നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 18 Hours review | അതിജീവനത്തിനിടയിൽ ആക്ഷനിൽ കട്ട് പറയരുത്; ഇത് പെൺകുട്ടികൾ കണ്ടിരിക്കേണ്ട ചിത്രം

  18 Hours review | അതിജീവനത്തിനിടയിൽ ആക്ഷനിൽ കട്ട് പറയരുത്; ഇത് പെൺകുട്ടികൾ കണ്ടിരിക്കേണ്ട ചിത്രം

  Read full review of 18 Hours movie | 'രക്ഷകനെ'ക്കുറിച്ചല്ല, 'രക്ഷകയെ'ക്കുറിച്ചുള്ള കഥകൾ കാണാനും അറിയാനും സമയം അതിക്രമിച്ചിരിക്കുന്നു. '18 അവേഴ്സ്' റിവ്യൂ

  • Share this:
  കുടുംബ ചിത്രങ്ങൾ അരങ്ങുവാണ മലയാള സിനിമയിൽ അടുത്തിയിടെയാണ് ത്രില്ലർ വിഭാഗത്തിന് പ്രേക്ഷകരും ആവശ്യക്കാരും വലിയതോതിൽ കൂടിയത്. സിനിമയുടെ വളർച്ചയും, അതുപോലെ തന്നെ പരീക്ഷണ ചിത്രങ്ങൾക്ക് മുതിർന്ന സംവിധായകരുടെയും വരവോടു കൂടി അതുവരെ വല്ലപ്പോഴും വന്നുപോയിക്കൊണ്ടിരുന്ന ത്രില്ലർ കാലാനുസൃതമായ മാറ്റങ്ങളിലൂടെ വികസിക്കുന്നു. ത്രില്ലറിന്റെ ഒരു പരിച്ഛേദമായ 'സർവൈവൽ ത്രില്ലർ' അനുദിനം വളരുന്ന ഈ ശ്രേണിയുടെ മുതൽക്കൂട്ടായി കണക്കാക്കാം.

  നായകനാര്, നായികയാര് തുടങ്ങിയ ചോദ്യങ്ങളെ അപ്രസക്തമാക്കി ഒരുപറ്റം നവാഗതരിൽ കഥാതന്തു ഉറപ്പിച്ച് പടുതിയർത്തിയ ചിത്രമാണ് '18 അവേഴ്സ്' എന്ന ഈ സർവൈവൽ ത്രില്ലർ. തനിക്ക് തുണയായി താനും നിഴലും എന്ന പഴമൊഴി അന്വർത്ഥമാക്കുന്ന സാഹചര്യത്തിൽ അകപ്പെടുന്ന പെൺകുട്ടികൾ സ്വന്തം കഴിവും ബുദ്ധിയുമുപയോഗിച്ച് അതിനെ തരണം ചെയ്ത് ജീവനും ജീവിതവും സംരക്ഷിക്കുന്ന മലയാള സിനിമയിലെ അപൂർവ കാഴ്ചയാണ് ഈ ചിത്രം. സ്റ്റാർ ചിത്രങ്ങളിൽ നിന്നും വ്യതിചലിച്ച് സംവിധായകൻ രാജേഷ് നായർ അണിയിച്ചൊരുക്കിയ ഈ സിനിമ കാലത്തിന്റെ ആവശ്യകതയെ അടിവരയിടുന്നു.

  ഒരു യുവതിയുടെ നിലവിളിയിൽ തുടങ്ങി മാറിമറിയുന്ന ഒരുപറ്റം പെൺകുട്ടികളുടെ യാത്ര, സ്ത്രീ അബലയയിൽ നിന്നും കരുത്താർജ്ജിക്കേണ്ടവളായി മാറേണ്ടത് അത്യന്താപേക്ഷിതമാണെന്ന് 95 മിനിറ്റുകൾ കൊണ്ട് നമ്മളെ പഠിപ്പിക്കും.

  അധ്യാപകർക്കൊപ്പം പഠനവുമായി ബന്ധപ്പെട്ടുള്ള ഒരു യാത്രയിലാണ് ഒരുപറ്റം പെൺകുട്ടികൾ അടങ്ങുന്ന സ്കൂൾ വിദ്യാർത്ഥി സംഘം. വിചാരിച്ച പോലെ ഫ്‌ളൈറ്റ് ലഭിക്കാതെ വന്നപ്പോൾ മറ്റൊരു മാർഗം സ്വീകരിച്ച് റോഡ് വഴി അവർ ദൂരയാത്ര നടത്താൻ തീരുമാനിക്കുന്നു. അവിചാരിതമായി ഇവിടെ കണ്ടുമുട്ടുന്ന സ്കൂളിലെ പൂർവവിദ്യാർത്ഥിനി അനുവും (ഇന്ദു തമ്പി) ഇവർക്കൊപ്പം സഹയാത്രികയാവുന്നു. സന്തോഷം നിറഞ്ഞ യാത്രയിൽ അധികം വൈകും മുൻപ് കരിനിഴൽ വീഴുന്നു.

  സാമൂഹികവിരുദ്ധരായ ഒരു പറ്റം യുവാക്കൾ ഇവർ യാത്ര ചെയ്യുന്ന ബസ് റാഞ്ചുന്നു. അതുവരെ ഒപ്പമുണ്ടായിരുന്ന അധ്യാപകനെയും അധ്യാപികയെയും വഴിമദ്ധ്യേ നഷ്‌ടമാവുന്നതോടു കൂടി പെൺകുട്ടികൾക്ക് സഹായമായി അവർ മാത്രമായി അവശേഷിക്കുന്നു. ദുരന്തം പതിയിരിക്കുന്ന വഴിയേ അവർ സഞ്ചരിച്ചുതുടങ്ങുന്നു.

  ഇതിൽ പൂർവ വിദ്യാത്ഥിനിയായി വേഷമിടുന്ന ഇന്ദു തമ്പി വ്യക്തി ജീവിതത്തിലെന്നപോലെ ടൈപ്പ് വൺ ഡയബറ്റിക്കായി സിനിമയിലും അഭിനയിക്കുന്നു. ടൈപ്പ് വൺ ഡയബറ്റീസ് ബാധിച്ചവർ ഉപയോഗിക്കുന്ന ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള ഇൻസുലിൻ പമ്പ് ആണ് ഇത്തരക്കാരുടെ ജീവിതത്തിലെ നിർണ്ണായകഘടകം. ഈ പമ്പ് പ്രവർത്തനരഹിതമാവുകയോ, നഷ്‌ടമാവുകയോ ചെയ്താൽ, കൃത്യസമയത്തു തന്നെ ബദൽമാർഗം കണ്ടെത്തിയില്ലെങ്കിൽ ജീവൻ അപകടത്തിലാവുന്ന സാഹചര്യം വന്നുചേരും.

  Also read: പെൺകുട്ടികൾക്കായി, പെൺകുട്ടികളുടെ സർവൈവൽ ത്രില്ലർ; '18 അവേഴ്സ്' അണിയറ വിശേഷങ്ങളുമായി രാജേഷ് നായർ

  കുട്ടികളുമായി വളരെ വലിയൊരു വാഹനം തട്ടിക്കൊണ്ടു പോയ സാഹചര്യത്തിൽ രക്ഷാമാർഗം കണ്ടെത്താൻ പോലീസ് മേധാവികളുടെ നേതൃത്വത്തിൽ ഇതിനിടയിൽ അന്വേഷണം ദ്രുതഗതിയിൽ മുന്നേറുകയാണ്. എന്നാൽ ആശയവിനിമയം പോലും നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ, തങ്ങളുടെ ജീവൻ അപകടത്തിലാകും എന്ന് ഉറപ്പുവന്ന നിമിഷം, ആരും രക്ഷിക്കാൻ എത്തിയേക്കില്ല എന്ന തിരിച്ചറിവിൽ, ഈ പെൺകുട്ടികൾ സ്വയം പൊരുതാൻ തീരുമാനിക്കുന്നിടത്തു നിന്നും സ്ക്രിപ്റ്റിന്റെ മുറുക്കം കൂടുന്നു.

  അതുവരെ മനോവ്യഥയിൽ ഉഴലുന്ന, മണിക്കൂറുകളായി ഭക്ഷണം പോലും നിഷേധിക്കപ്പെട്ടവർ തങ്ങളുടെ കഴിവിന്റെ പരമാവധി പുറത്തെടുത്ത് സാമൂഹിക വിരുദ്ധരായ യുവാക്കളെ കായികമായി നേരിടുന്നു. ഒളിംപിക്സിൽ സ്ത്രീകൾ മെഡൽ വേട്ട നടത്തുന്ന കാലത്തും, ഒറ്റപ്പെട്ടു പോയി ഒരു അപകടസാഹചര്യം ഉണ്ടായാൽ നമ്മുടെ നാട്ടിലെ പെൺകുട്ടികൾ എത്രത്തോളം ചെറുക്കും എന്ന് '18 അവേഴ്സ്' പെൺകുട്ടികളെയും അവരുടെ രക്ഷിതാക്കളെയും ഇരുത്തിച്ചിന്തിപ്പിക്കും.

  ഉയർന്ന മാർക്കിനും ഷോകേയ്‌സിൽ ഒതുങ്ങുന്ന ട്രോഫികൾക്കും മെഡലുകൾക്കും പുറമെ, ജീവിതസാഹചര്യത്തിൽ നമ്മുടെ പെൺകുട്ടികൾ സ്വയം സുരക്ഷാ ഒരുക്കാൻ എത്രത്തോളം കരുത്ത് നേടേണ്ടിയിരിക്കുന്നു?

  ഏറെ നാളുകൾക്കു ശേഷം സിനിമയിൽ മടങ്ങിയെത്തിയ ഇന്ദുവിന്‌ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുന്ന തരത്തിലെ കഥാപാത്രമാണ് '18 അവേഴ്സ്' സമ്മാനിച്ചത്. പുരുഷന്മാരുമായി ഒപ്പത്തിനൊപ്പം ആക്ഷൻ രംഗങ്ങൾ ചെയ്യാൻ ഇതിലെ ഓരോ പെൺകുട്ടിക്കും അവസരം ലഭിച്ചിട്ടുണ്ട്. 'രക്ഷകനെ'ക്കുറിച്ചല്ല, 'രക്ഷകയെ'ക്കുറിച്ചുള്ള കഥകൾ കാണാനും അറിയാനും സമയം അതിക്രമിച്ചിരിക്കുന്നു.

  '18 അവേഴ്സ്' എന്ന മലയാള സിനിമ പുറത്തിറങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു. ഇനിയും ഈ സിനിമ കാണാത്തവരാണ് നിങ്ങളെങ്കിൽ, ഈ പാഠം നിങ്ങളുടെ പെൺകുട്ടികൾക്ക് പകർന്നു നൽകിയിട്ടില്ലെങ്കിൽ, ഇനിയും വൈകരുത് എന്ന് മാത്രമേ പറയാനുള്ളൂ.

  ശ്യാമപ്രസാദ്, വിജയ് ബാബു, ദേവി അജിത്, ഹരികൃഷ്ണൻ, കൃഷ്ണൻ ബാലകൃഷ്ണൻ, സംഗീത സംവിധായകൻ രതീഷ് വേഗ തുടങ്ങിയവരാണ് നവാഗതർക്ക് പുറമെ സിനിമയിൽ വേഷമിട്ടിരിക്കുന്നത്. ചിത്രം മനോരമ മാക്‌സിൽ പ്രദർശനം തുടരുന്നു.
  Published by:Meera Manu
  First published:
  )}