Aadya Rathri movie review: കുടുംബ സമേതം കാണാവുന്ന 'ആദ്യ രാത്രി'

Read Aadya Rathri full review here | പേരിൽ ആദ്യ രാത്രിയുണ്ടെങ്കിലും U സർട്ടിഫിക്കറ്റ് ഉള്ള മുഴുനീള കുടുബ ചിത്രവുമായി ബിജു മേനോൻ

news18-malayalam
Updated: October 7, 2019, 11:27 AM IST
Aadya Rathri movie review: കുടുംബ സമേതം കാണാവുന്ന 'ആദ്യ രാത്രി'
ആദ്യ രാത്രിയിൽ ബിജു മേനോൻ
  • Share this:
#മീര മനു

മുല്ലക്കര ഗ്രാമത്തിൽ എന്തിനും ഏതിനും മനോഹരൻ (ബിജു മേനോൻ) ഉണ്ടാവും. നീണ്ട 22 വർഷങ്ങളായി ഈ നാട്ടിൽ വിവാഹ പ്രായമായ മക്കളുള്ള അച്ഛനമ്മമാർ സ്വസ്ഥമായി ഉറങ്ങാൻ പ്രധാന കാരണം മനോഹരനാണ്. സ്വന്തം ജീവിതത്തിൽ ഉണ്ടായ തിരിച്ചടിക്ക് ശേഷം ആ നാട്ടിൽ ഒളിച്ചോട്ടം അവസാനിപ്പിക്കാൻ മനോഹരൻ അത്രയേറെ പങ്കുവഹിച്ചിരുന്നു.

തീർത്തുമവിചാരിതമായി വന്നു പെട്ട വിവാഹ ബ്രോക്കർ പണി, മനോഹരൻ വളരെ ഭംഗിയായി ചെയ്തു പോരുന്നു. 'മാ'യിൽ തുടങ്ങുന്ന വീട്ടുപേരും ചേർത്ത് നാട്ടുകാർ 'മാമാ' എന്ന വിളിപ്പേരും മനോഹരന് ചാർത്തിക്കൊടുത്തു. പ്രേമ വിവാഹം പോയിട്ട് പ്രേമമോ, പ്രേമം സിനിമയുടെ പോസ്റ്ററോ ആ നാട്ടിൽ കാലുകുത്തില്ല.

'നമ്മുടെ സ്വന്തം' എന്ന് തോന്നുന്ന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്ന ബിജു മേനോന്റെ ഏറ്റവും പുതിയ ചിത്രം ആദ്യരാത്രിയും ആ പരമ്പര പിന്തുടരുന്നു. തനി നാട്ടിൻപുറത്തെ സൗന്ദര്യവും ജീവിതവും ഇഴുകി ചേർന്ന കുളിർകാറ്റു കൊണ്ടുള്ള സവാരിയാണ് ആദ്യ രാത്രി.

സിനിമയുടെ തുടക്കം 22 വർഷം മുൻപുള്ള കഥ പറഞ്ഞിട്ടാണെങ്കിലും, വർഷങ്ങൾ പലതു കഴിഞ്ഞിട്ടും അധികം മാറ്റം സംഭവിക്കാത്ത നാടായ മുല്ലക്കര. നാട്ടിൻപുറത്തെ ഇനിയും ചോർന്നു പോകാത്ത നന്മകളെ ഓർമ്മപ്പെടുത്തുന്ന സ്ക്രിപ്റ്റാണ് ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്.

ആദ്യരാത്രിയുടെ ചുക്കാൻ പിടിക്കുന്നത് നായകൻ ബിജു മേനോനാണ്. ദല്ലാള് പണിയും, 'മാമാ' വിളിയും ഉണ്ടെങ്കിലും, തട്ടിപ്പ് കൊണ്ടോ, കല്യാണം നടത്തി കമ്മീഷൻ അടിച്ചു പൊടിതട്ടി പോകുന്ന ബ്രോക്കറല്ല മനോഹരൻ. കല്യാണം നടത്തിവിട്ട പെൺകുട്ടികളുടെ കുഞ്ഞുങ്ങളുടെ പേരിടീലും, ചോറൂണും തുടങ്ങി അവരുടെ കുടുംബ തർക്കം പരിഹരിക്കാൻ വരെ മനോഹരൻ ഉണ്ടാവും. തീർത്തും സ്വാഭാവികമായ ഈ കഥാപാത്ര അവതരണം പിരിമുറുക്കം ഇല്ലാതെ സിനിമ കാണാൻ പ്രേക്ഷകർക്കും സഹായകമാണ്.

മാമന്റെ ഒപ്പമുള്ള മച്ചാനായി, മനോഹരന്റെ സന്തത സഹചാരിയായ കുഞ്ഞാറ്റയായി, മനോജ് ഗിന്നസ് രസച്ചരടുകൾക്ക് മുറുക്കം കൂട്ടുന്നു. നർമ്മം കൈകാര്യം ചെയ്യുന്നതെങ്ങനെ എന്ന് പ്രത്യേകം പറഞ്ഞു പഠിപ്പിക്കേണ്ട ആവശ്യമില്ലാത്ത അജു വർഗീസ് 'കുഞ്ഞേട്ടനായി' അൽപ്പം വ്യത്യസ്തത പുലർത്തുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മസിലു പിടിത്തമില്ലാത്ത കോമിക് ടൈമിംഗ് കൃത്യ സ്ഥാനത്ത് ലക്‌ഷ്യം തെറ്റാതെ അവതരിപ്പിച്ചതിൽ ഈ സിനിമ ഒരു വിജയമാണ്. പ്രധാന കഥാപാത്രങ്ങളായെത്തിയ വിജയരാഘവൻ, ശ്രീലക്ഷ്മി, അനശ്വര രാജൻ എന്നിവരും ചേർന്നുള്ള ടീം വർക്ക്‌ എടുത്തു പറയേണ്ടതാണ്.

വെള്ളിമൂങ്ങ സംവിധായകൻ ജിബു ജേക്കബ് ബിജു മേനോനുമായി വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷക്ക് മങ്ങലേൽക്കാതെ ധൈര്യമായി പ്രേക്ഷകർക്കും തിയേറ്ററിൽ കയറാം. പേരിൽ ആദ്യ രാത്രിയുണ്ടെങ്കിലും U സർട്ടിഫിക്കറ്റ് ഉള്ള മുഴുനീള കുടുബ ചിത്രമാണ് അവരെ കാത്തിരിക്കുന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 7, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading