Anjaam Pathiraa movie review: അഞ്ചാം പാതിര: പതിറ്റാണ്ടിന്റെ ലക്ഷണമൊത്ത ക്രൈം ത്രില്ലർ

Read Anjaam Pathiraa movie full review | കഴിഞ്ഞ പതിറ്റാണ്ടിന്റെ ക്രൈം ത്രില്ലർ 'ദൃശ്യ'മെങ്കിൽ ഈ പതിറ്റാണ്ടിനെ വെല്ലുവിളിക്കുന്ന ക്രൈം ത്രില്ലർ എത്തിക്കഴിഞ്ഞു

meera | news18-malayalam
Updated: January 10, 2020, 2:23 PM IST
Anjaam Pathiraa movie review: അഞ്ചാം പാതിര: പതിറ്റാണ്ടിന്റെ ലക്ഷണമൊത്ത ക്രൈം ത്രില്ലർ
News18 Malayalam
  • Share this:
കഴിഞ്ഞുപോയ ഒരു പതിറ്റാണ്ട് കാലത്തെ സിനിമാ കണക്കെടുപ്പ് നടത്തിയാൽ ക്രൈം ത്രില്ലർ എന്ന വാക്കിന് മലയാളിയുടെ മനസ്സിൽ തെളിയുന്ന പേരാണ് 'ദൃശ്യം'. 2020ൽ തുടങ്ങുന്ന അടുത്ത പത്തുവർഷങ്ങൾക്ക് അതുകൊണ്ടു തന്നെ അവകാശവാദം അത്രകണ്ടങ്ങനെ അവകാശപ്പെടണമെങ്കിൽ വേറൊരു ചിത്രം അത്രമേൽ പ്രേക്ഷക മനസ്സിലേക്കാഴ്ന്നിറങ്ങി ചെല്ലണം. എന്നാൽ പുതുവർഷം ആരംഭിച്ച് കേവലം രണ്ടാഴ്ച തികയും മുൻപ് തന്നെ പ്രേക്ഷനെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തി ഈ 'ഡെക്കേടിന്റെ' ക്രൈം ത്രില്ലറായി അഞ്ചാം പാതിര എത്തിക്കഴിഞ്ഞിരിക്കുന്നു.

കുടുംബ ചിത്രങ്ങളുടെ നായകനായ കുഞ്ചാക്കോ ബോബൻ ക്രിമിനോളജിസ്റ് അൻവർ ഹുസ്സൈൻ ആയി തകർത്തഭിനയിച്ച് ഈ വർഷത്തെ സിനിമാ പ്രതീക്ഷകൾക്ക് മികച്ച തുടക്കം നൽകിയിരിക്കുന്നു. ചാക്കോച്ചന്റെ സോഫ്റ്റ് എക്സ്പ്രെഷനുകളിൽ ഒരു കുറ്റാന്വേഷകന്റെ നോട്ടവും ഭാവവും കൂർമ്മതയും നിറയുമ്പോൾ, അതിനുള്ളിൽ നിന്ന് അൽപ്പം പോലും തുളുമ്പാതെയും ഇടറാതെയും അവതരിപ്പിച്ച് ഫലിപ്പിച്ച് ചാക്കോച്ചൻ തന്റെ മേലുള്ള ചുമതല ആത്മാർപ്പണമായി ഏറ്റെടുത്ത് നിർവഹിച്ചിരിക്കുന്നു.

പൊതുനിരത്തിൽ പാതിരാവിൽ ഒരു പോലീസുകാരൻ വെടിയേറ്റു മരിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ ചിത്രം തിയേറ്ററിൽ എത്തിയെന്നത് യാദൃശ്ചികം മാത്രം. ഒരു തുമ്പു പോലും ശേഷിപ്പിക്കാതെ അടുപ്പിച്ചടുപ്പിച്ച് നടക്കുന്ന പോലീസുകാരുടെ കൊലപാതകങ്ങൾക്ക് പിന്നിലെ ചുരുളഴിക്കാൻ നിയോഗിക്കപ്പെട്ട പോലീസ് സംഘത്തോട് ചേരുകയാണ് സ്വതന്ത്ര ക്രിമിനോളജിസ്റ്റായ അൻവർ. കണ്ടുപിടിക്കേണ്ടത് ഒരു വിരലടയാളം പോലും ബാക്കി വയ്ക്കാതെ ക്രൂരകൃത്യങ്ങൾ നടത്തുന്ന കുറ്റവാളിയെയും അയാളുടെ ലക്ഷ്യത്തെയും.പഴുതടച്ച സ്ക്രിപ്റ്റ് എന്ന് സ്ഥിരം ഭാഷയിൽ വർണ്ണിച്ചാൽ ഒതുങ്ങാത്ത കഥയും തിരക്കഥയുമാണ് സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കിയത്. ഒരു പക്ഷെ ആട് സിനിമകളിലൂടെ എന്റർടൈൻമെന്റ് ചിത്രങ്ങൾക്ക് മറ്റൊരു ഭാഷ്യം അവതരിപ്പിച്ച മിഥുനോട് 'എന്തേ വരാൻ വൈകി' എന്ന ചോദ്യമാണ് അഞ്ചാം പാതിര കണ്ടാൽ ചോദിക്കാൻ തോന്നുക. സിനിമക്ക് ടിക്കെറ്റെടുത്താൽ ഫുൾ ഗ്യാരന്റി ഉറപ്പു തരുന്ന ഷൈജു ഖാലിദിന്റെ ക്യാമറ കൂടി ചേർന്നപ്പോൾ തന്നെ കെട്ടുറപ്പുള്ള അടിസ്ഥാനമായി.

ക്യാമറക്ക് മുന്നിൽ നിന്ന് ഒറ്റവരി ഡയലോഗ് പറയുന്നവരെപ്പോലും തിരഞ്ഞെടുക്കാൻ സിനിമയുടെ പിന്നണിയിൽ പുലർത്തിയ കാസ്റ്റിംഗ് ബ്രില്യൻസിനെ അഭിനന്ദിക്കാതെ വയ്യ.

സ്‌ക്രീനിൽ ലഭിക്കുന്ന ചെറിയ നേരം കൊണ്ട് തന്നെ മായാത്ത മുഖമായി മാറിശീലിച്ച രണ്ടുപേരെ മുഴുനീള കഥാപാത്രങ്ങളാക്കുക വഴി അവരിൽ ഭാവി സിനിമക്ക് ഇനിയും സാധ്യതയുണ്ടെന്ന് അഞ്ചാം പാതിര അടിവരയിട്ട് പറയുന്നു.

കമേഴ്‌സ്യൽ മലയാള സിനിമയിൽ വാണി വിശ്വനാഥും വിജയശാന്തിയും പോലുള്ളവർ സമ്മാനിച്ചു പോയ കരുത്തയായ വനിതാ പോലീസ് ഓഫീസർക്കുള്ള കസേരക്ക് ചേരുന്ന പ്രകടനമാണ് ഡി.സി.പി. കാതറിൻ മറിയയായ ഉണ്ണിമായ പ്രസാദിന്റേത്. എ.സി.പി. അനിൽ മാധവനാവാൻ നടത്തിയ കണ്ടെത്തൽ ജിനു ജോസഫിൽ എത്തിയെങ്കിൽ അതിനുള്ള കാരണം ഈ സിനിമ കണ്ടിറങ്ങുമ്പോൾ മനസ്സിലാകും. അതിഥി വേഷത്തിൽ വരുന്ന ഷറഫുദീനെ വരത്തന് ശേഷം ഇത്രയേറെ ഉപയോഗപ്പെടുത്താൻ മറ്റൊരു സിനിമക്കും സാധിച്ചില്ലെന്നതും ശ്രദ്ധേയം.

കൂടാതെ, നീതി ദേവത കണ്ണടക്കുമ്പോൾ നീതി നിഷേധിക്കപ്പെടുന്ന പണക്കൊഴുപ്പില്ലാത്തവനെയും അവന്റെ ജീവിതാവസ്ഥയെയും കാലിക പ്രസക്തിയോടെ ഓർക്കാൻ ഈ സ്ക്രിപ്റ്റ് ശ്രദ്ധിച്ചിരിക്കുന്നു.

ആദ്യ ഷോട്ടിൽ നിന്നും അവസാന ഷോട്ട് വരെ 'ബ്രില്യൻസ്' നിറച്ച് ഒരു ചിത്രം അവതരിപ്പിക്കണമെങ്കിൽ അതിന്റെ ഓരോ അണുവിലും പ്രവർത്തിച്ചവർ നടത്തേണ്ട ഹോം വർക്കും ഫീൽഡ് വർക്കും പ്രകടനപാടവവും ലക്ഷണമൊത്ത നിലയിൽ ഒത്തു ചേരുന്ന ഒരു കൊലപാതകകഥയായി അഞ്ചാം പാതിര സ്‌ക്രീനിൽ നിറയുമ്പോൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു പോയില്ലെങ്കിൽ മാത്രമേ അത്ഭുതപ്പെടേണ്ടതുള്ളൂ.

Published by: meera
First published: January 10, 2020, 2:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading