HOME » NEWS » Film » MOVIES READ FORENSIC FILM FULL REVIEW TOVINO THOMAS MAMTHA MOHANDAS

Forensic movie review: ഒരു കുറ്റവും മറയ്ക്കാനാവില്ല; മായാത്ത കയ്യൊപ്പ് ഉണ്ടാവും

Read Forensic movie full review | കുറ്റാന്വേഷണം പോലീസിനല്ലേ എന്ന് ചോദിക്കുന്നവർക്ക്, അവർക്ക് നിർണ്ണായകമായി മാറാൻ സഹായിക്കുന്ന തെളിവുകളും വഴിത്തിരുവകളും നല്കുന്നവരായി ഫോറൻസിക് വിദഗ്ധരെ ഈ സിനിമ പരിചയപ്പെടുത്തുന്നു

meera | news18-malayalam
Updated: February 28, 2020, 2:26 PM IST
Forensic movie review: ഒരു കുറ്റവും മറയ്ക്കാനാവില്ല; മായാത്ത കയ്യൊപ്പ് ഉണ്ടാവും
ഫോറെൻസിക്കിൽ ടൊവിനോ, രഞ്ജി പണിക്കർ, റേബ മോണിക്ക
  • Share this:
തലസ്ഥാനത്തെ സുപ്രധാന മേഖലയിൽ നിന്നും ഒന്നിന് പിറകെ ഒന്നായി പെൺകുട്ടികളെ കാണാതെ പോവുക, അവർ കൊല്ലപ്പെടുക, പിന്നിൽ ഒരു കുറ്റവാളി. ഓരോ സ്ഥലത്ത് നിന്നും ഇരകളെ കടത്തിക്കൊണ്ടു പോകുന്ന ആളെ വളരെ വേഗം സ്കെച്ച് വഴി കണ്ടെത്തുക, ഇന്റർവെൽ ആവുമ്പോൾ അയാളുടെ കൂട്ടാളിയെയും വെളിച്ചത്തുകൊണ്ടുവരിക. സ്ക്രിപ്റ്റിന്റെ വേഗത കണ്ട് 'കൈവിട്ടു പോയോ' എന്ന് പ്രേക്ഷകൻ ചിന്തിച്ച് തുടങ്ങുന്നിടത്ത് നിന്നും ഫോറൻസിക് ഭാവനക്കപ്പുറത്തേക്കുള്ള യാത്ര ആരംഭിക്കുന്നു.

കൊലപാതക പരമ്പരയും, സീരിയൽ കില്ലറും പ്രാധാന്യമർഹിക്കുന്ന ഫോറൻസിക് എത്തുന്നത്, 2020ന്റെ ഓപ്പണിങ് ഇന്നിംഗ്സ് അടിച്ച് തകർത്ത, മലയാളി പ്രേക്ഷകൻ കയ്യടിച്ചു പ്രോത്സാഹിപ്പിച്ച, അഞ്ചാം പാതിരക്ക് തൊട്ടുപിന്നാലെയാണ്. അതുകൊണ്ടു തന്നെ പ്രതീക്ഷയേക്കാളേറെ വെല്ലുവിളിയുടെ ഭാരവുമായി തിയേറ്ററിലെത്തിയ ടൊവിനോ ചിത്രം നൽകുന്ന പുതുമയെന്തെന്ന് പ്രേക്ഷകർക്കും അറിയാൻ ആകാംഷയുണ്ടാവും.

വിദേശ ചിത്രങ്ങൾക്ക് പിറകെ പോകാത്ത പ്രേക്ഷക സമൂഹത്തിന്റെ ഒരുവിഭാഗം ഒരുപക്ഷെ അത്രതന്നെ കണ്ട് പരിചയിച്ചിട്ടില്ലാത്ത ഫോറൻസിക് വിദഗ്ധരുടെ വൈദഗ്ധ്യത്തിന് പ്രാധാന്യം നൽകിയുള്ള ചിത്രമായാണ് ഫോറൻസിക് നിർമ്മിച്ചിരിക്കുന്നത്. ഫോറൻസിക് വിദഗ്ധനായ സാമുവൽ ജോൺ കാട്ടൂക്കാരനെ ടൊവിനോ തോമസ് അവതരിപ്പിക്കുന്നു, ഒപ്പം കുട്ടികളെ കാണാതെപോകുന്നതിന്റെ അന്വേഷണ ചുമതലയുള്ള ഋതിക സേവ്യർ ഐ.പി.എസ്. ആയി മമത മോഹൻദാസും, സാമുവലിനൊപ്പം ഫോറൻസിക് വിദഗ്ധയായി ബിഗിലിലൂടെ ശ്രദ്ധേയയായ റേബ മോണിക്കയും കഥാപാത്രങ്ങളാവുന്നു.

തമിഴിൽ ആണെങ്കിലും മലയാളികളും കണ്ട് പരിചയിച്ച രാക്ഷസനും, അഞ്ചാം പാതിരയും നൽകിയ ഫീലിൽ നിന്ന് പുറത്തേക്കു വരിക എന്ന ശ്രമകരമായ ദൗത്യമാണ് ഫോറൻസിക് നിർവഹിച്ചിരിക്കുന്നത്. കുറ്റാന്വേഷണം പോലീസിനല്ലേ എന്ന് ചോദിക്കുന്നവർക്ക്, അവർക്ക് നിർണ്ണായകമായി മാറാൻ സഹായിക്കുന്ന തെളിവുകളും വഴിത്തിരുവകളും നല്കുന്നവരായി ഫോറൻസിക് വിദഗ്ധരെ അവതരിപ്പിച്ചുള്ള വ്യത്യസ്ത പ്രമേയമാണ് ഫോറെൻസിക്കിന്റേത്.

Youtube Video


വിരലടയാളം, ഡി.എൻ.എ. ടെസ്റ്റുമൊക്കെ കുറ്റാന്വേഷണത്തിന് ഉപകരിക്കുമെന്നിരിക്കെ, ഇവയുടെ അനന്തസാധ്യതകൾ എങ്ങനെയെന്ന പരിശോധന കൂടിയായി ഈ ചിത്രം മാറുന്നു. ഒരു നഗരത്തിൽ നടക്കുന്ന ക്രൈം ആയിട്ട് കൂടി എന്തുകൊണ്ട് സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള കഥ പറഞ്ഞില്ലെന്നതും ഈ വിഷയത്തിന്റെ പ്രസക്തി കുറയ്ക്കാതിരിക്കാനുള്ള ശ്രമമായി തോന്നുന്നുണ്ട്.

ഏതെങ്കിലുമൊരു കഥാപാത്രത്തെ കേന്ദ്രീകരിക്കാതെ, കഥാപാത്രങ്ങളിലൂടെ കഥപറയുന്ന രീതി ക്രൈം ത്രില്ലറിന്റെ സസ്പെൻസിന് മുതൽക്കൂട്ടാവുന്നുണ്ട്. ഒരു സീരിയൽ ക്രൈം നടന്നു കൊണ്ടിരിക്കവേ, അതേ കൊലയാളി തന്നെ നാടിനെ നടുക്കിയ സമാന രീതിയിലെ മറ്റൊരു ക്രൈം കൂടി വർഷങ്ങൾക്ക് മുൻപേ നടത്തിയതും സ്ക്രിപ്റ്റിനെ അരക്കിട്ടുറപ്പിക്കുന്നു. ഒപ്പം കുടുംബ പ്രേക്ഷകരെയും കൂടെ കൂട്ടുന്ന കാര്യങ്ങളും ഉള്ളടക്കത്തിൽ കാണാം.

പോയ വർഷത്തിന്റെ അവസാനം വരെ എത്തിനിന്ന തന്റെ ഗ്രാഫിനെ ടൊവിനോ തോമസ് ഒറ്റയടിക്ക് പിടിച്ചുയർത്തുന്ന ചിത്രമാണ് ഫോറൻസിക്. മംമ്ത മോഹൻദാസും ഏറെനാളുകൾക്ക് ശേഷം ഒരു മുഴുനീള കഥാപാത്രത്തിലൂടെ വീണ്ടും മലയാളി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കുറ്റവാളിയാവാനുള്ള സാധ്യത ആർക്കുമുണ്ടാവാം എന്ന സാധ്യത പരിശോധിക്കുന്ന ചിത്രത്തിന്റെ മാറിവരുന്ന മൂഡുകൾക്കൊപ്പം ചലിക്കാൻ സംഗീതവും ശബ്ദവിന്യാസവും അർഹിക്കുന്ന പ്രാധാന്യത്തോടു കൂടി എത്തിക്കാൻ സംഗീത സംവിധായകനായ ജെയ്ക്സ് ബിജോയും സൗണ്ട് ഡിസൈനർമാരായ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ എന്നിവരുടെ ടീം ശ്രദ്ധിച്ചിട്ടുണ്ട്. തീരുമാനിച്ചുറപ്പിച്ചതിൽ നിന്നും മാറി സ്ക്രിപ്റ്റിന് പുറമെ സംവിധാനം കൂടി ഏറ്റെടുക്കേണ്ടി വന്ന സാഹചര്യത്തെ അഖിൽ പോൾ, അനസ് ഖാൻ എന്നിവർ മനോഹരമായി നിർവഹിച്ചിരിക്കുന്നു.

ഒരു ക്രൈം ത്രില്ലറിൽ ആരംഭിച്ച 2020ന്റെ മികച്ച തുടക്കത്തെ പൊലിമ തീർത്തും ചോരാതെ തന്നെ അതെ ജോണറിൽ ഇറങ്ങിയ രണ്ടാമത്തെ ചിത്രവും കൈകാര്യം ചെയ്തു എന്നത് പ്രേക്ഷകരെയും തൃപ്തിപ്പെടുത്തും. യാദൃശ്ചികമെന്നോണം, ഒരു കുഞ്ഞിന്റെ തിരോധനത്തിനും വേർപാടിനും മുന്നിൽ വിറങ്ങലിച്ചു നിൽക്കുന്ന കേരളത്തിന് ഇന്നത്തെ സമൂഹത്തിൽ കുട്ടികളുടെ സുരക്ഷയെപ്പറ്റി ജാഗരൂഗരാവാനുള്ള സന്ദേശം കൂടിയായി ഈ സിനിമ മാറുന്നു.

Youtube Video
Published by: meera
First published: February 28, 2020, 2:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories