നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'സിനിമയിൽ വിശ്വാസമുണ്ടെങ്കിലേ പ്രേക്ഷകരുണ്ടാവൂ': പ്രേതം സംവിധായകൻ രഞ്ജിത്ത് ശങ്കർ സംസാരിക്കുന്നു

  'സിനിമയിൽ വിശ്വാസമുണ്ടെങ്കിലേ പ്രേക്ഷകരുണ്ടാവൂ': പ്രേതം സംവിധായകൻ രഞ്ജിത്ത് ശങ്കർ സംസാരിക്കുന്നു

  • Share this:
   #മീര മനു

   നിഴലായും, ശബ്‍ദമായും, ഭയമായും പ്രേതം വന്നു പോയിട്ട് വർഷം രണ്ട്. നാളെ മുതലങ്ങോട്ട് പ്രേതത്തിനു തിരിച്ചു വരവ്. വെളുത്തകുപ്പായത്തിൽ നിന്നും പ്രേതത്തെ മോചിപ്പിച്ച, നിശബ്ദത ശബ്ദമാക്കിയ ആത്മാവിനെ മലയാള സിനിമയിൽ അവതരിപ്പിച്ച സംവിധായകനാണ് രഞ്ജിത്ത് ശങ്കർ. രഞ്ജിത്ത് ശങ്കറെന്ന സംവിധായകൻറെയും ജയസൂര്യയെന്ന നായകന്റേയും ഏഴാമത് ഒത്തു ചേരൽ കൂടി പ്രേതം 2ൽ സംഭവിക്കുന്നു. ഏഴാം വരവിനെക്കുറിച്ചും, ചിത്രത്തെപ്പറ്റിയും സംവിധായകനിൽ നിന്നും കേൾക്കാം.   രണ്ടാം ഭാഗത്തിന്റെ സാധ്യത എന്താണ്? പ്രധാന കഥാപാത്രമായ മെന്റലിസ്റ് ജോൺ ഡോൺ ബോസ്കോ (ജയസൂര്യ) ഒഴികെ മറ്റെല്ലാവരും പുതുമുഖങ്ങൾ.

   ആദ്യ ഭാഗം പറഞ്ഞു കഴിഞ്ഞതാണ്. ഇനിയതിൽ പ്രത്യേകിച്ചൊന്നുമില്ല പുതിയൊരു കഥയാണ്. ആ കഥയിൽ പുതിയൊരു പ്രേതവും കാര്യങ്ങളുമാണ്. ജോൺ ഡോൺ ബോസ്കോ വരുന്നു, പരിഹരിക്കുന്നു. ആ രീതിയിലാണതിനെ സീക്വൽ എന്ന് വിളിക്കാൻ പറ്റുക. പ്രേതം, ഒന്നാം ഭാഗവും രണ്ടാം ഭാഗവും യൂത്ഫുൾ സിനിമയാണ്. യുവാക്കളെ ലക്ഷ്യം വയ്ക്കുന്ന സിനിമയിൽ യുവാക്കൾ തന്നെ അഭിനയിക്കണം. ഈ റോളുകളിൽ പരിചിതരായ അഭിനേതാക്കൾ വന്നാൽ വർക്ക് ആവില്ല. കഥാപാത്രങ്ങൾ അത്തരത്തിലാണ്. ആ രീതിയിലെ ഫ്രഷ്‌നെസ്സ് വന്നേ മതിയാവൂ. സിനിമയിലെ ഒരു ടെൻഷനും അതായിരുന്നു. ഇതിലെ തമാശ ഈ ഗ്രൂപ്പുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. അവർ ഇതിൽ ഇഴചേർന്നാൽ മാത്രമേ കാര്യം നടക്കൂ. എന്നാൽ അത് പെട്ടെന്ന് തന്നെ സംഭവിച്ചു. തിയേറ്ററിൽ കണ്ടു പ്രേക്ഷകരാണത് വിലയിരുത്തേണ്ടത്.   വൻകിട പ്രചാരണങ്ങളുടെ കാലത്ത്, പ്രേതത്തിന് ആകെ കൈമുതൽ ട്രെയ്‌ലറാണ്. രജനികാന്തിന്റെ 2.0യെയും, ഷാരൂഖിന്റെ സിറോയെയും കടത്തി വെട്ടി പ്രേതം ട്രെയ്‌ലർ യൂട്യൂബിൽ ഒന്നാം സ്ഥാനത്തു ട്രെൻഡിങ് ആയി.

   ഇന്ന് വൈകുന്നേരം വരെ സിനിമ നമ്മുടെ കയ്യിലാണ്, നമുക്കെന്തു വേണമെങ്കിലും ചെയ്യാം. സിനിമയ്ക്കു മുൻപ് ഒരു ട്രെയ്‌ലർ ഹൈപ്പ് ചെയ്‌താൽ ആദ്യത്തെ ഷോയ്‌ക്കൊക്കെ ആള് വന്നേക്കാം. പിന്നെ ആ സിനിമയിൽ വിശ്വാസമുണ്ടെങ്കിലേ പ്രേക്ഷകരുണ്ടാവൂ. അതിലൊന്നും പ്രത്യേകിച്ചൊരു അർത്ഥമില്ല. നമ്മളിത് ജോലിയുടെ ഭാഗമായി ചെയ്യുന്നെന്നേയുള്ളൂ. ഓരോ സിനിമയ്ക്കു ഒരു വിജയമുണ്ട്. ഒരു സിനിമയ്ക്കു ഹൈപ്പ് എന്നാൽ സ്വാഭാവികമായി, നമ്മൾ പോലും അറിയാതെ സംഭവിക്കേണ്ടതാണ്. അത് സൃഷ്ടിക്കുക വളരെ ബുദ്ധിമുട്ടാണ്.   ഓരോ സിനിമയിലും പ്രേക്ഷകർക്ക് 'വാല്യൂ ഫോർ മണി' തിരിച്ചു കൊടുക്കാനുള്ള ശ്രമമാണ്. സിനിമ എന്താണോ, അതിനെക്കുറിച്ചുള്ള സൂചനയാണ് ട്രെയ്‌ലർ. ശരിക്കുമുള്ളത് മുഴുവൻ കൊടുത്താൽ തിയേറ്ററിൽ കാണാനാളുണ്ടാവില്ല. എന്താണാ സിനിമ ഓഫർ ചെയ്യാനുള്ളത്, അതാണാ ട്രെയ്‌ലറിൽ ഉണ്ടാവുന്നത്. പ്രേക്ഷകർക്ക് കൃത്യമായ പ്രതീക്ഷകൾ വയ്ക്കാൻ അത് സഹായകമാവുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

   മലയാള സിനിമയിൽ ഒരിക്കൽക്കൂടി വരിക്കാശ്ശേരി മന.

   ഒരു പക്ഷെ വരിക്കാശ്ശേരി മന ഇല്ലാതിരുന്നെങ്കിൽ, ഈ സിനിമ ചിത്രീകരിക്കാൻ കേരളത്തിൽ മറ്റൊരു ലൊക്കേഷൻ ഉണ്ടാവില്ലായിരുന്നു. അതെന്തു കൊണ്ടാണെന്ന് എനിക്ക് പറയാനാവില്ല. അത്രമാത്രം ഈ കഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു. അത് നിങ്ങൾ ഉദ്ദേശിക്കുന്ന പോലല്ല. എല്ലാ സിനിമയിലും കണ്ട, നമ്മുടെ മനസ്സിലുള്ള വരിക്കാശ്ശേരി മനയാണ് ഈ സിനിമയിലും. മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പ്രേക്ഷകർ കണ്ടാൽ അവരുടെ മനസ്സിലുള്ള വരിക്കാശ്ശേരി മന തന്നെയാവണം. എന്നാൽ, ഞങ്ങളുടെ ആർട് ഡയറക്ടർ മനുവിന്റെ കരവിരുത് ഈ മനയെ ചിത്രത്തിൽ കാണുന്ന പോലെയാക്കിയെടുത്തിട്ടുണ്ട്. കുറച്ചു പേർക്കേ ആ മാറ്റം മനസ്സിലാകൂ. അവിടെ പൂർണ്ണമായും ഒരു സിനിമ ചിത്രീകരിച്ചിട്ടു ഒരുപാട് നാളുകളായി. ഈ കാലത്തിനു വേണ്ടിയുള്ള ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.   ജയസൂര്യ-രഞ്ജിത് ശങ്കർ കൂട്ടുകെട്ടിനെപ്പറ്റി.

   അതിനെക്കുറിച്ച്‌ ഞങ്ങൾ ആലോചിക്കാറില്ല. ആ വിലയിരുത്തൽ നടത്തേണ്ടത് മാധ്യമങ്ങളും പ്രേക്ഷകരുമാണ്. ഒരു പക്ഷെ കംഫർട് ലെവലും, സെക്യൂരിറ്റിയും, സൗഹൃദവും കടന്നു വന്നിട്ടുണ്ടാവാം. സിനിമയുണ്ടാക്കാൻ സൗഹൃദം ഒരിക്കലും പ്രധാന ഘടകം ആയിട്ടില്ല.  നല്ല ക്യാരക്ടേഴ്‌സ് വരുമ്പോ സംഭവിക്കുന്നതാണ്. പ്രേതം 2ലെ ജോൺ ഡോൺ ബോസ്‌കോയാവാൻ. ചെയ്യാൻ, അതുപോലെ മേരിക്കുട്ടിയാവാൻ എനിക്ക് മറ്റാരെയും തോന്നിയില്ല. വിജയകരമാവുന്നിടത്തോളം ഇതിനായുസ്സുണ്ട്. സ്വാഭാവികമായിട്ടും, അത് കഴിയുമ്പോൾ ഇതില്ലാതാവുമെന്നാണ് എനിക്ക് തോന്നുന്നത്.

   പുണ്യാളനും പ്രേതവും രണ്ടാമതുമെത്തി. മറ്റൊരു ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാവുന്നെങ്കിൽ.

   എന്നെങ്കിലും രണ്ടാം ഭാഗം ഒരുക്കണമെന്ന് തോന്നുന്നത് രാമൻറെ ഏദൻ തോട്ടമാണ്. കുറെ നാളുകൾക്കു ശേഷം രാമനും മാലിനിയും കണ്ടു മുട്ടുന്നതെങ്ങനെയായിരിക്കും എന്നൊക്കെ ഞാൻ ആലോചിക്കാറുണ്ട്. വ്യക്തിപരമായി എനിക്കേറെ ഇഷ്ടമുള്ള ചിത്രമാണ്. പ്രേതം 2 ഒരു വെക്കേഷൻ, കൊമേർഷ്യൽ എന്റെർറ്റൈനെർ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. രാമന്റെ ഏദൻ തോട്ടം കുറേക്കൂടെ വിപുലമായ രീതിയിൽ ചെയ്യേണ്ടി വരും. ചെയ്യണമെന്നെനിക്കാഗ്രഹമുണ്ട്. ഒരിക്കൽ കൂടി തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന കഥാപാത്രങ്ങൾ രാമൻറെ ഏദൻ തോട്ടത്തിലാണ്.   പ്രിയപ്പെട്ട മറ്റൊരു താരം

   ഇവിടെ ഇപ്പോൾ വലിയൊരു വിഭാഗം യുവ താരങ്ങളുണ്ട് -- ഫഹദ്, ജയൻ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, ആസിഫ് അലി -- അതിൽ ഓരോരുത്തർക്കും അവരുടേതായ പ്രത്യേകതകളുണ്ട്. ഏറ്റവും നിശിതമായ വേഷം ചെയ്യുന്നയാൾ ദുൽഖറാണ്. പക്ഷെ മലയാള സിനിമകളിൽ ദുൽഖർ അത്തരം വേഷങ്ങൾ ചെയ്തിട്ടില്ല. തീർച്ചയായും എല്ലാവരോടും വർക്ക് ചെയ്യണമെന്ന ആഗ്രഹമുണ്ട്.

   അടുത്ത ചിത്രം ഉടനെയുണ്ടാവുമോ?

   ഞാൻ ചെയ്യേണ്ടതായുള്ള, പലതരത്തിലുള്ള, നാലഞ്ചു സിനിമകളുണ്ട്. അതിലേതെങ്കിലും നടക്കുമോയെന്നും എനിക്കറിയില്ല. ആശയപരമായി എക്സൈറ് ചെയ്യുന്ന ഒരുപാട് വിഷയങ്ങളുണ്ട്.  ഒരുപാട് കഥകൾ പല ഘട്ടങ്ങളിലായി കുറിച്ച് വച്ചിട്ടുണ്ട്. ചിലപ്പോൾ വ്യക്തികളെ കാണുമ്പോഴായിരിക്കാം, ഇഷ്ടമുള്ള പാട്ടു കേൾക്കുമ്പോഴായിരിക്കാം അല്ലെങ്കിൽ ഒരാളെ കണ്ടു മുട്ടുമ്പോഴാവും ഒരാശയം വന്നു ചേരുക. സ്ക്രിപ്റ്റ് ക്രമേണ സംഭവിക്കുന്ന പ്രക്രിയയാണ്. അത് ചെയ്യാൻ തീരുമാനിക്കുമ്പോഴാണ് കഥയിലേക്കൊരു ജീവൻ വരുന്നത്. എൻ്റെ മാനസികാവസ്ഥയാണെനിക്ക് പ്രധാനം. ഈ ചിത്രത്തിന്റെ പ്രതികരണം എങ്ങനെയുണ്ടെന്നു നോക്കിയിട്ടേ അടുത്ത സിനിമയുള്ളൂ.

   First published: