• HOME
 • »
 • NEWS
 • »
 • film
 • »
 • Jallikattu review: മലയാള സിനിമ 'കൈവിട്ടു' പോയിരിക്കുന്നു, ലോകസിനിമാ ഭൂപടത്തിലേക്ക്

Jallikattu review: മലയാള സിനിമ 'കൈവിട്ടു' പോയിരിക്കുന്നു, ലോകസിനിമാ ഭൂപടത്തിലേക്ക്

Read Jallikattu movie full review | ചട്ടക്കൂടുകൾക്ക് പുറത്ത് സിനിമയെ തിരയുന്ന ഓഡിയന്സിന് മറ്റൊരു ലക്ഷ്യസ്ഥാനം

 • Share this:
  #മീര മനു

  റയിൽ പാളം പോലെ ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ടു വഴികളിലൂടെയാണ് വർഷങ്ങളായുള്ള മലയാള സിനിമയുടെ യാത്ര. പാളത്തിന്റെ ഒരുഭാഗം എന്നും മലയാള സിനിമക്ക് വേണ്ടി നിലകൊള്ളുന്ന സ്ഥിരം പ്രേക്ഷകരെ മനസ്സിൽ കണ്ടു കൊണ്ട് മെനയുന്ന കഥ പറയുന്ന ചിത്രങ്ങൾ. മറു ഭാഗമാവട്ടെ, ലോകോത്തര നിലവാരത്തിൽ അനുദിനം മാറി മറിയുന്ന ട്രെൻഡുകളിൽ ഇന്ത്യൻ സിനിമയുടെ അവിഭാജ്യ ഘടകമായ മലയാള സിനിമയെ എത്തിക്കാൻ പെടാപ്പാടുപെടുന്ന വിഭാഗം.

  രണ്ടാമത് വിഭാഗം അന്താരാഷ്ട്ര നിലയിൽ ചർച്ച ചെയ്യപ്പെട്ട ശേഷമാണ് പലപ്പോഴും കേരളത്തിലെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ടൊറന്റോ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ ആദ്യ പ്രദർശനം കഴിഞ്ഞ ശേഷം കേരളത്തിലെ പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുകയാണ് ജല്ലികട്ട്. ചട്ടക്കൂടുകൾക്ക് പുറത്ത് സിനിമയെ തിരയുന്ന ഓഡിയന്സിന് മറ്റൊരു ലക്ഷ്യസ്ഥാനം.

  മദംപൊട്ടി ഓടുന്ന പോത്തും, അതിനെ മെരുക്കാൻ പണിപ്പെടുന്ന ഒരു ഗ്രാമത്തിലെ മനുഷ്യരും. ചിത്രത്തിനെ ഒറ്റവരി പ്രമേയത്തിൽ നിർവചിക്കാമെങ്കിൽ, പലതട്ടുകളിൽ അന്തർലീനമായിരിക്കുന്ന ജല്ലിക്കട്ടിന്റെ മുകൾപാളി വരെയേ പ്രേക്ഷകൻ എത്തിയിട്ടുള്ളൂ എന്നുറപ്പ്.

  പോത്തിന്റെ പിറകെ ഓടുന്നതിലുപരി ഈ ഗ്രാമത്തിന്റെ പരിസരവും, അവിടുത്തെ മനുഷ്യരും കടുത്ത രാഷ്ട്രീയ സിദ്ധാന്തങ്ങളെ ഉൾക്കൊണ്ടിരിക്കുന്നു.

  Read: Jallikattu first half review: ജല്ലിക്കട്ട് ആദ്യ പകുതി ഇവിടെ വരെ

  രാവെന്നോ പകലെന്നോ ഭേദമില്ലാതെ നാശം വിതയ്ക്കുന്ന പോത്തിന് കടിഞ്ഞാണിടാൻ ഗ്രാമം ഒന്നിച്ചിറങ്ങുമ്പോഴും, ഈ അവസ്ഥയിലേക്കെത്തുന്നതിനും മുൻപ് സഹ ജീവികളെന്ന നിലയിൽ അവരിൽ അടങ്ങിയിരിക്കുന്ന വിയോജിപ്പികളും ഭിന്നിപ്പുകളും ഉള്ളിലെ കാടത്തവും മറ നീക്കി, അഥവാ പൂർവാധികം ശക്തിയായി തിരികെയെത്തുന്നു.

  കാളവണ്ടി പോലും കടക്കാത്ത, മൃഗങ്ങൾ പാർത്തിരുന്ന കാട്ടിൽ അപ്പൻ മനുഷ്യ വാസം ആരംഭിക്കാൻ ഇറങ്ങിയ കഥ പറയുന്ന നാട്ടിലെ മുതിർന്ന വ്യക്തി. രാത്രിയിൽ തീകാഞ്ഞിരുന്ന് പറയുന്ന ഈ കഥയിൽ മൃഗം എന്ന ഇമേജറിയിൽ നിന്നും മൃഗീയത എന്ന് വിളിക്കുന്ന ഘടകം മനുഷ്യരിലേക്ക് രൂപാന്തരം പ്രാപിക്കുന്ന നിർണ്ണായക വഴിത്തിരിവാണ്. "അവന്മാര് രണ്ടു കാലേൽ ഓടുന്നെങ്കിലും, മൃഗമാ മൃഗം" എന്ന വാചകം ജല്ലികട്ടിന്റെ അന്തസത്ത പേറുന്ന വരിയാണ്.  മനുഷ്യ മനസ്സിൽ എപ്പോൾ വേണമെങ്കിലും കടിഞ്ഞാൺ പൊട്ടി ഓടാൻ കാത്തു നിൽക്കുന്ന മറ്റൊരു കാട്ടുപോത്തിന്റെ പിറകെയാണ് ഈ യാത്ര. കാതടപ്പിക്കുന്ന ഒച്ചപ്പാടും പൈശാചികതയും തന്റെ സിനിമയിലെ ഇഷ്‌ട ചേരുവയാക്കിയ ലിജോ ജോസ് പെല്ലിശ്ശേരി, ജല്ലിക്കട്ടിന്റെ മത്സരയോട്ടത്തിലും ഇവയെ ഒപ്പം കൂട്ടുന്നു.

  മനുഷ്യ മനസ്സിലെ കാടത്തം, സ്ത്രീകൾ അനുഭവിക്കുന്ന അടിച്ചമർത്തലും അസമത്വവും, കപട സദാചാര ബോധം എന്നിവയെ ഒന്നിച്ചൊരിടത്ത് അടച്ചാക്ഷേപിക്കാൻ ഒരുപക്ഷെ മറ്റൊരു മലയാള സിനിമ ജല്ലികട്ടിനോളം എത്തിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

  കഥാപാത്രങ്ങളുടെ പ്രാധാന്യം കൊണ്ട് ഒരിക്കലും അളക്കാനാവാത്ത ചിത്രമാണ് ജല്ലികട്ട്. ഏതെങ്കിലും ചില ക്യാരക്റ്ററുകളിലോ, കൂട്ടത്തിലോ ഒതുങ്ങാതെ, ഒന്ന് മറ്റൊന്നിലേക്ക് വഴിമാറുന്ന നവീന രീതിയാണ് ജല്ലികട്ട് പിന്തുടരുന്നത്. അഥവാ താരപ്രഭാവത്തിന് പ്രാധാന്യം കൽപ്പിക്കാത്ത ചിത്രമെന്ന് വിളിക്കാം.

  ഇരുളിൽ നിന്നും വെളിച്ചത്തിലേക്കും ശേഷം വീണ്ടും ഇരുട്ടിലേക്കും തിരിയുന്ന ഗിരീഷ് ഗംഗാധരന്റെ ക്യാമറ ജല്ലികട്ടിനെ മികച്ച ഫ്രയിമുകളുടെ ചിത്രമാക്കുന്നു. അപ്രതീക്ഷിതയിടങ്ങളിൽ അതി വിദഗ്ധമായി ചലിക്കപ്പെടുന്ന ക്യാമറ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിലെ അവിഭാജ്യ ഘടകമാണ്.

  രണ്ടാം പകുതിയിലേക്ക് പ്രവേശിക്കവെ കിണറ്റിൽ വീണ പോത്ത് കിണറ്റിനുള്ളിൽ നിന്നും മുകളിലേക്ക് നോക്കുന്ന ഷോട്ട്, നാട്ടുകാർ കൂടി നിന്ന് അവരവരുടേതായ പന്തങ്ങളിലേക്ക് തീ പടർത്തുന്ന ഏരിയൽ ഷോട്ട്, പോത്തിനെ മെരുക്കുന്നതിനിടയിൽ പെയ്യുന്ന മഴക്കിടെ ജീവൻ നഷ്‌ടപ്പെടുന്ന ആളിനെയും ചെളിയിൽ പുതഞ്ഞ പരിസരത്തെയും പല അർത്ഥതലങ്ങളിലെക്ക് എത്തിക്കുന്ന ഷോട്ടുകൾ, ക്ളൈമാക്സിനോടടുക്കുമ്പോൾ ഉള്ള മനുഷ്യ മതിൽ എന്നിവ ഗിരീഷ് ഗംഗാധരൻ എന്ന ഛായാഗ്രാഹകന്റെ പ്രതിഭയെ വിളിച്ചോതുന്ന ചുരുക്കം ചില ഏടുകൾ മാത്രം. അതിലുമെത്രയോ ഏറെയുണ്ട് ജല്ലികട്ടിൽ എന്ന് പറഞ്ഞാൽ ബാക്കി ഊഹിക്കാവുന്നതേയുള്ളൂ.

  പശ്ചാത്തല സംഗീതത്തിന് വാദ്യോപകരണങ്ങൾ മാത്രമെന്തിനെന്ന ചോദ്യമാണ് പ്രശാന്ത് പിള്ള ഉയർത്തുന്നത്. കോറസിൽ തീർത്ത ഒച്ചകൾ ഉയർത്തിയ പശ്ചാത്തലത്തിൽ വിടരുന്ന ഫ്രയിമുകളാണ് ജല്ലികട്ടിനു ജീവൻ നൽകുന്നത്. എടുത്തു പറയേണ്ടതാണ് രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനും. അങ്കമാലി ഡയറീസിലും, ഈ.മ.യൗ.വിലും പ്രേക്ഷകനെക്കൊണ്ട് 'ഇതുവരെ കേട്ടതല്ലല്ലോ' എന്ന് പറയിപ്പിച്ച പശ്ചാത്തലസംഗീത സങ്കേതങ്ങൾ ഉണ്ടെങ്കിൽ, ഇവിടെയും അത്തരം വ്യത്യസ്തതകൾ ആവർത്തിക്കപ്പെടുന്നു.

  വിദേശ മേളയിലെ ആദ്യ പ്രദർശനത്തിൽ ലോക പ്രേക്ഷകരെക്കൊണ്ട് ലിജോ ജോസ് കയ്യടിപ്പിച്ചെങ്കിൽ, ഒന്നുറപ്പ്, മലയാള സിനിമ 'കൈവിട്ടു' പോയിരിക്കുന്നു, ലോകസിനിമാ ഭൂപടത്തിലേക്ക്.

  First published: