നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഒരു കാർ യാത്രയിലെ സംഭാഷണങ്ങളുമായി 'രണ്ടു പേർ' ജൂലൈ ഒൻപതു മുതൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ

  ഒരു കാർ യാത്രയിലെ സംഭാഷണങ്ങളുമായി 'രണ്ടു പേർ' ജൂലൈ ഒൻപതു മുതൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ

  പേരു സൂചിപ്പിക്കുന്നതുപോലെ ഒരു രാത്രിയില്‍ ബംഗളൂരു നഗരത്തിലൂടെയുള്ള രണ്ടു പേരുടെ കാര്‍ യാത്രയാണ് 'രണ്ടു പേര്‍'

  രണ്ടു പേർ

  രണ്ടു പേർ

  • Share this:
   2017-ലെ ഐഎഫ്എഫ്‌കെ മത്സര വിഭാഗത്തില്‍ പ്രേക്ഷകശ്രദ്ധ നേടിയ 'രണ്ടു പേര്‍' ഒടിടി പ്ലാറ്റ്‌ഫോമിലെത്തുന്നു. ജൂലൈ 9 മുതല്‍ നീ സ്ട്രീം, കേവ്, കൂടെ, സൈന പ്ലേ എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളിലാണ് നവാഗതനായ പ്രേം ശങ്കര്‍ സംവിധാനം നിര്‍വഹിച്ച 'രണ്ടു പേര്‍' എത്തുന്നത്. പേരു സൂചിപ്പിക്കുന്നതുപോലെ ഒരു രാത്രിയില്‍ ബംഗളൂരു നഗരത്തിലൂടെയുള്ള രണ്ടു പേരുടെ കാര്‍യാത്രയാണ് 'രണ്ടു പേര്‍'.

   പുതിയ തലമുറയുടെ ബന്ധങ്ങളുടേയും ബ്രേക്കപ്പുകളുടേയും രസതന്ത്രം രണ്ട് അപരിചിതരുടെ കാര്‍യാത്രാസമയത്തെ സംഭാഷണത്തിലൂടെ അനാവരണം ചെയ്യുന്ന പുതുമയുള്ള മേക്കിംഗിലൂടെയാണ് നാലു വര്‍ഷം മുമ്പത്തെ ഐഎഫ്എഫ്‌കെയിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ 'രണ്ടു പേര്‍' ചര്‍ച്ച ചെയ്യപ്പെട്ടത്.

   പിന്നീട് ജല്ലിക്കട്ട്, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ ശാന്തി ബാലചന്ദ്രന്റെ ആദ്യസിനികളിലൊന്നാണ് 'രണ്ടു പേര്‍'. ഫിലിംമേക്കര്‍ കൂടിയായ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിനിമാ ടിക്കറ്റ്, മാന്നാര്‍ മത്തായി സ്പീക്കിംഗ് 2 തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട ബേസില്‍ പൗലോസ്. ഇവരെക്കൂടാതെ സുരാജ് വെഞ്ഞാറമ്മൂട്, അലന്‍സിയര്‍, സുനില്‍ സുഖദ എന്നിവരും അഭിനയിക്കുന്നു.   തങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത ബന്ധങ്ങളില്‍ നിന്ന് പുതിയ തലമുറ പുറത്തു കടക്കുന്നുവെന്നത് നേരാണ് - പ്രത്യേകിച്ചും നഗരങ്ങളില്‍ ജീവിക്കുന്ന പുതിയ തലമുറ. ഇതിന്റെ പേരില്‍ ഒട്ടേറെ വിമര്‍ശനങ്ങളാണ് അവര്‍ ഏറ്റുവാങ്ങുന്നത്. സ്ഥായിയായ ബന്ധങ്ങളില്ല, ഉള്ള ബന്ധങ്ങള്‍ക്ക് ആഴമില്ല എന്നെല്ലാമുള്ള വിമര്‍ശനങ്ങള്‍. എന്നാല്‍ ഒരു ബന്ധം മുറിയുമ്പോള്‍ മനുഷ്യര്‍ അനുഭവിക്കുന്ന വൈകാരികമായ പ്രതിസന്ധിയുടെ തീവ്രത അവരേയും ബാധിക്കുന്നുവെന്നതും സത്യമാണ്. ആ അര്‍ത്ഥത്തില്‍ ഇത് ഒരു സ്ത്രീ-പുരുഷ ബന്ധത്തിന്റെ മാത്രം കഥയല്ലെന്ന് സംവിധായകനായ പ്രേം ശങ്കര്‍ പറഞ്ഞു. കാരണം ഈ വെല്ലുവിളി ഏത് രണ്ടു പേര്‍ തമ്മിലുള്ള ബന്ധത്തിലും എപ്പോള്‍ വേണമെങ്കിലും കടന്നു വരുന്നതാണ്.

   ഏതാനും മണിക്കൂറുകളില്‍ നടക്കുന്ന കഥകളും വാഹനത്തിനകത്ത് മാത്രം ചിത്രീകരിച്ച സിനിമകളും പ്രേക്ഷകര്‍ക്ക് പരിചയമുള്ളതാണ്. ഈ രണ്ട് സാധ്യതകളും മനോഹരമായി ഇണക്കിയിരിക്കുന്നു എന്നതാണ് രണ്ട് പേരുടെ വിജയം.

   'ബംഗളൂരു പോലുള്ള ഒരു നഗരത്തില്‍ റോഡ് ബ്ലോക്കും ട്രാഫിക്കും ഒക്കെയായി ഇക്കാലത്ത് ഒരുപാടുനേരം, മണിക്കൂറുകള്‍ തന്നെ, കാറില്‍ ചെലവഴിക്കുന്ന മനുഷ്യരുണ്ട്. പല ആളുകളും മറ്റിടങ്ങളില്‍ ഇരുന്ന് സംസാരിക്കുന്നതിനേക്കാളധികം ഇക്കാലത്ത് കാറില്‍ യാത്ര ചെയ്യുമ്പോഴാണ് സംസാരിക്കുന്നത്.

   മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ ഇത്തരം യാത്രകള്‍ സംസാരിക്കാന്‍ പറ്റിയ സമയമാണുതാനും. മറ്റൊന്ന് കാറില്‍ വച്ച് സംസാരിക്കുമ്പോള്‍ വളരെ സത്യസന്ധമായിട്ടായിരിക്കും സംസാരിക്കുക എന്നും തോന്നിയിട്ടുണ്ട്. കാറിനകത്തായിരിക്കുമ്പോല്‍ എന്തോ ഒരു പ്രത്യേക അടുപ്പം ഉണ്ടാവുന്നുണ്ട്. കൂടുതല്‍ തുറന്നുപറച്ചിലുകള്‍ക്ക് അത് വേദിയാകും. അങ്ങനെയാണ് കാറില്‍ യാത്ര ചെയ്യുമ്പോഴുള്ള സംഭാഷണങ്ങളിലൂടെ ചിത്രം പ്ലാന്‍ ചെയ്തത്,' ചിത്രത്തിന്റെ തിരക്കഥാകൃത്തു കൂടിയായ സംവിധായകന്‍ പ്രേം ശങ്കര്‍ പറയുന്നു.

   ചിത്രത്തിന്റെ ടെക്‌നിക്കല്‍ ബ്രില്യന്‍സ് അവിടെയും അവസാനിക്കുന്നില്ല. വിശേഷിച്ചും ലൊക്കേഷനില്‍ ലൈവായി റെക്കോഡ് ചെയ്ത പോലെ ശബ്ദം കേള്‍ക്കപ്പെടുന്ന അവസാനരംഗങ്ങളില്‍. 'ലൈവ് റെക്കോര്‍ഡിങ് അല്ല, സാധാരണ രീതിയിലുള്ള ഡബ്ബിങ്ങും സൗണ്ട് റെക്കോര്‍ഡിങ്ങും തന്നെയാണ് ചിത്രത്തില്‍ ഉപയോഗിച്ചത്. കാറിലുള്ള യാത്രയായതിനാല്‍ ലൈവായി ചെയ്യാന്‍ സാങ്കേതിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അതേ സമയം ശബ്ദം ലൈവായി ചിത്രീകരിച്ചതുപോലെ അനുഭവപ്പെടണം എന്നും ആഗ്രഹിച്ചു. അതിനായി ഒരുപാട് സമയം റെക്കോഡിംഗിനായി ചെലവഴിച്ചു.

   സത്യത്തില്‍ ഷൂട്ടിങ്ങിനെക്കാള്‍ സമയമെടുത്താണ് ഡബ്ബിങ്ങും സൗണ്ട് റെക്കോര്‍ഡിങ്ങും ചെയ്തത്. വളരെ സൂക്ഷ്മതയോടെ ഒരു സൗണ്ട് സ്‌ക്രിപ്റ്റ് തയ്യാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അതെല്ലാം ചെയ്തത്. പശ്ചാത്തല സംഗീതം ഉപയോഗിക്കുന്നില്ലെങ്കിലും ചില സംഭാഷണങ്ങള്‍ക്ക് അടിവരയിടാന്‍ ചിലപ്പോള്‍ കാറുകളുടെ ശബ്ദവും റോഡിലെ മറ്റു ശബ്ദങ്ങളും ബോധപൂര്‍വം ഉപയോഗിച്ചിട്ടുണ്ട്,' പ്രേം ശങ്കര്‍ വിശദീകരിക്കുന്നു.

   ഇത്തരം വലിയ ശ്രമങ്ങള്‍ ചിത്രത്തിന്റെ ടോട്ടാലിറ്റിയില്‍ നല്ല പ്രതിഫലനങ്ങള്‍ ഉണ്ടാക്കുന്നു. അത് നല്ല പ്രതിഫലങ്ങളായി കലാശിക്കുന്നു. റിയലിസ്റ്റിക്കായി യാത്ര ചെയത് പ്രതീകാത്മകമായ അര്‍ത്ഥതലങ്ങളുള്ള ഒരു അന്ത്യത്തിലെത്തുന്നു എന്നതും ചിത്രത്തെ വേറിട്ടു നിര്‍ത്തുന്നു. 'ചിത്രത്തിന്റെ അവസാനഭാഗത്തെ ചില സംഭവങ്ങള്‍ ഒരു രൂപകം എന്ന നിലയിലാണ് മുന്നോട്ടുവെയ്ക്കുന്നത്. പലരും റിയലിസ്റ്റിക് ആയാണ് ഇതിനെ കണ്ടതെങ്കിലും,' 2017-ലെ ഫെസ്റ്റിവല്‍ ഓര്‍മകള്‍ പ്രേം ശങ്കര്‍ പങ്കുവെച്ചു.

   'ഓരോ ഫ്രെയിമിനും ചിത്രത്തിന്റെ ഇതിവൃത്തത്തോടു ചേര്‍ന്ന അര്‍ഥം ഉണ്ടായിരിക്കണമെന്നും ഓരോ ഫ്രെയിമും പലരും പറയുന്നതുപോലെ കഥയുമായി ചേര്‍ന്നു നില്‍ക്കണമെന്നും മറ്റുമുള്ള തിയറികളോട് എനിക്ക് താത്പര്യമില്ല. ജീവിതത്തില്‍ പലപ്പോഴും രസകരമായതും അല്ലാത്തതുമായ കാര്യങ്ങള്‍ ഉണ്ടാവുന്നുണ്ടല്ലോ. ഞാന്‍ കണ്ട ചില സിനിമകളില്‍ കഥയുമായി പ്രത്യക്ഷത്തില്‍ ബന്ധമില്ല എന്നു തോന്നുന്ന ചില കാര്യങ്ങള്‍ എനിക്ക് വളരെ രസകരമായി തോന്നിയിട്ടുണ്ട്. രണ്ടു പേര്‍ ചെയ്തപ്പോള്‍ ഇത്തരം ആസ്വാദനങ്ങള്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്,' പ്രേം ശങ്കര്‍ പറയുന്നു.

   2017-ല്‍ പൂര്‍ത്തിയായ തന്റെ ആദ്യ ചിത്രം കോവിഡ് അനിവാര്യമാക്കിയ ഒടിടിയിലൂടെ നാലു വര്‍ഷത്തിനു ശേഷമാണ് ജനങ്ങളിലേയ്ക്ക് എത്തുന്നത് എന്നതിന്റെ ആകാംക്ഷയിലാണ് പ്രേം ശങ്കര്‍. പുതിയ ചിത്രങ്ങളുടെ ആലോചനകള്‍ നടക്കുന്നു. ബംഗളൂരുവിലെ മികച്ച പ്രതിഫലം ലഭിയ്ക്കുന്ന അഡ്വര്‍ടൈസിംഗ് പ്രൊഫഷന്‍ ഉപേക്ഷിച്ചാണ് പ്രേം ശങ്കര്‍ മുഴുവന്‍ സമയ ഫിലിം മേക്കറാകാന്‍ തീരുമാനമെടുത്തത്.
   Published by:user_57
   First published:
   )}