നിമിഷനേരങ്ങള്‍ക്കുള്ളില്‍ അതിരൗദ്രതയോടെ ആഞ്ഞടിച്ച മഹാപ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട മനുഷ്യന്റെ സഹനകഥ പറയുന്ന ജയരാജിൻറെ രൗദ്രം-2018 ഈ മാസം 18 ന് റിലീസ് ചെയ്യും.
പ്രളയസമയത്ത് മധ്യതിരുവിതാംകൂറില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായ വൃദ്ധദമ്പതികളുടെ വേഷത്തിലെത്തുന്നത് രൺജി പണിക്കറും കെപിഎസി ലീലയുമാണ്.
മകന് നിഖില്‍ രൺജി പണിക്കറാണ് രൺജി പണിക്കറുടെ ചെറുപ്പകാലം അഭിനയിച്ചിരിക്കുന്നത്.സബിത ജയരാജ്, സരയൂ, ബിനു പപ്പന്, എൻ.പി. നിസ തുടങ്ങിയവര്‍ വിവിധ വേഷങ്ങളിലെത്തുന്നു.
ചിത്രത്തിന്റെ രചനയ്ക്കു പുറമെ ഗാനങ്ങള്‍ക്കും തൂലിക ചലിപ്പിച്ചത് ജയരാജാണ്. പ്രകൃതി പിക്ച്ചേഴ്സിന്റെ ബാനറില്‍ ഡോ.സുരേഷ് കുമാര്‍ മുട്ടത്താണ് രൗദ്രത്തിന്റെ നിര്‍മാതാവ്. നിഖില്‍ എസ്. പ്രവീണ്‍ ഛായഗ്രഹണവും ജിനു ശോഭ ചിത്രസംയോജനവും സച്ചിന് ശങ്കര്‍ മന്നത്ത് സംഗീതവും നിര്‍വഹിക്കുന്നു. അഡ്വ. കെ. ബാലചന്ദ്രന് നിലമ്പൂര്‍ (എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍), സജി കോട്ടയം (പ്രൊഡക്ഷന്‍ കണ്ട്രോളര്), സുനില്‍ ലാവണ്യ (പ്രൊഡക്ഷന്‍ ഡിസൈന്‍), അരുണ്‍ പിള്ള, ലിബിന് (മേക്ക്അപ്പ്), സുലൈമാന്‍ (വസ്ത്രാലങ്കാരം), രംഗനാഥ് രവി (സൗണ്ട് ഡിസൈന്‍), വാസുദേവന്‍ കൊരട്ടിക്കര (വിഎഫ്എക്സ്), ജയേഷ് പടിച്ചല്‍ (സ്റ്റില്‍), മ.മി.ജോ. (ഡിസൈന്‍), ശ്രീജിത്ത് (ടീസര്‍ എഡിറ്റര്‍) എന്നിവര്‍ അണിയറയിലുണ്ട്.
നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമാണിത്. ആറാമത്തെ ചിത്രമായ ഭയാനകത്തിന് ദേശീയ അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിരുന്നു. രൺജി പണിക്കര്‍ തന്നെയായിരുന്നു ഭയാനകത്തിലെയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.