• HOME
  • »
  • NEWS
  • »
  • film
  • »
  • ഇന്ത്യൻ സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത പരീക്ഷണവുമായി രാധേശ്യാം; ഒരുമിക്കുന്നത് ഇന്ത്യയിലെ പ്രമുഖ സംഗീത സംവിധായകർ

ഇന്ത്യൻ സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത പരീക്ഷണവുമായി രാധേശ്യാം; ഒരുമിക്കുന്നത് ഇന്ത്യയിലെ പ്രമുഖ സംഗീത സംവിധായകർ

രാധേശ്യാമിന് വേണ്ടി ഇതര ഭാഷകളില്‍ നിന്നുള്ള പ്രഗത്ഭരായ സംഗീത സംവിധായകരെ ഒന്നിച്ച് കൊണ്ടുവരാനൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍.

Radhe Shyam

Radhe Shyam

  • Last Updated :
  • Share this:
പ്രഭാസ് നായകനായെത്തുന്ന ബഹുഭാഷ ചിത്രം രാധേശ്യാമിന്റെ പ്രി ടീസര്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. ഈ ബ്രഹ്മാണ്ട ചിത്രത്തിന്റെ ഓഡിയോ റിലീസിനുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികളെല്ലാവരും. ചിത്രത്തിന്റെ ആഖ്യാനത്തെ പോലും സ്വാധീനിക്കുന്ന സിനിമയുടെ തന്നെ ആത്മാവാണ് സൗണ്ട് ട്രാക്ക്.

സംഗീത സംവിധായകര്‍ സിനിമയില്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്. അതിനാല്‍ തന്നെ ബഹുഭാഷാ ചിത്രമെന്ന നിലയില്‍ പുറത്തിറങ്ങുന്ന രാധേശ്യാമിന് വേണ്ടി ഇതര ഭാഷകളില്‍ നിന്നുള്ള പ്രഗത്ഭരായ ഒരു പിടി സംഗീത സംവിധായകരെ ഒന്നിച്ച് കൊണ്ടുവരാനുള്ള പടയൊരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ഭാഷയ്ക്കടിസ്ഥാനമായി ചിത്രത്തിലെ ഗാനങ്ങള്‍ മാറുന്ന രീതിയില്‍ ഇന്ത്യന്‍ സിനിമയില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു പരീക്ഷണമാണ് രാധേശ്യാമിലൂടെ നടക്കാന്‍ പോകുന്നത്.

അതായത് കഥാസന്ദര്‍ഭങ്ങളും ആഖ്യാനവുമെല്ലാം ഒന്നാണെങ്കിലും ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ കേള്‍ക്കുന്ന ഗാനമാവില്ല, ഇതേ സിനിമയുടെ തന്നെ തെലുങ്ക് പതിപ്പിലുണ്ടാവുക. ഇന്ത്യൻ സിനിമയിൽ തന്നെ ഒരു പുതിയ പരീക്ഷണത്തിലാണ് രാധേശ്യാമിന്റെ അണിയറ പ്രവർത്തകർ ഒരുങ്ങുന്നത്. ഇത് സിനിമ ആസ്വാദകരെ മാത്രമല്ല സംഗീതപ്രേമികളെ വരെ ആവേശത്തിൽ ആക്കിയിട്ടുണ്ട്.
View this post on Instagram


A post shared by Prabhas (@actorprabhas)

സിനിമ പ്രേക്ഷകര്‍ക്ക് പരിചിതമായിട്ടുള്ള ഡബ്ബിങ്ങ് രീതിയില്‍ നിന്നും വേറിട്ട ഒരു ശൈലിയാണ് രാധേശ്യാം മുന്നോട്ട് വയ്ക്കുന്നത്. ഇത്തരത്തില്‍ ഓരോ ഭാഷയ്ക്കും വെവ്വേറെ ഗാനങ്ങള്‍ തിട്ടപ്പെടുത്തുന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്. ഓരോ ഗാനത്തിനും അനുസൃതമായ തരത്തില്‍ നൃത്ത സംവിധാനം നിര്‍വഹിക്കുകയും, ഓരോ ഗാനവും അഭിനേതാക്കളെ കൊണ്ട് പ്രത്യേകം ചിത്രീകരിക്കുകയും വേണം.

ചിത്രത്തിന്റെ ഹിന്ദി പതിപ്പിനായി മിഥുന്‍ രണ്ട് ഗാനങ്ങള്‍ക്കും മാനന്‍ ഭര്‍ദ്വജ് ഒരു ഗാനത്തിനും ഈണം നല്‍കും. ഇവര്‍ക്ക് പുറമെ ബോളിവുഡിലെ പ്രമുഖ താരങ്ങളായ കുമാര്‍, മനോജ് മുന്‍താസിര്‍ തുടങ്ങിയവരും ഗാനങ്ങളുടെ വരികളൊരുക്കുന്നതിനായി ചിത്രത്തിന്റെ ഭാഗമാകും. തെലുങ്ക് പതിപ്പില്‍ കൃഷ്ണകാന്തിന്റെ വരികള്‍ക്ക് ജസ്റ്റിന്‍ പ്രഭാകര്‍ സംഗീത സംവിധാനം നിര്‍വഹിക്കും.

രാധേശ്യാം പോലെ ബഹുഭാഷയില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ട ചിത്രത്തിന്റെ സംഗീത സംവിധാനത്തെ സംബന്ധിച്ചിടത്തോളം വളരെ അനുയോജ്യമായ ഒരു കൂട്ടം പ്രതിഭകളെയാണ് പിന്‍നിരയില്‍ അണിനിരത്തിയിരിക്കുന്നത്. ഏകദേശം ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം പ്രഭാസ് ഒരു റൊമാന്റിക്ക് ഹീറോയുടെ പരിവേഷത്തിലേക്ക് ചേക്കേറുന്ന ചിത്രമാണ് രാധേശ്യാം.

ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍, പാന്‍ ഇന്ത്യന്‍ നായകന്‍ പ്രഭാസും പൂജ ഹെഗ്‌ഡെയും താരജോഡികളായി ബിഗ് സ്‌ക്രീനിലെത്തുന്നതും കാത്തിരിക്കുകയാണ് ആരാധകരെല്ലാം. ഇതരഭാഷകളില്‍ പുറത്തെത്തുന്ന രാധാ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.

പുതിയ ശൈലിയിൽ സംഗീതം ചിത്രീകരിക്കുന്ന സിനിമ ഇന്ത്യൻ സിനിമയിൽ തന്നെ പുതിയ ചരിത്രമാകും എന്ന് ഉറപ്പ്. ബാഹുബലി നേടിയ വൻ വിജയത്തിന് പിന്നാലെ പ്രഭാസിന്റെ അടുത്തൊരു വമ്പൻ ഹിറ്റ് രാധേശ്യാം ആകുമെന്നാണ് സമൂഹമാധ്യമങ്ങളുടെ ചർച്ച. ഏതായാലും സിനിമ പുറത്തിറക്കാനുള്ള കാത്തിരിപ്പിലാണ് അണിയറപ്രവർത്തകരും ആരാധകരും.
Published by:Naseeba TC
First published: