Finals Film Review: കൂട്ടയോട്ടത്തിൽ ഒന്നല്ല, തലയുയർത്തിനിൽക്കുന്ന ചിത്രമാണ് ഫൈനൽസ്

Read full review of Finals movie | സ്പോർട്സ് ഡ്രാമകൾ വിജയിക്കാൻ പ്രയാസമുള്ള മലയാളത്തിൽ ഒരു സ്പോർട്സ് സിനിമ

news18-malayalam
Updated: September 8, 2019, 11:47 AM IST
Finals Film Review: കൂട്ടയോട്ടത്തിൽ ഒന്നല്ല, തലയുയർത്തിനിൽക്കുന്ന ചിത്രമാണ് ഫൈനൽസ്
രജിഷ വിജയനും സുരാജ് വെഞ്ഞാറമൂടും ഫൈനൽസ് പോസ്റ്ററിൽ
  • Share this:
വിഷ്ണു ഉദയൻ

കട്ടപ്പനയിലേക്കൊരു ഒളിമ്പിക്സ് മെഡലാണ് വർഗീസ് മാഷ് പണ്ട് മുതലേ കാണുന്ന സ്വപ്നം. അത് തന്റെ മകളിലൂടെ നേടുന്നതിനായിട്ട് വർഗീസ് ആലീസിന്റെ ശ്രദ്ധ മറ്റൊന്നിലേക്കും പോകാതെ, എന്തിനേറെ പറയുന്നു, ഒരു മൊബൈൽ ഫോൺ പോലും വാങ്ങി കൊടുക്കാതെ, അവളുടെ ഇഷ്‌ടത്തിനുള്ള കർട്ടൻ പോലും വീട്ടിൽ കയറ്റാതെ വളർത്തുന്നു. പെട്ടെന്നാണ് ആലീസിന്റെ ജീവിതത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു തടസ്സമുണ്ടാവുന്നത്.

അച്ഛന്റെ അകമറ്റ പിന്തുണയിൽ സ്വർണ്ണമെഡൽ നേടുന്ന നായിക പുതുമയല്ല. ഇനി അതൊന്നു തിരിച്ചു ചിന്തിക്കൂ. 2020 ടോക്കിയോ ഒളിമ്പിക്സിൽ മാത്രം ശ്രദ്ധ കേന്ദ്രികരിച്ചു മുന്നേറുന്ന കട്ടപ്പനയുടെ സൈക്ലിംഗ് താരമായ ആലീസിന്റെ ജീവിതത്തിൽ നടക്കുന്ന ഒരു സംഭവം വർഗീസ് മാഷെന്ന അച്ഛനെ, ആ പഴയ പടക്കുതിരയെ വീണ്ടും ഉണർത്തുന്നു.

ആദ്യ ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന അവാർഡ് നേടിയ നായിക, ആദ്യ സിനിമയിലെ ഒരൊറ്റ ഗാനംകൊണ്ടു മലയാള സംഗീത ലോകത്ത്  തന്റേതായ ഇടം സൃഷ്ടിച്ച സംഗീത സംവിധായകൻ, ആദ്യ സിനിമയിലൂടെ മലയാള സിനിമ ഇനി തന്റേതുകൂടിയാണെന്നു ഉറപ്പിച്ചു പറഞ്ഞ ഛായാഗ്രാഹകൻ ഇവർക്കൊപ്പം നാടകങ്ങളിലൂടെ പ്രശസ്തി നേടിയ സംവിധായകനും ദേശീയ പുരസ്കാരം നേടിയ മലയാളത്തിന്റെ പ്രിയപ്പെട്ട സുരാജ് വെഞ്ഞാറമൂടും. ഇതെല്ലാം ചേർന്നതാണ് ഫൈനൽസ് എന്ന സിനിമ.

സ്പോർട്സ് ഡ്രാമകൾ വിജയിക്കാൻ പ്രയാസമുള്ള മലയാളത്തിൽ ഒരു സ്പോർട്സ് സിനിമ. സ്പോർട്സ് ഫെഡറേഷന്റെ വർഷങ്ങളായുള്ള കുത്തഴിഞ്ഞ ഭരണവും അഴിമതിയും, സ്വപ്നം കാണാൻ പഠിച്ചവന്റെ കഷ്ടപ്പാടും ഇതിലും ഭംഗിയായി മറ്റൊരു മലയാള ചിത്രം അവതരിപ്പിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.

വർഗീസ് മാഷിനെ സുരാജ് വെഞ്ഞാറമൂട് ഗംഭീരമായിട്ടാണ് കൈകാര്യം ചെയ്തിരിക്കുന്നത്. മലയാള സിനിമയിൽ ഇതിലും മികച്ചതാക്കാൻ കഴിയാത്ത  റേഞ്ചിലേക്ക് സുരാജ് എന്ന കലാകാരൻ എത്തിച്ചിരിക്കുന്നു.രണ്ടാം പകുതിയിലെ സുരാജിന്റെ സംഭാഷണത്തിലും അംഗ വിക്ഷേപത്തിലും കാണികളെ കോൾമയിർ കൊള്ളിക്കാൻ സാധിക്കുന്നു. വർഗീസ് മാഷിന്റെ കണ്ണീരും നിസ്സഹായതയും പ്രേക്ഷകരെ പിടിച്ചിരുത്തും.

സംഭാഷണം കുറഞ്ഞ ഭാഗങ്ങളിൽ സംഗീതം എങ്ങനെ പ്രയോജനപ്പെടുത്താം എന്ന്  കൈലാസ് മേനോൻ കാണിച്ചു തരും. സുദീപിന്റെ ഓരോ ഫ്രെയിമും കട്ടപ്പനയെയും വർഗീസ് മാഷിനെയും ആലീസിനെയും മാനുവേലിനെയും നമുക്കൊപ്പം യാത്ര ചെയ്യിക്കുന്നു.

ജൂൺ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയ  രജിഷ വിജയൻ തന്റെ അഭിനയം മറ്റൊരു തലത്തിലേക്ക് ഉയർത്തിരിയിക്കുന്നു. എടുത്തു പറയേണ്ടതായ പ്രകടനമാണ് നിരഞ്ജ് മണിയൻപിള്ള രാജുവിന്റേത്. മുൻ സിനിമകളിൽ തന്റെ അഭിനയമികവ് പുറത്തെടുക്കാൻ അവസരം ലഭിക്കാതിരുന്ന  നിരഞ്ജ് ഞെട്ടിക്കുന്ന അഭിനയമാണ് ഫൈനൽസിൽ കാഴ്ചവയ്ക്കുന്നത്.

ടിനി ടോം, സോനാ നായർ, മുത്തുമണി തുടങ്ങിയവരും അവരുടെ വേഷങ്ങൾ ഗംഭീരമാക്കിയപ്പോൾ പൂർണ്ണമായും ഒരു സംവിധായകന്റെ ചിത്രമായി ഫൈനൽസ്. ആദ്യ സിനിമയെന്ന് ഒരർത്ഥത്തിലും തോന്നിപ്പിക്കാത്ത മികവ് സംവിധായകൻ പി.ആർ.അരുൺ കാഴ്ചവെച്ചിരിക്കുന്നു. ഓണപ്പടങ്ങൾക്കിടയിൽ ഫൈനൽസ് മികച്ച വിജയം അർഹിക്കുന്നുണ്ട്. ഓരോ കായിക പ്രേമിയും ഓരോ മലയാളിയും കാണേണ്ട സിനിമ തെന്നയാണ് ഫൈനൽസ്.

(അന്താരാഷ്ട്ര പുരസ്‌കാരം നേടിയ ഹ്രസ്വചിത്ര സംവിധായകനും സിനിമ നിരീക്ഷകനും ആണ് എഴുത്തുകാരൻ)

First published: September 8, 2019, 11:47 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading