വിനയൻ സംവിധാനം ചെയ്യുന്ന ആകാശ ഗംഗ രണ്ടാം ഭാഗം ഏപ്രിൽ 24 മുതൽ ചിത്രീകരണം ആരംഭിക്കും. ദിവ്യ ഉണ്ണി, മയൂരി എന്നിവർ പ്രേത കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു 1999ൽ പുറത്തിറങ്ങിയ ആകാശ ഗംഗ. ഏതാനും മാസങ്ങൾക്കു മുൻപാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്ന വിവരം വിനയൻ പ്രഖ്യാപിച്ചത്. ഷൂട്ടിംഗ് ആരംഭിക്കുന്ന വാർത്ത വിനയന്റെ ഫേസ്ബുക് പോസ്റ്റ് വഴിയാണ് പുറത്തുവിട്ടത്. രണ്ടാം ഭാഗത്തിൽ രമ്യ കൃഷ്ണൻ, പ്രവീണ എന്നിവർ വേഷമിടും. പോസ്റ്റ് ഇങ്ങനെ
"ആകാശഗംഗയുടെ രണ്ടാം ഭാഗം 'ആകാശഗംഗ 2' ഈ ബുധനാഴ്ച്ച, ഏപ്രില്‍ 24ന് രാവിലെ തുടങ്ങുകയാണ്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആകാശഗംഗ ഷൂട്ട് ചെയ്ത വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ തന്നെയാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നടക്കുന്നത്. എല്ലാ സുഹൃത്തുക്കളുടെയും പ്രാര്‍ത്ഥനയും അനുഗ്രഹാശിസ്സുകളും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ആകാശഗംഗയുടെ ഷൂട്ടിംഗ് വേളയില്‍ അന്ന് ലൊക്കേഷനില്‍ വെച്ചെടുത്ത ഒരു ചിത്രമാണ് ഇതോടൊപ്പം ഞാന്‍ പോസ്റ്റ് ചെയ്യുന്നത്. അതിലഭിനയിച്ച അതുല്യരായ പല നടീനടന്മാരും ഇന്നില്ല. അവരുടെ ദീപ്തമായ സ്നേഹസ്മരണകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്, ധര്മ്മജന് ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്, വത്സലാ മേനോന്, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ആകാശഗംഗ 2-വിലെ അഭിനേതാക്കള്‍. പ്രകാശ് കുട്ടി ക്യാമറയും, ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന് നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വ്വഹിക്കുന്നു. പുതുമഴയായി വന്നു എന്ന ആകാശഗംഗയിലെ പാട്ട് ബേര്‍ണി ഇഗ്നേഷ്യസ് തന്നെ റീമിക്സ് ചെയ്യുന്നു. റോഷന് NG ആണ് മേക്കപ്പ്. ബോബന് കലയും സമീറ സനീഷ് വസ്ത്രാലങ്കാരവും അഭിലാഷ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ഡോള്‍ബി അറ്റ്മോസില് ശബ്ദലേഖനം ചെയ്യപ്പെടുന്ന ഈ ചിത്രത്തിന്റെ സൗണ്ട് മിക്സിംഗ് ചെയ്യുന്നത് തപസ് നായ്ക് ആണ്. ബാദുഷയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. ഡിസൈന്‍സ് ഓള്ഡ്മങ്ക്സ്. മോഡേണ്‍ ടെക്നോളജിയുടെ ഒന്നും സഹായമില്ലാതെ 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ആകാശഗംഗയുടെ ഒന്നാം ഭാഗത്തെക്കാള്‍ സാങ്കേതിക മേന്മയിലും ട്രീറ്റ്മെന്റിലും ഏറെ പുതുമകളോടെ അവതരിപ്പിക്കുന്ന ആകാശഗംഗ 2 ഈ വരുന്ന ഓണത്തിന് റിലീസ് ചെയ്യാനാണ് ഉദ്ദേശ്ശിക്കുന്നത്. എല്ലാവരുടെയും സഹകരണം ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു."
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.