HOME » NEWS » Film » MOVIES RAM GOPAL VARMA RELEASES THE POSTER OF NEW MOVIE DANGEROUS MM

പുതിയ ചിത്രം 'ഡെയ്ഞ്ചറസി'ന്റെ പോസ്റ്റർ പങ്കുവെച്ച് രാം ഗോപാൽ വർമ, പ്രകോപിതരായി ട്വിറ്റർ ഉപയോക്താക്കൾ

ചൂടൻ രംഗങ്ങൾ നിറഞ്ഞ ട്രെയ്‌ലറും പോസ്റ്ററുമാണ് രാം ഗോപാൽ വർമ്മ പുതിയ ചിത്രത്തിന്റേതായി പുറത്തിറക്കിയിട്ടുള്ളത്

News18 Malayalam | news18-malayalam
Updated: May 15, 2021, 2:24 PM IST
പുതിയ ചിത്രം 'ഡെയ്ഞ്ചറസി'ന്റെ പോസ്റ്റർ പങ്കുവെച്ച് രാം ഗോപാൽ വർമ, പ്രകോപിതരായി ട്വിറ്റർ ഉപയോക്താക്കൾ
രാം ഗോപാൽ വർമ, 'ഡെയ്ഞ്ചറസി'ന്റെ പോസ്റ്റർ
  • Share this:
വിവാദ സിനിമകളുടെയും പ്രസ്താവനകളുടെയും പേരിൽ പ്രശസ്തനായ രാം ഗോപാൽ വർമ തന്റെ പുതിയ സിനിമയായ 'ഡെയ്ഞ്ചറസി'ന്റെ പോസ്റ്റർ പുറത്തിറക്കി പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുകയാണ്. നിരവധി ട്വിറ്റർ ഉപയോക്താക്കളാണ് ആർ ജി വി എന്നറിയപ്പെടുന്ന രാം ഗോപാൽ വർമയുടെ പുതിയ സിനിമയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

'ഇന്ത്യയിലെ ആദ്യത്തെ ലെസ്ബിയൻ ക്രൈം ആക്ഷൻ സിനിമ' എന്നാണ് രാം ഗോപാൽ വർമ 'ഡെയ്ഞ്ചറസി'നെ വിശേഷിപ്പിക്കുന്നത്. പുരുഷന്മാരുമായുള്ള പൂർവകാല ബന്ധങ്ങളിൽ ഉണ്ടായ ദുരനുഭവങ്ങളെ തുടർന്ന് പരസ്പരം പ്രണയിക്കാൻ തുടങ്ങുന്ന രണ്ട് സ്ത്രീകളുടെ കഥയാണ് സിനിമയെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീ കഥാപാത്രങ്ങൾ തമ്മിലുള്ള തീവ്രമായ ബന്ധം അവരെ ഒരു കുറ്റകൃത്യത്തിലേക്ക് വലിച്ചെറിയുകയും അത് ആപൽക്കരമായ ഒരു ക്ലൈമാക്സിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് എഴുതി.

"പുരുഷന്മാരുമായി ഉണ്ടായ ദുരനുഭവങ്ങൾ കാരണം പരസ്പരം പ്രണയത്തിലാകുന്ന രണ്ട് സ്ത്രീകളുടെ കഥയാണ് 'ഡെയ്ഞ്ചറസ്'. തീവ്രമായ പ്രണയം അവരെ അപകടകാരികളായ ക്രിമിനലുകൾക്കും അതിലേറെ അപകടകാരികളായ പോലീസുകാർക്കുമിടയിലേക്ക് വലിച്ചെറിയുന്നു. അത് ആപത്കരമായ ഒരു ക്ലൈമാക്സിലേക്ക് നയിക്കുന്നു," എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

സ്ത്രീ-പുരുഷ ബന്ധത്തിലെ ദുരനുഭവങ്ങൾ കാരണം മാത്രമാണ് സ്വവർഗബന്ധങ്ങൾ ഉണ്ടാകുന്നത് എന്ന സൂചന നൽകുന്നതിനെതിരെ ട്വിറ്റർ ഉപയോക്താക്കളായ നിരവധി പേരാണ് രാം ഗോപാൽ വർമയ്‌ക്കെതിരെ രംഗത്തെത്തിയത്. ലെസ്ബിയൻ ലൈംഗികാനുഭവങ്ങളെ മോശമായ രീതിയിൽ ചിത്രീകരിക്കുന്നതിനെതിരെയും നിരവധി പേർ പ്രതികരിക്കുന്നു.



"മോശം അനുഭവങ്ങൾ ആരുടേയും ലൈംഗികതയിൽ മാറ്റം ഉണ്ടാക്കില്ല. അങ്ങനെ സംഭവിക്കുമായിരുന്നെങ്കിൽ എല്ലാ സ്ത്രീകളും എന്നേ ലെസ്ബിയൻ ആയേനെ" എന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് പ്രതികരിച്ചത്. "പുരുഷന്മാരുമായി ഉണ്ടായിട്ടുള്ള ദുരനുഭവങ്ങൾ ആരെയും ലെസ്ബിയൻ ആക്കിമാറ്റില്ല. ലൈംഗിക ആഭിമുഖ്യം ഒരു തിരഞ്ഞെടുപ്പല്ല, മറിച്ച് ഒരു സ്വത്വമാണ്" എന്നാണ് മറ്റൊരു സ്ത്രീ ട്വിറ്ററിലൂടെ പ്രതികരിച്ചത്.

യൂട്യൂബിൽ റിലീസ് ചെയ്ത സിനിമയുടെ ട്രെയ്‌ലർ ഇതിനകം ഏഴ് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. "റോമിയോയും ജൂലിയറ്റും തമ്മിലും ലൈലയും മജ്നുവും തമ്മിലുമുള്ള സ്ത്രീ-പുരുഷ ബന്ധങ്ങളെപ്പോലെ, അതേ ഗൗരവത്തോടെ രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയബന്ധം കൈകാര്യം ചെയ്യുന്ന ആദ്യത്തെ സിനിമയാണ് ഡെയ്ഞ്ചറസ്," എന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

Youtube Video


സിനിമയുടെ ട്രെയ്‌ലറിന്റെ തുടക്കത്തിൽ സെക്ഷൻ 377 സുപ്രീം കോടതി റദ്ദാക്കി എന്ന ഡിസ്ക്ലെയിമർ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് പ്രധാന സ്ത്രീകഥാപാത്രങ്ങൾ കടൽത്തീരത്ത് ബിക്കിനി ധരിച്ച് ഉല്ലസിക്കുന്ന പ്രണയ രംഗങ്ങളും ട്രെയ്‌ലറിൽ കാണാം.

തങ്ങളുടെ പ്രണയബന്ധം സംരക്ഷിക്കാനായി ഇരുവരും പോലീസിൽ നിന്നും കൊള്ളക്കാരിൽ നിന്നും ഓടിരക്ഷപ്പെടാൻ നടത്തുന്ന ശ്രമമാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് ട്രെയിലറിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്. സുപ്രീം കോടതി സെക്ഷൻ 377 പിൻവലിച്ചതിനു ശേഷം സ്വവർഗബന്ധം പ്രമേയമാക്കി പുറത്തിറങ്ങുന്ന ആദ്യത്തെ സിനിമയാണ് 'ഡെയ്ഞ്ചറസ്' എന്ന് രാം ഗോപാൽ വർമ മുമ്പ് അവകാശപ്പെട്ടിട്ടുണ്ട്. 2018 സെപ്റ്റംബറിലാണ് സുപ്രീം കോടതി സെക്ഷൻ 377 റദ്ദാക്കിയത്.

നൈന ഗാംഗുലി, അപ്സര റാണി എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രം നിർമിച്ചത് സ്പാർക് പ്രൊഡക്ഷൻ ആണ്. ഒ ടി ടി പ്ലാറ്റ്‌ഫോം ആയ സ്പാർക്കിലാണ് ചിത്രം റിലീസ് ചെയ്യുക. റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Keywords: Ram Gopal Varma, Dangerous Movie, Lesbian, Homosexuality, Cinema, രാം ഗോപാൽ വർമ, ഡെയ്ഞ്ചറസ്, ലെസ്ബിയൻ, സ്വവർഗലൈംഗികത, സിനിമ
Published by: user_57
First published: May 15, 2021, 2:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories