• HOME
  • »
  • NEWS
  • »
  • film
  • »
  • Halal Love Story review | എങ്ങനെ 'ഹലാൽ' സിനിമ ഉണ്ടാക്കാം? സിനിമയ്ക്കുള്ളിലെ സിനിമാക്കഥ

Halal Love Story review | എങ്ങനെ 'ഹലാൽ' സിനിമ ഉണ്ടാക്കാം? സിനിമയ്ക്കുള്ളിലെ സിനിമാക്കഥ

Halal Love Story movie review | നാടിന്റെ ഇടനാഴികളിൽ നിന്നും ഒപ്പിയെടുത്ത കഥയുമായി ഒരു സക്കറിയ മുഹമ്മദ് മാജിക്

ഹലാൽ ലവ് സ്റ്റോറി

ഹലാൽ ലവ് സ്റ്റോറി

  • Share this:
കലാമൂല്യമുള്ള സിനിമയെ നെഞ്ചോടു ചേർത്തു പിടിക്കുന്ന വടക്കൻ കേരളത്തിലെ ഒരു ജനസമൂഹം. സ്കൂൾ കുട്ടികൾ മുതൽ മുതിർന്നവർ വരെ മാജിദ് മജീദി പോലുള്ള മഹാരഥന്മാരുടെ സിനിമകളുടെ ആരാധകർ. ഭക്ഷണവും ശുദ്ധവായുവും പോലെ സിനിമയെ കരുതുന്നവർ. സാമ്രാജ്യത്വ ശക്തികൾക്കെതിരെ കലയെന്ന ആയുധം കൊണ്ട് പോരാടുന്നവർ. തലമുറകളായി കൈമാറിവന്ന വിശ്വാസങ്ങൾ കൈവിടാത്തവർ, ആ വിശ്വാസങ്ങളിൽ അടിയുറച്ചു കൊണ്ട്, അതിന്റെ തത്വ സംഹിതകൾക്ക് കോട്ടം വരാത്ത രീതിയിൽ, തീർത്തും 'ഹലാൽ' ആയി ഒരു സിനിമയെടുക്കാൻ തീരുമാനിക്കുന്നു.

പ്രചുര പ്രചാരമുള്ള തീമുകളിൽ നിന്നും മാറിചിന്തിച്ച് നാടിന്റെ ഇടനാഴികളിൽ നിന്നും സിനിമയുടെ വലിയ ക്യാൻവാസിലേക്ക് ജീവിതം കോറിയിടുന്ന സംവിധായകൻ സക്കറിയ മുഹമ്മദ്, 'സുഡാനി ഫ്രം നൈജീരിയക്ക്' ശേഷം അത്തരമൊരു ഹൃദയഹാരിയായ കഥയുമായി എത്തുന്നു, 'ഹലാൽ ലവ് സ്റ്റോറിയിലൂടെ'.

നാട്ടിലെ സാംസ്കാരിക കൂട്ടായ്മയുടെ അമരക്കാരൻ  റഹീം സാഹിബ് (നാസർ കരുത്തേനി) എന്ന സിനിമാ സ്നേഹിയായ, സർവാദരണീയനായ, മുതിർന്ന വ്യക്തിയും, ഷെരീഫ് (ഇന്ദ്രജിത് സുകുമാരൻ) എന്ന നടനും, തൗഫീഖ് (ഷറഫുദീൻ) എന്ന തിരക്കഥാകൃത്തും ചേരുമ്പോൾ എന്തുകൊണ്ടും 'ഹലാൽ' ആയിത്തന്നെ ഒരു സിനിമ ചിന്തയിലും കടലാസ്സിലും വിരിയുന്നു. പക്ഷെ മുഖ്യധാരാ സിനിമയിലെ അനുഭവസമ്പത്തുമായി ഇവർക്കിടയിലേക്ക്‌ സംവിധായകൻ സിറാജ് (ജോജു ജോർജ്) എത്തുന്നതും, 'മൂന്നാമതും ഉമ്മ' എന്ന് ഇവർ പേരിട്ട് തയാറാക്കിയ സ്ക്രിപ്റ്റും കഥാഗതിയും വഴിത്തിരിവുകളിലേക്ക് നീങ്ങുന്നു.

ഒരുപക്ഷേ സിനിമയെ സ്നേഹിക്കുന്നവരിലും, സിനിമാ/നാടക/മാധ്യമ വിദ്യാർത്ഥികളുടെ ഇടയിലും മാത്രമായി ചുരുങ്ങിയിട്ടുള്ള ഒരു കഥാമുഹൂർത്തത്തെ ഊടുംപാവുമേകി സിനിമയാക്കി അവതരിപ്പിക്കുകയാണ് രണ്ടുമണിക്കൂറോളം നീളുന്ന ഈ ചിത്രം.'ക്രൗഡ് ഫണ്ടഡ്' ചിത്രങ്ങൾ എടുക്കാൻ സംവിധായകർ മുന്നോട്ടു വരികയും, അത്തരം ചിത്രങ്ങൾ രാജ്യാന്തര തലത്തിൽ അംഗീകാരങ്ങൾ നേടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ, വൻ മുടക്കുമുതൽ നടത്താനില്ലത്തവർ, ഒരു ജനകീയ സിനിമയെടുക്കുമ്പോൾ നേരിടുന്ന തത്രപ്പാടുകളുടെ സങ്കീർണ്ണ വശങ്ങൾ 'ഹലാൽ ലവ് സ്റ്റോറി' എന്ന സിനിമയ്ക്കുള്ളിലെ സിനിമയിൽ നേരിട്ട് കണ്ടു മനസ്സിലാക്കാൻ പ്രേക്ഷകർക്കും സാധിക്കും.

മുഖ്യകഥാപാത്രങ്ങളായ ഷെരീഫും, സിറാജും, സുഹറയും, തൗഫീക്കും സ്‌ക്രീനിലെത്തുമ്പോൾ ഇന്ദ്രജിത്, ജോജു, ഗ്രെയ്‌സ്, ഷറഫുദ്ദീൻ എന്നിവർ അവരുടെ തന്നെ കണ്ടുപരിചയിച്ച പ്രകടനങ്ങൾക്ക് പുറമെയുള്ള അഭിനയശൈലി കാഴ്ചവയ്ക്കുന്നു. മുഴുനീള റോളുകളിൽ എത്തുന്ന ഈ നാൽവർ സംഘത്തിന്റെ ചുമലിൽ സിനിമയുടെ പ്രധാന ഉത്തരവാദിത്തം ഏൽപ്പിച്ചിട്ടുണ്ടെങ്കിൽ അതവർ കർത്തവ്യബോധത്തോടെ നിർവഹിച്ചിട്ടുമുണ്ട്.

മുഴുനീള കഥാപാത്രങ്ങളിൽ മറ്റുള്ളവരെയെല്ലാം ഒട്ടേറെത്തവണ പ്രേക്ഷകർ ഇതിനോടകം കണ്ടുകഴിഞ്ഞിരിക്കുന്നു. എന്നാൽ 'കുമ്പളങ്ങി നൈറ്റ്‌സിന്' ശേഷം തുടക്കം മുതൽ അവസാനം വരെ സ്‌ക്രീനിൽ നിറയുന്ന നായികാ കഥാപാത്രമാവാൻ ഗ്രെയ്‌സ് ആന്റണിക്ക് അവസരം ലഭിച്ച രണ്ടാമത്തെ ചിത്രം എന്ന നിലയിൽ 'ഹലാൽ ലവ് സ്റ്റോറി' ഈ യുവ താരത്തിന്റെ അഭിനയ മികവിന്റെ അളവുകോലായി കൂടി മാറുന്നു. ഒരു ക്യാമറ പോയിട്ട് സിനിമ തന്നെ എന്തെന്നറിയാത്ത, കുടുംബത്തിനുള്ളിൽ ഒതുങ്ങിക്കൂടുന്ന വീട്ടമ്മയിൽ നിന്നും, അഭിനേതാവെന്ന നിലയിലേക്ക് മാറേണ്ടി വരുന്ന സുഹറ, ഗ്രെയ്‌സിന്റെ കൈകളിൽ എന്തുകൊണ്ടും അനുയോജ്യവും സുരക്ഷിതവുമാണ്. നാസർ കരുത്തേനിയുടെ റഹീം സാഹിബ് റിയലിസ്റ്റിക് അവതരണത്തിലൂടെ ശ്രദ്ധ നേടുന്ന കഥാപാത്രമാണ്.

പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സൗബിൻ ഷാഹിർ, പാർവതി തിരുവോത്ത് എന്നിവർ അതിഥി വേഷത്തിലെത്തുന്നു. ചിത്രം ആമസോൺ പ്രൈമിൽ പ്രദർശനം തുടരുന്നു.
Published by:user_57
First published: