HOME » NEWS » Film »

വർഗീയത അപരിഷ്കൃതത്വത്തിന്റെ അടയാളമായി കണ്ടിരുന്ന സമൂഹം ഇന്നതൊരു ഭൂഷണമായി കാണുന്നു: റഫീഖ് അഹമ്മദ്

Rafeeq Ahamed reacts on the fake post circulated in his name | റഫീഖ് അഹമ്മദിന്റേതാണെന്ന വ്യാജേന ബി.ജെ.പി.യെ അധികാരത്തിലെത്താൻ വഴിവച്ച കാര്യങ്ങൾ എന്ന രീതിയിൽ ഒരു പോസ്റ്റ് സോഷ്യൽ മീഡിയകൾ വഴി പ്രചരിച്ചിരുന്നു

news18india
Updated: May 27, 2019, 11:05 AM IST
വർഗീയത അപരിഷ്കൃതത്വത്തിന്റെ അടയാളമായി കണ്ടിരുന്ന സമൂഹം ഇന്നതൊരു ഭൂഷണമായി കാണുന്നു: റഫീഖ് അഹമ്മദ്
റഫീഖ് അഹമ്മദ്
  • Share this:
തന്റെ പേരിൽ വ്യാജ പോസ്റ്റ് എഴുതി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച വിഷയം ചൂണ്ടിക്കാട്ടിയതിന് പിന്നിൽ ഇത്തരം പ്രവണതകളിലേക്ക് വഴിവെക്കുന്ന കാര്യങ്ങളിലെ തന്റെ കാഴ്ചപ്പാട് ആഴത്തിൽ വിവരിക്കുകയാണ് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് റഫീഖ് അഹമ്മദിന്റേതാണെന്ന വ്യാജേന ബി.ജെ.പി.യെ അധികാരത്തിലെത്താൻ വഴിവച്ച കാര്യങ്ങൾ എന്ന രീതിയിൽ ഒരു പോസ്റ്റ് സോഷ്യൽ മീഡിയകൾ വഴി പ്രചരിച്ചിരുന്നു. റഫീഖ് എന്ന പേരിലെ മറ്റൊരാൾ ചമച്ചതെന്നായിരുന്നു അനുമാനം. റഫീഖ് അഹമ്മദിന്റെ വിശദമായ ഫേസ്ബുക് കുറിപ്പിലേക്ക്.

ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അഹങ്കാരവും ധാർഷ്ട്യവുമാണ് നാട്ടിൽ ഭൂരിപക്ഷ മത വർഗീയതയ്ക്കും അതിന്റെ രാഷ്ട്രീയത്തിനും വേരോട്ടമുണ്ടാക്കിക്കൊടുത്തത് എന്നും മറ്റും പറയുന്ന ഒരു പോസ്റ്റ് എന്റെ പേരിൽ പ്രത്യക്ഷപ്പെടുകയും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തു, കഴിഞ്ഞ ദിവസങ്ങളിൽ. ഫേസ്ബുക്കിൽ ഇടയ്ക്കെങ്കിലുെമൊക്കെ സാമൂഹ്യ / രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ എന്റെ അഭിപ്രായങ്ങൾ ഞാനും കുറിച്ചിടാറുണ്ട്. വളരെ പരിമിതമായ എണ്ണം ആളുകളേ അത് ശ്രദ്ധിക്കാറുള്ളു. എന്നാൽ ഈ പോസ്റ്റ് ആയിരക്കണക്കിന് ആളുകളിലേക്ക്, നൂറുകണക്കിന് വാട്സാപ് ഗ്രൂപ്പുകളിലേക്ക് സഞ്ചരിച്ചു. ലോകത്തിന്റെ വിദൂരമായ കോണുകളിലേക്കു പോലും എത്തിച്ചേർന്നു. പലരും വിളിച്ച് അന്വേഷിക്കാൻ തുടങ്ങിയതോടെയാണ് വിവരം എന്റെ ശ്രദ്ധയിൽ പെടുന്നത്.

ഈ സംഭവം തന്ന തിരിച്ചറിവുകൾ സുഖകരമല്ല. വിഷലിപ്തമായ, ഇരുട്ടു നിറഞ്ഞ മനസ്സുകളുമായി കുറേ പേർ നമുക്ക് ചുറ്റിലുമിരുന്ന് നീചവും കുടിലവുമായ എന്തൊക്കെയോ കർമ്മങ്ങളിൽ വ്യാപൃതരായി കഴിയുന്നു എന്ന അറിവ് സന്തോഷകരമല്ല. നന്മയെക്കുറിച്ചോ മനുഷ്യാന്തസ്സിനെക്കുറിച്ചോ അവരോട് സംസാരിക്കുന്നത് നിഷ്പ്രയോജനകരമാവുന്നു. തങ്ങളുടെ ചെറു ജീവിതത്തിന്റെ ലക്ഷ്യം ലോകത്തെ കുറച്ചു കൂടി ഇരുട്ടിലാഴ്ത്തൽ ആണെന്ന് അവർ നിശ്ചയിച്ചിരിക്കുന്നു.

ആ പോസ്റ്റ് നിർമ്മിച്ചെടുക്കുകയും അതിന്റെ സ്രഷ്ടാവിനെ വ്യാജമായി നിശ്ചയിക്കുകയും ചെയ്തതിനു പിറകിൽ സാമർത്ഥ്യവും ബുദ്ധിയുമുള്ള മനസ്സുകൾ പ്രവർത്തിച്ചിട്ടുണ്ട്. ആ മിടുക്ക് ഒരർത്ഥത്തിൽ അഭിനന്ദനീയവുമാണ്. പക്ഷെ മനുഷ്യൻ എന്ന വലിയ പരികല്പനയോട് ചേർന്നു നിൽക്കുന്ന, അതിനെ അർത്ഥവത്താക്കുന്ന മൂല്യങ്ങളുടെ പ്രകാശ ഭാഗത്തു കൂടി നോക്കുമ്പോൾ എന്തൊരു ഇരുട്ടാണ്, എന്തിനു വേണ്ടിയാണ് ഇത്രയും നീചത്വങ്ങൾ ഈ സുഹൃത്തുക്കൾ സ്വയം പേറി നടക്കുന്നത് എന്ന വിചാരം വല്ലാതെ അസ്വസ്ഥതയുളവാക്കുന്നു. ആ പോസ്റ്റിലെ അപക്വവും വക്രീകരിച്ചതുമായ ആശയങ്ങൾ, ഭാഷയിലുള്ള പിടിപ്പുകേടുകൊണ്ടു വന്ന വാചകപ്പിശകുകൾ, അക്ഷരത്തെറ്റുകൾ ഇവയെല്ലാം തിരിച്ചറിഞ്ഞ ഒട്ടനവധി പേർ അതിന്റെ കർത്താവ് ഞാനല്ല എന്ന് മനസ്സിലാക്കിയെങ്കിലും ചിലരെങ്കിലും തെറ്റിദ്ധരിച്ചു. അവരിൽ ചിലർ സത്യം തുറന്നു പറയുവാനുള്ള എന്റെ ആർജവത്തെ പുകഴ്ത്തി. മറ്റു ചിലർ വീണ്ടും അധികാരാരോഹണം ചെയ്ത വർഗീയ ശക്തികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുതലെടുപ്പു നടത്താനുള്ള എന്റെ ഗൂഢോദ്ദേശ്യത്തെ വിമർശിച്ചു.എന്റെ പേരിൽ പ്രചരിച്ച, പ്രചരിക്കുന്ന ആ പോസ്റ്റിലും ചില ശരികൾ ഉണ്ടാവാം. കഴിഞ്ഞ ഏതാനും വർഷങ്ങളായി *കേരളത്തിന്റെ* സവിശേഷ സാഹചര്യത്തിൽ ഭൂരിപക്ഷ വർഗീയതയ്ക്ക് ആവശ്യാനുസരണം വെള്ളവും വളവും നൽകി പ്രോത്സാഹിപ്പിക്കുന്നതിൽ ന്യൂനപക്ഷ മതമൗലികവാദങ്ങളും, സാമ്പത്തിക ഹുങ്കും, തീവ്രവാദങ്ങളും മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ കൈക്കൊള്ളുന്ന അവസരവാദപരമായ വോട്ടുപെട്ടി രാഷ്ട്രീയവും വഹിക്കുന്ന പങ്ക് ചെറുതല്ല. എന്റേതായ രീതിയിൽ ഞാനീ സത്യം പറയാൻ ശ്രമിക്കാറുണ്ട്.

പക്ഷെ *ഇന്ത്യയെ* സമഗ്രമായി നോക്കിക്കാണുമ്പോൾ ഇന്ന് അതിനെ നീരാളിക്കൈകളിൽ അമർത്തിക്കഴിഞ്ഞ വിദ്വേഷത്തിന്റെ വർഗീയ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് ദശാബ്ദങ്ങളുടെ വലിയ ചരിത്രമാണുള്ളത് എന്നു കാണാം. സാമ്രാജ്യത്വ ഗൂഢാലോചനയുടെ, വിഭജനത്തിന്റെ, വിഭാഗീയതയുടെ, കലാപങ്ങളുടെ, വഞ്ചനകളുടെ, പിതൃ ഘാതകത്വത്തിന്റെ നീചവും കുടിലവും ചോര മണക്കുന്നതുമായ പാരമ്പര്യ വഴികളുണ്ട്. അധികാരത്തിനും സമ്പത്തിനും പ്രാമാണികതയ്ക്കും വേണ്ടി നൂറ്റാണ്ടുകളെ അടിമ കിടത്തിയ, ചങ്ങലക്കി ലുക്കങ്ങളുണ്ട് ഭ്രാതൃ രക്തത്തിന്റെ കഴുകിയാൽ പോകാത്ത രക്തക്കറകൾ ഉണ്ട്. ഉള്ളിലുറങ്ങിക്കിടക്കുന്ന ഇരുട്ടുകുത്തിയ വിശ്വാസങ്ങളുടെ കീറ മാറാപ്പുകൾ ഉണ്ട്. അവയിലൂട ത്രയും സഞ്ചരിച്ച് ഒരു മഹാ സംസ്കൃതി ഇന്ന് എത്തി നിൽക്കുന്ന ദശാസന്ധി അങ്ങേയറ്റം മ്ലാനമാണ്, വ്യാകുലമാണ്, ഭീഷണമാണ്.

വർഗീയത അപരിഷ്കൃതത്വത്തിന്റെ അടയാളമായി, അജ്ഞാനത്തിന്റെ ബാധ്യതയായി, നാഗരികതയുടെ മറുപുറമായി കണ്ടിരുന്ന സമൂഹം ഇന്നതൊരു ഭൂഷണമായി കാണുന്നു. തർക്കിച്ച് തർക്കിച്ച് മുന്നേറുമ്പോൾ ആത്മമിത്രത്തിന്റെ പോലും കണ്ണിന്റെ ആഴങ്ങളിൽ അപരിചിതമായ, ക്രൗര്യമാർന്ന ഒരു മൃഗത്തിളക്കം മിന്നിമറയുന്നതു കാണുന്നു. അത് ഇന്നോളം മനുഷ്യവർഗം ആർജ്ജിച്ച എല്ലാ വെളിവുകളെയും റദ്ദ് ചെയ്യുന്നത് അഗാധമായ വ്യസനത്തോടെ ഞാൻ നോക്കി നിൽക്കുന്നു.

First published: May 27, 2019, 11:04 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories