• HOME
  • »
  • NEWS
  • »
  • film
  • »
  • Hridayam | എനിക്കും ഭൂതകാലത്തിന്റെ ചുവരിൽ ഇങ്ങനെ കോറിയിടുവാൻ തോന്നിപ്പോയി 'രാഹുൽ മാങ്കൂട്ടത്തിൽ ഇവിടെയുണ്ടായിരുന്നു'

Hridayam | എനിക്കും ഭൂതകാലത്തിന്റെ ചുവരിൽ ഇങ്ങനെ കോറിയിടുവാൻ തോന്നിപ്പോയി 'രാഹുൽ മാങ്കൂട്ടത്തിൽ ഇവിടെയുണ്ടായിരുന്നു'

'ഹൃദയം' സിനിമ കണ്ടശേഷം പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

'ഹൃദയം'

'ഹൃദയം'

  • Share this:
    വളരെ മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ് വിനീത് ശ്രീനിവാസൻ (Vineeth Sreenivasan)- പ്രണവ് മോഹൻലാൽ (Pranav Mohanlal) കൂട്ടുകെട്ടിന്റെ 'ഹൃദയം' (Hridayam). ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവർ നായികമാരാവുന്ന ചിത്രം മോഹൻലാൽ, ശ്രീനിവാസൻ, പ്രിയദർശൻ എന്നിവരുടെ അടുത്ത തലമുറ ഒന്നിക്കുന്നു എന്ന പ്രത്യേകതയുമായി ബിഗ് സ്‌ക്രീനിൽ എത്തിയ ചിത്രമാണ്. സിനിമ കണ്ട ശേഷം, തന്റെ ഹൃദയത്തെ ഈ ചിത്രം എത്രത്തോളം സ്പർശിച്ചു എന്ന് രാഹുൽ മാങ്കൂട്ടത്തിൽ എഴുതുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ:

    ദർശനയാണോ നിത്യയാണോ എന്ന പക്ഷം പിടിക്കുവാൻ കഴിയാത്തത്ര മനോഹരമായി കഥാപാത്രങ്ങളെ പൂർണ്ണമാക്കുവാൻ സിനിമയ്ക്ക് കഴിഞ്ഞിരിക്കുന്നു. ഒരാളുടെ ഒന്നിലധികം പ്രണയങ്ങൾ പറയുന്ന ചേരന്റെ  "ഓട്ടോഗ്രാഫും " , ഗൗതം മേനോന്റെ "വാരണമായിരവും " ഒക്കെ പോലെ തന്നെ എല്ലാ പ്രണയങ്ങൾക്കും മനോഹാരിത നല്കുവാൻ വിനീതിനുമായി. ഒറ്റ വാക്കിൽ വിനീതിനെ പറ്റി പറഞ്ഞാൽ, നിങ്ങൾക്ക് ഈ സിനിമ കൂടിയാകുമ്പോൾ ഒരു ബാധ്യതയാകും , നിങ്ങളുടെ പേര് കണ്ട് കാണികൾ വരുമെന്ന ബാധ്യത, ആ പ്രതീക്ഷയ്ക്കൊത്ത് സിനിമകൾ തിരിച്ച് നല്കണമെന്ന ബാധ്യത, മിനിമം ഗ്യാരണ്ടി സംവിധായകൻ എന്ന ബാധ്യത...

    വിനീത് ശ്രീനിവാസൻ പ്രണയം കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ദ്ധ്യം ശ്രദ്ധേയമാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണം നാളിതു വരെയുള്ള സിനിമകൾ മാത്രമല്ല, ഈ സിനിമയിലെ തന്നെ വിരലിലെണ്ണാവുന്ന സീക്വൻസ് മാത്രമുള്ള സെൽവന്റെയും തമിഴ്സെൽവിയുടെയും പ്രണയം വരെ നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്നുണ്ട്...

    ഏത് 'നരകത്തിലേക്കും ഒപ്പം വരുന്ന ആന്റണി താടിക്കാരൻമാരില്ലാതെ ഒരു അരുണും ജീവിക്കുകയില്ല. സൗഹൃദവും, പ്രണയവും, പഠനവും, പരീക്ഷയും, ഉഴപ്പും, സംഘർഷങ്ങളും തൊട്ട് ഹോസ്റ്റൽ മെസ്സിലെ ഭക്ഷണം വരെ സിനിമയിലെ കഥാപാത്രങ്ങളാണ്. തമിഴ് നാട്ടിലെ എഞ്ചിനിയറിംഗ് കോളജിലെ ജീവിതമാണ് ആദ്യ പകുതിയിലെ ഇതിവൃത്തമെങ്കിലും, സിനിമ കഴിഞ്ഞ് എന്റെ ക്യാംപസിലേക്ക് ഓടിപ്പോകുവാൻ എന്നെ തോന്നിപ്പിക്കും വിധം കണക്റ്റഡാണ് അത്.

    പാട്ടുകൾ സിനിമയുടെ ഭാഗമല്ലാതാകുന്ന കാലത്ത് 14 പാട്ടുകൾ ഉള്ള ഒരു സിനിമയെന്നത് തിയെറ്ററിൽ എത്തി വെളിച്ചമകലും വരെ ഒരു ഭാരമായിരുന്നു. എന്നാൽ സിനിമയിലെ സംഭാഷണം പോലെ അതിലെ പാട്ടുകളെ അനിവാര്യമാക്കുവാൻ ഹിഷാം അബ്ദുൾ വഹാബിന്റെ സംഗീതത്തിനു സാധിച്ചിട്ടുണ്ട്.

    അഭിനേതാക്കൾ എല്ലാവരും ഒന്നിനൊന്നു മികച്ചതായിരുന്നു. പ്രണവിന്റെ ഭാവിലേക്കുള്ള യാത്രയിൽ "അരുൺ നീലകണ്ഠൻ " ഒരു സ്കൂട്ടറിൽ കൂടെയുണ്ടാകും. ദർശന രാജേന്ദ്രൻ കാമ്പുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടിയായി ഏറെക്കാലം മലയാള സിനിമയിലുണ്ടാകും. കല്യാണി നമ്മുടെ അടുത്ത വീട്ടിലെ കുട്ടിയായി കൂടുതൽ സ്നേഹം കവരുന്നു.



    അജു വർഗ്ഗീസിനെ ബസ്സിൽ കാണുന്ന ആദ്യ സീനിൽ കിട്ടുന്ന കൈയ്യടി അയാൾ മലയാളികളുടെ മനസ്സിൽ കൈവരിച്ച സ്ഥാനത്തിന്റെ ഉദാഹരണമാണ്. അശ്വത് ലാൽ മനസിൽ പതിഞ്ഞു കിടക്കുന്നുണ്ട്. ജോണി ആന്റണി സംവിധായകനിൽ നിന്ന് നടൻ എന്ന മേൽവിലാസം സൃഷ്ടിച്ചിരിക്കുന്നു. പുതുമുഖങ്ങളും മുഴച്ച് നില്ക്കാതെ, സിനിമയുടെ മനോഹര ഭാഗമായി. മെരിലാന്റ് എന്ന പ്രൊഡക്ഷൻ മുത്തശ്ശി, വിശാഖിലൂടെ മടങ്ങി വന്നിരിക്കുന്നു. ദീർഘമായ ഒരു സിനിമയിൽ വിരസത തോന്നിപ്പിക്കാതെ മനോഹരവും, വർണ്ണ ശബളവുമായ ദൃശ്യവിരുന്നു ഒരുക്കിയ മുഴുവൻ പിന്നണി പ്രവർത്തകരും അഭിനന്ദനം അർഹിക്കുന്നു.
    ഹൃദയം രണ്ട് സിനിമയാണ്, ആദ്യ പകുതിയിൽ മനോഹരമായ ഒരു ക്യാംപസ് സിനിമയും, രണ്ടാം പകുതിയിൽ ഒരു മനോഹരമായ ഫാമിലി ഹാപ്പനിംഗ് സിനിമയും.

    നന്ദി വിനീത് ശ്രീനിവാസൻ, അരുണിനു രണ്ടാമതും നല്കിയ ആ താക്കോൽ എനിക്കും തന്നതിന് . മറവിയിൽ വലപിടിച്ചു കിടന്നിരുന്ന ഗൃഹാതുരത്വത്തിന്റെ അറകൾ തുറക്കുവാൻ സഹായിച്ചതിനു, പഴയ കാലത്തെ ജീവിതത്തിന്റെ അഭിവാജ്യമായിരുന്ന കുറച്ച് മനുഷ്യരേ ഒരിക്കൽ കൂടി കണ്ണിനു മുന്നിൽ എത്തിച്ചതിനു ...

    ആന്റണി താടിക്കാരൻ എഴുതിയതു പോലെ എനിക്കും, ഭൂതകാലത്തിന്റെ ചുവരിൽ കോറിയിടുവാൻ തോന്നി പോയി "രാഹുൽ മാങ്കൂട്ടത്തിൽ ഇവിടെയുണ്ടായിരുന്നു "
    Published by:user_57
    First published: