമുട്ടിച്ച, അക്ഷരാർത്ഥത്തിൽ ശ്വാസം മുട്ടിക്കുന്ന ഭൂതകാലം അയാളിൽ നിന്നും വിട്ടൊഴിഞ്ഞിട്ടില്ല.

  സഹോദരീ ഭർത്താവ് എന്ന് അയാൾക്ക് അംഗീകരിക്കാൻ വൈമനസ്യമുള്ള കുട്ടപ്പൻ, ഇദ്ദേഹത്തിന്റെ നേർവിപരീത സ്വഭാവമുള്ള കഥാപാത്രമായി നിലകൊള്ളുന്നു. ആദ്യമായി ഇരുവരും നേർക്കുനേർ വരുന്ന രംഗം കൊണ്ടെത്തിക്കുന്നത് ഒരു ഫ്ലാഷ്ബാക്കിലേക്കാണ്. സഹോദരിയെ മോഡലാക്കി അന്ന് അവളുടെ കാമുകനായിരുന്നയാൾ വരച്ച പെയിന്റിംഗ് ഒരു പാതകമായി കാണുന്ന ജ്യേഷ്‌ഠൻ, നീ രാജാരവിവർമ്മയാണോ കക്കൂസ് കഴുകി ജീവിക്ക് എന്നു പറയുന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഉച്ചനീചത്വത്തിന്റെ അടയാളപ്പെടുത്തലാണ്. സ്വന്തം കുഞ്ഞിന് നങ്ങേലി എന്ന് പേരിടണം എന്ന ആഗ്രഹം ഭാര്യാസഹോദരനോട് പറയുമ്പോൾ, അയാൾ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണം നടുക്കത്തോടെയേ കാണാൻ സാധിക്കൂ.

  കുട്ടപ്പൻ വേദിയിൽ നിറഞ്ഞാടുന്ന, ജാതിവെറിക്കെതിരെയുള്ള കഥാപാത്രങ്ങൾ സ്വന്തം ജീവിതത്തിൽ തന്നെ അയാൾ നേരിട്ട തീക്ഷണാനുഭവങ്ങൾക്കു നേരെയുള്ള ഒളിയമ്പുകൾ തന്നെയെന്നതിൽ തർക്കമില്ല. അക്കാര്യങ്ങൾ കൃത്യമായ ബോധത്തോടെ ഉൾക്കൊള്ളിച്ച തിരക്കഥയാണ് ചിത്രത്തിന്റേത്.

  സ്വന്തം മകൻ കഴിഞ്ഞാൽ അയാൾ അൽപ്പമെങ്കിലും അടുപ്പം കാട്ടുന്നത് ബിസിനസ് പങ്കാളിയോട് (കോട്ടയം രമേശ്) മാത്രമാണ് എന്നതും ശ്രദ്ധേയം. ഒരുപക്ഷെ തനിക്ക് ലാഭമില്ലാത്ത ഒന്നിനോടും അയാൾ ചേർന്നുനിൽക്കാൻ ആഗ്രഹിക്കുന്നില്ല തന്നെ. ജീവിതത്തെ 'മെറ്റീരിയലിസ്ടിക്' കാഴ്ചപ്പാടിൽ അയാൾ നോക്കിക്കാണുന്നു. തന്നെ എതിർക്കുന്ന എന്തിനെയും, അതിനി അയാളുടെ കേവലം സംശയം മാത്രമായാൽ പോലും അതിനോട് പകവീട്ടാൻ മാത്രം ഇടുങ്ങിയ സൈക്കോസിസ് മനോഭാവം പുലർത്തുന്ന ഇയാളുടെ ജീവിതം എങ്ങോട്ട്, കഴിഞ്ഞ കാലം എന്തായിരുന്നു തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.

  സൂക്ഷ്മ തലത്തിലെ ഭാവപ്രധാനമാണ് മമ്മൂട്ടിയുടെ കഥാപാത്രം. തൻകോയ്മ, മേലാള ബോധം, വർഗീയ വെറി തുടങ്ങിയവ അടക്കിഭരിക്കുന്ന മനസ്സിന്റെ ഉടമയെ മമ്മൂട്ടി ഓരോ ചലനത്തിലും പകർത്തിയിട്ടുണ്ട്. വളരെ നേർത്ത ഏറ്റക്കുറച്ചലുകൾ പോലും ബാധിച്ചേക്കാവുന്ന കഥാപാത്രത്തിന്റെ കടിഞ്ഞാൺ മമ്മൂട്ടിയുടെ കയ്യിൽ ഭദ്രം.

  മകന്റെ വേഷം ചെയ്ത മാസ്റ്റർ വാസുദേവ് ബാലതാരമെന്ന നിലയിൽ തന്റെ പേര് രേഖപ്പെടുത്തിക്കഴിഞ്ഞു. ഏറെ നാളുകൾക്ക് ശേഷം പാർവതി തിരുവോത്ത് ഒരു മികച്ച പാത്രസൃഷ്‌ടിയിലൂടെ മടങ്ങി വന്നുവെന്നു പറയാതിരിക്കാനാവില്ല. റിയലിസ്റ്റിക് വേഷത്തെ പാർവതി മനോഹരമാക്കിയിരിക്കുന്നു. അപ്പുണ്ണി ശശി 'കുട്ടപ്പൻ' എന്ന കഥാപാത്രത്തെ ജീവസ്സുറ്റതാക്കി. ഓരോ കഥാപാത്രവും മറ്റൊന്നിൽ നിന്നും വ്യത്യസ്തമാക്കുന്ന കോട്ടയം രമേശ്, ഇക്കുറിയും പ്രതീക്ഷയ്ക്ക് കോട്ടം വരുത്തിയിട്ടില്ല. 'ഭീഷ്മപർവ്വത്തിന്' ശേഷം മമ്മൂട്ടിക്കൊപ്പം അദ്ദേഹം മറ്റൊരു കഥാപാത്രം കൂടി മിഴിവുറ്റതാക്കി.

  അധികം സ്ക്രീൻ സ്‌പെയ്‌സ് ഇല്ലെങ്കിലും, ഇന്ദ്രൻസ്, കുഞ്ചൻ തുടങ്ങിയ മുതിർന്ന താരങ്ങളുടെ അതിഥി വേഷങ്ങൾക്ക് അതിന്റേതായ തനിമയുണ്ട്. ഒപ്പം തന്നെ സർവ്വതും ഒത്തിണങ്ങിയ ഒരു ചിത്രം, കുറ്റമറ്റതാക്കിയ വനിതാ സംവിധായിക റതീന കന്നിചിത്രം ഒരിക്കലും പിന്നിലാവരുത് എന്ന ചിന്ത പുലർത്തി എന്നത് സിനിമയിലുടനീളം കാണാം.

  'പുഴു' എന്ന മെറ്റഫർ സിനിമയിൽ പ്രയോഗിച്ച രീതി വാക്കുകളിൽ ഒതുക്കുന്നതിനേക്കാൾ അനുഭവവേദ്യമാകേണ്ടത് തന്നെയാണ്. ചിത്രം 'സോണി ലിവ്' പ്ലാറ്റ്‌ഫോമിൽ പ്രദർശനം തുടരുന്നു.
  Published by:Meera Manu
  First published: