• HOME
  • »
  • NEWS
  • »
  • film
  • »
  • Bhramam review | റൊമാന്റിക് ഹീറോയുടെ ദുരൂഹമരണത്തിനു പിന്നിലാര്? കാഴ്ചയുടെ 'ഭ്രമം'

Bhramam review | റൊമാന്റിക് ഹീറോയുടെ ദുരൂഹമരണത്തിനു പിന്നിലാര്? കാഴ്ചയുടെ 'ഭ്രമം'

Read Bhramam movie review | ഒരു ബോളിവുഡ് പറിച്ചുനടലുമായി 'ഭ്രമം'

ഭ്രമം

ഭ്രമം

  • Last Updated :
  • Share this:
ലോകത്തെവിടെ ഇരുന്നും, ഏതു ഭാഷയിലെയും സിനിമ വിരൽത്തുമ്പിൽ നിയന്ത്രിച്ച് കാണാവുന്ന സൗകര്യങ്ങളുടെ മധ്യത്തിലാണ് ഇന്ന് ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ കഴിയുന്നത്. അങ്ങനെയിരിക്കെ റീമേക്കുകളുടെ പ്രസക്തി എന്താണെന്ന ചോദ്യത്തിൽ നിന്നുകൊണ്ടാണ് അത്തരം ചിത്രങ്ങൾ ഈ ഡിജിറ്റൽ കാലഘട്ടത്തിലും പുറത്തിറങ്ങുന്നത്.

പലപ്പോഴും ഇതിന് പ്രചോദനമാകുന്നത് പ്രധാനമായും രണ്ട് കാരണങ്ങളാണ്. ഒരു ചിത്രം പകരംവയ്ക്കാനില്ലാത്ത  സ്വീകാര്യതയോടെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിക്കഴിഞ്ഞിരിക്കുന്നു. ആ ചിത്രത്തെ മറ്റൊരു ദേശത്തിലേക്കും ഭാഷയിലേക്കും പറിച്ചുനടാനുള്ള കൗതുകമാവും റീമേക്കുകളുടെ പിന്നിലെ ആദ്യത്തെ കാരണം. രണ്ടാമതായി, ഒരു സംവിധായകന് അത്തരമൊരു ചിത്രം ചെയ്യാനുള്ള അടങ്ങാത്ത ആഗ്രഹത്തിൻറെയും ആവേശത്തിന്റെയും പുറത്തുള്ള മറ്റൊരു നിർമ്മിതിയാണ് റീമേക്ക്.

ഇക്കുറി ബോളിവുഡിൽ നിന്നുമുള്ള പറിച്ചുനടലുമായാണ് പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ബോളിവുഡ് സിനിമകൾക്കുൾപ്പെടെ ക്യാമറ ചലിപ്പിച്ച രവി കെ. ചന്ദ്രന്റെ വരവ്.

ആട്ടവും പാട്ടും ഗ്ലാമറും അതിപ്രസരം തീർക്കുന്ന ബോളിവുഡ് കാഴ്ചകളിൽ നിന്നും തീർത്തും വിഭിന്നമായ നിർമ്മിതിയാണ് 2018ൽ പുറത്തിറങ്ങിയ 'അന്ധാദുൻ'. ആരെയും കൊതിപ്പിക്കുന്ന മേക്കിംഗും പ്രകടനവും കൈമുതലായുള്ള ഈ ചിത്രത്തിന് ഒന്നിലധികം ഭാഷകളിൽ പുനർനിർമ്മിതിയുണ്ടായെങ്കിൽ അതിൽ അത്ഭുതം തെല്ലുമില്ല. അതിന്റെ മലയാളം വേർഷനായി എത്തിയ ചിത്രമാണ് 'ഭ്രമം'.

ബ്ലാക്ക് കോമഡി ചിത്രം പ്രധാനമായും ഒരു ഗായകനിൽ കേന്ദ്രീകരിച്ച കഥാവതരണ രീതിയാണ് അവലംബിച്ചിരിക്കുന്നത്. അന്ധരുടെ ലോകത്തെ ജീവിതം എങ്ങനെയെന്ന് കണ്ടെത്താൻ സ്വന്തം ജീവിതം പരീക്ഷണമാക്കിയ റേ മാത്യൂസ് എന്ന ഗായകന്റെ റോളാണ് നായകൻ പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്നത്.

സ്ഥിരം പാതയിലൂടെ ഒഴുകുന്ന റേ മാത്യൂസിന്റെ ജീവിതം ഒരു കൊലപാതകത്തിന് സാക്ഷിയാകേണ്ടി വരുന്നതോടു കൂടി കീഴ്മേൽ മറിയുന്നതാണ് 'ഭ്രമം' സിനിമയുടെ പശ്ചാത്തലം.

പൂനെയിൽ പ്രധാനമായും ചിത്രീകരിച്ച ആകാശ് എന്ന ബോളിവുഡ് നായകന്റെ പരിസരം ഫോർട്ട് കൊച്ചിയിലെ റേ മാത്യൂസിന്റെ ജീവിതപശ്ചാത്തലമായി മാറുമ്പോൾ അതുമായി താതാത്മ്യമുള്ള, എന്നാൽ മലയാളത്തിന് അന്യം എന്ന് തോന്നാത്ത തരം കാഴ്ചകൾ ഒരുക്കാൻ 'ഭ്രമം' ശ്രദ്ധിച്ചിട്ടുണ്ട്.

വർഷങ്ങളായി തിയേറ്റർ, അല്ലെങ്കിൽ സമാന്തര സിനിമാ പശ്ചാത്തലമുള്ള അഭിനേതാക്കളെ തിരഞ്ഞുപിടിച്ച് പാത്രസൃഷ്‌ടി നടത്തിയ ചിത്രം കൂടിയാണ് അന്ധദുൻ എന്നിരിക്കെ, റീമേക്കിൽ വേഷമിടുന്നവർക്ക്‌ മുന്നിലെ വെല്ലുവിളി എത്രത്തോളമുണ്ട് എന്ന് ഓരോ പ്രേക്ഷകനും കണ്ടുമനസ്സിലാക്കി വിലയിരുത്തുക തന്നെ വേണം.ഇതിനോടകം രണ്ട് ഭാഷകളിൽ 'അന്ധാദുൻ' റീമേക്കുകൾ പ്രേക്ഷകരുടെ മുന്നിൽ എത്തിയെങ്കിൽ, നായക വേഷം പോലെ ഏവരും ശ്രദ്ധിക്കുന്ന കഥാപാത്രം ഇതിലെ വില്ലത്തിയായ നായികയുടേതാണ്. തബു നിറഞ്ഞാടിയ സിമി എന്ന കഥാപാത്രത്തെ, തെലുങ്കിൽ തമന്നയും മലയാളത്തിൽ മംമ്ത മോഹൻദാസും അവതരിപ്പിച്ചിരിക്കുന്നു. പ്രതീക്ഷകളുടെ അമിതഭാരം ഏൽക്കാനുള്ള സാധ്യതയും സിമിയായി അന്യഭാഷകളിൽ എത്തുന്ന നായികമാർക്കാണ്.

ഈ വേഷം ചെയ്ത ഏറ്റവും മുതിർന്ന നടി എന്ന നിലയിലും, മനഃസാക്ഷി മരവിച്ചുപോകുന്ന ക്രൂരതയുടെ പ്രതിരൂപമായി സ്‌ക്രീനിൽ ആടിത്തകർത്ത നായിക എന്ന രീതിയിലും, സിമിയോട് നീതിപുലർത്തിയ അഭിനേത്രിയാണ് തബു.

ചുടുചോരയുടെ ഗന്ധമുള്ള കൊലപാതകം കണ്മുൻപിൽ അരങ്ങേറിയപ്പോൾ അത് കണ്ടില്ലെന്ന് നടിക്കുകയും, ഒരു ക്രൂരകൃത്യം മറച്ചുപിടിക്കാൻ ഒന്നിലധികം ക്രൈമുകളിൽ ഏർപ്പെടുകയും, ആ വേളകളിൽ ഒന്നിൽ പോലും പശ്ചാത്താപത്തിന്റെ തരിപോലും മുഖത്ത് തെളിയുകയോ ചെയ്യാത്ത സ്ത്രീയാണ് സിമി. തന്നെക്കാൾ പ്രായമേറെയുള്ള ആളെ പ്രണയിച്ച് വിവാഹം ചെയ്ത സിമി നിഗൂഢതകളുടെ ഭണ്ഡാരമാണ്.

താരതമ്യേന മറ്റു ഭാഷകളിലും സിമി എത്രത്തോളം ഫലപ്രാപ്തിയിലെത്തി എന്ന ചോദ്യം പ്രേക്ഷകർക്കും ഉണ്ടാവാം. അക്കാര്യത്തിൽ വിധികർത്താക്കളാവേണ്ടവർ മൂന്നു ചിത്രങ്ങളും കണ്ട പ്രേക്ഷകർ അല്ലാതെ മറ്റാരുമല്ല.

മുൻകാല നായകന്റെ റോളിനായി തിരഞ്ഞെടുക്കപ്പെട്ടത് നടൻ ശങ്കർ ആണ്. എൺപതുകളിലെ നായികാ-നായക വസന്തത്തിന് മേമ്പൊടിയായി ഏതാനും രംഗങ്ങളും 'ഭ്രമം' സിനിമയിൽ കാണാം.

വഞ്ചകിയായ ഭാര്യയുടെ പോലീസുകാരൻ കാമുകനായി വേഷമിടുന്നത് ഉണ്ണി മുകുന്ദനാണ്. ഗായകന്റെ കാമുകിയായി വന്ന രാധിക ആപ്‌തെയുടെ വേഷം ചെയ്യുന്നത് റാഷി ഖന്നയും. ഒരിടവേളക്ക് ശേഷം നടി അനന്യ മലയാള സിനിമയിൽ മടങ്ങിയെത്തുന്നു. പോലീസുകാരന്റെ ഭാര്യയുടെ റോളാണ് അനന്യ ചെയ്തിട്ടുള്ളത്.

ഇതുവരെയും പോസിറ്റീവ് റോളുകളിൽ കണ്ടു പരിചയിച്ച മംമ്ത മോഹൻദാസ്, ഉണ്ണി മുകുന്ദൻ എന്നിവർക്ക് നെഗറ്റീവ് പരിവേഷം നൽകി എന്നതാണ് ഈ സിനിമയിൽ എടുത്തുപറയാനുള്ള മറ്റൊരു വിഷയം.

രണ്ടാം പകുതിക്കു ശേഷം വരുന്ന അവയവ കച്ചവടക്കാരനായ ഡോക്‌ടറുടെ വേഷത്തിൽ ജഗദീഷും, സഹായിയായ സ്ത്രീയായി സ്മിനുവും എത്തുന്നു. നടൻ ഷൈൻ ടോം ചാക്കോ അതിഥി വേഷത്തിലുണ്ട്.

ചിത്രം ആമസോൺ പ്രൈമിൽ പ്രദർശനം തുടരുന്നു.
Published by:Meera Manu
First published: