'മനുഷ്യന്മാര് രണ്ട് കാലിൽ നടക്കാൻ തുടങ്ങിയത് മുതൽ നിർത്താതെ ചെയ്യുന്ന ഒന്നേയുള്ളൂ, തമ്മിൽ തല്ലലും കൊല്ലലും,' പ്രായത്തിന്റെയും ജീവിതാനുഭവങ്ങളുടെയും വെളിച്ചത്തിൽ വയോധികനായ മൂസ ഖാദർ പറയുന്ന വാക്കുകളാണിത്. പകയുടെയും വിദ്വേഷത്തിന്റെയും പേരിൽ വാളോങ്ങി നിൽക്കുന്ന യുവതലമുറ ഈ മനുഷ്യന്റെ മുന്നിൽ എത്ര നിഷ്പ്രഭരാണ്.
തിരിച്ചെടുക്കാനാവാനാവാത്ത ബന്ധങ്ങളുടെ നഷ്‌ടത്തിൽ ജീവിക്കുന്ന മനുഷ്യരുടെ കയ്യിൽ ആയുധം പിടിപ്പിച്ചാൽ അവർ എന്തും ചെയ്യാൻ മുതിരും എന്ന് പ്രതീക്ഷിക്കുന്നവരുടെ മുന്നിൽ മൂസയും മകൻ ഇബ്രാഹിമും നൽകുന്ന പാഠം മറ്റൊന്നാണ്.
പ്രളയം സൃഷ്‌ടിച്ച ഉരുൾപൊട്ടലിൽ ഭാര്യയേയും മകളേയും നഷ്‌ടമായ ഇബ്രു എന്ന ഇബ്രാഹിമും (റോഷൻ മാത്യു), തന്റെ ഭാര്യയെ നഷ്‌ടമായ പ്രേമനും (മണികണ്ഠൻ ആചാരി) മനസ്സിലെ നീറ്റലുമായി ആ ഓർമ്മകളുടെ ഒരാണ്ട് പൂർത്തിയാക്കുന്നത് വരെയുള്ള പശ്ചാത്തലത്തിലാണ് മനു വാര്യർ 'കുരുതി'ക്ക് തുടക്കം കുറിക്കുന്നത്.
പങ്കാളിയെ നഷ്‌ടമായ പ്രേമന്റെ അനുജത്തിയും ഇബ്രുവിന്റെ അയൽക്കാരിയുമായ സുമതി (ശ്രിന്ദ) അവർക്ക് നിറമനസ്സോടെ ഭക്ഷണം വെച്ചുവിളമ്പുന്നു. അന്തർമുഖനായ ഇബ്രുവിനോട് മനസ്സിൽ കൊണ്ടുനടക്കുന്ന പ്രണയം, ഒരു സാഹചര്യത്തിൽ അവൾ അവനോട് വെളിപ്പെടുത്തുന്നു. മതത്തിന്റെ വേലിക്കെട്ടുകളെ കൂസാത്ത ഇബ്രുവിന്റെ പിതാവ് മൂസ, എന്തുകൊണ്ട് അവളെ തന്റെ മരുമകൾ ആക്കിക്കൂടാ എന്ന ചോദ്യം പിന്നീടൊരവസരത്തിൽ മകനോട് ചോദിക്കുന്നുമുണ്ട്.
നല്ല അയൽക്കാരും, മനുഷ്യരുമായി ജീവിക്കുന്ന അവരുടെ ബന്ധം മാതൃകാപരമായി മുന്നേറുന്നതിനിടെ ആ ജീവിതങ്ങളെ പിടിച്ചുകുലുക്കി മൂസയുടെ വീടിനുള്ളിലേക്ക് ഒരു രാത്രി കടന്നുവരുന്ന പോലീസുകാരനും പ്രതിയും അതിനെ തുടർന്നുണ്ടാവുന്ന കോലാഹലങ്ങളും സിനിമയെ അവിടം മുതൽ നയിക്കുന്നു. രാത്രിയിൽ അഭയം തേടിവരുന്ന എസ്.ഐ. സത്യനെയും (മുരളി ഗോപി), കൈവിലങ്ങിട്ട പ്രതി വിഷ്ണുവിനെയും (സാഗർ സൂര്യ) ഇറക്കിവിടാതെ, സാഹചര്യത്തിന് മുന്നിൽ പകച്ചുപോകാതെ, മൂസയും കുടുംബവും, അവർക്കിടയിലേക്ക് വന്നു ചേരുന്ന സുമതിയും നേരിടുന്നു.
ഇതേസമയം ക്ഷണിക്കപ്പെടാതെ വരുന്ന മറ്റൊരതിഥിയായ സുഹൃത്ത് കരീമും (ഷൈൻ ടോം ചാക്കോ) അയാൾക്കൊപ്പമുള്ള അപരിചിതനായ ലായിഖും (പൃഥ്വിരാജ്) രംഗം കൂടുതൽ വഷളാക്കുന്നു. ഇവിടെ നടക്കുന്ന സംഘട്ടനങ്ങളിൽ ജീവൻ പിടയുമ്പോൾ, സത്യന് ഇബ്രു നൽകുന്ന ഉറപ്പ്, 'കൊല്ലും എന്ന വാക്കും കാക്കും എന്ന പ്രതിജ്ഞയും' തമ്മിലെ പിടിവലിയിലേക്കും ശരിതെറ്റുകളുടെ കയറ്റിറക്കങ്ങളിലേക്കും സിനിമയെ കൂട്ടിക്കൊണ്ടു പോകുന്നു.
ഒരു വീടിനെ കേന്ദ്രീകരിച്ച് പ്രധാനമായും മുന്നേറുന്ന ചിത്രം, സമീപകാല സമൂഹത്തിന്റെ നേർരേഖയായി മാറുന്നു. കണ്ണിന് കണ്ണും, പല്ലിന് പല്ലും എന്ന് നിശ്ചയിച്ചുറപ്പിച്ച് ഒരുവിഭാഗം ജനങ്ങൾ വാളോങ്ങുമ്പോൾ, വിസ്മൃതിയിലാണ്ടുപോവുന്ന സാധാരണ മനുഷ്യന്റെ ആകെത്തുകയാണ് മൂസയും ഇബ്രുവും.
പ്രകോപനം പലതരത്തിലുണ്ടാവുമ്പോൾ, വെറുമൊരു നാട്ടിൻപുറത്തുകാരി പെണ്ണായ സുമതി പോലും തോക്കെടുക്കുന്നു. അവളുടെ തലച്ചോറിലേക്ക് 'ഞങ്ങളുടെ കൂട്ടർ' എന്ന ചിന്ത കടന്നുവരുന്നു. ലായിഖിന്റെ പക്കൽ നിന്നും ആയുധമെടുക്കാൻ പലവിധേനെയുള്ള പ്രകോപനം ഉണ്ടാവുമ്പോഴും അടിയുറച്ച ദൈവവിശ്വാസിയായ ഇബ്രു തന്റെ ദൃഢപ്രതിജ്ഞയിൽ ഉറച്ചുനിൽക്കുന്നു.
ജീവിതത്തിന്റെ വേനലും, ശിശിരവും, ശൈത്യവും കണ്ട അനുഭവസമ്പത്തിൽ നിന്നും, ആയുധമേന്തിയാൽ പരസ്പരം തമ്മിലടിച്ചവസാനിക്കുകയേ ഉള്ളൂ, എന്ന് മുതിർന്നവർ തിരിച്ചറിഞ്ഞെങ്കിലും യുവത ആ പാഠത്തിന് ചെവിയോർക്കാൻ പോലും തയാറല്ല. നാളെയുടെ പ്രതീക്ഷയായ യുവതലമുറയുടെ മനസ്സുകളിലൂടെ പകയുടെ വേരുകൾ വേഗത്തിൽ പടർന്നുപിടിക്കുന്ന കാഴ്ച്ചയുടെ ഉദാഹരണങ്ങളാണ് വിഷ്ണുവും ഇബ്രുവിന്റെ അനുജൻ റസൂലും (നസ്ലെൻ). ഒരു കുടുംബത്തിൽ വളർന്നിട്ടു പോലും ഇബ്രുവും റസൂലും രണ്ട് ചിന്താധാരയുടെ വക്താക്കളാണിവിടെ.
കുടിപ്പകയുടെ വേരുകൾ യുവജനതയുടെ മനസ്സുകളെ ബാധിച്ചാൽ സമൂഹത്തിന്റെ കടിഞ്ഞാൺ കൈവിട്ടുപോകാൻ വൈകില്ല എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. തൂക്കുപാലത്തിൽ നേർക്കുനേർ കണ്ടുമുട്ടുന്ന ഇവർ ഇന്നത്തെ സമൂഹത്തിന്റെ ആകെത്തുകയാണ്. ആടിയുലയുന്ന പാലത്തിലൂടെ, നടന്ന് മറുകര എത്തിയാൽ, അവിടെ അവർക്ക് ജീവനും ജീവിതവും കരുപ്പിടിപ്പിക്കാം, മറിച്ചാണ് ഉദ്ദേശമെങ്കിൽ സംഭവിക്കുക മറ്റൊന്നാകാം. അത് അവരെ മാത്രമല്ല, ചുറ്റുമുള്ളവരുടെ ജീവിതത്തിനും ബാധകമാകും.
'മനുഷ്യൻ മരിച്ചാലും അവന്റെ വെറുപ്പ് ജീവിക്കും' എന്ന മൂസയുടെ തത്വചിന്ത മതത്തിന്റെയും ജാതിയുടെയും പേരിൽ വർണ്ണ-വർഗ്ഗവെറി പേറാൻ ഒരുമ്പെട്ടിറങ്ങുന്നവർക്ക് തിരിഞ്ഞുനോക്കാൻ സഹായകമാവുമെങ്കിൽ ആവട്ടെ എന്ന് പ്രതീക്ഷിക്കുന്നു.
സിനിമയുടെ ഏറിയപങ്കും രണ്ടുമതവിഭാഗങ്ങൾ തമ്മിലെ ഉന്തുംതള്ളും പിടിവലികളും സംഘട്ടനങ്ങളും ചേരുന്ന രംഗങ്ങൾ നിറയുമ്പോൾ, അതിൽ നിന്നും എന്ത് സ്വീകരിക്കാം, എന്ത് തിരസ്ക്കരിക്കാം എന്ന് പ്രേക്ഷകന് തീരുമാനിക്കാം. തിരഞ്ഞെടുക്കുമ്പോൾ, 'ഞാൻ ഞാൻ ഞാൻ' എന്ന ഉൾവിളിക്ക് മാത്രമായി കാതോർക്കാതിരുന്നാൽ അഭികാമ്യം.
പൃഥ്വിരാജ്, മുരളി ഗോപി കഥാപാത്രങ്ങൾ സിനിമയുടെ സ്റ്റാർ വാല്യൂ ഉയർത്തി തങ്ങളുടെ റോളിന് ചേരുന്ന പ്രകടനം കാഴ്ചവയ്ക്കുമ്പോൾ യുവാക്കളായ അഭിനേതാക്കളെ കടത്തിവെട്ടി 'ഹീറോ ഡാ' പ്രഖ്യാപനം നടത്തുകയാണ് മാമുക്കോയ. മലയാള സിനിമയിൽ പതിറ്റാണ്ടുകളായി നിറഞ്ഞ് നിൽക്കുന്ന മാമുക്കോയ ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്നും മലയാളി പ്രേക്ഷകർക്കായി കാത്തുവച്ച വേഷമാണ് മൂസ.
ഇടിവെട്ടിയാലും മല കുലുങ്ങുമോ എന്ന രീതിയിൽ അചഞ്ചലനായി, തീപാറുന്ന ഡയലോഗുകളുടെ അകമ്പടിയില്ലാതെ, ഓരോ രംഗത്തിലും അദ്ദേഹം തന്റെ സ്കോർനില ഉയർത്തുന്നു. ജീവിതത്തിന്റെ സ്റ്റാർട്ടിങ് പോയിന്റിൽ നിന്നും അധികം യാത്രചെയ്തിട്ടില്ലാത്ത മനുഷ്യർക്ക് മൂസ ഒരു പാഠപുസ്തകമായി നിലകൊള്ളുന്നു. കാലത്തിനും സമൂഹത്തിനും ഇത്തരം മൂസമാർ ഉണ്ടെങ്കിൽ, ലോകം എത്ര സുന്ദരമായേനെ എന്ന് ചിന്തിച്ചുപോകും.
ഇതുവരെയുള്ള വേഷങ്ങളിൽ റോഷൻ മാത്യുവിന് ലഭിച്ച വെല്ലുവിളിയേറിയ കഥാപാത്രമാണ് ഇബ്രാഹിം. അഭിനയ സാധ്യതയുള്ള ഈ കഥാപാത്രത്തെ റോഷൻ വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്തിരിക്കുന്നു.
'മേക്കപ്പ് കൂടിപ്പോയോ ചേട്ടാ', 'തേപ്പുകാരി' കഥാപാത്രങ്ങളിൽ ഒതുങ്ങേണ്ടയാളല്ല ശ്രിന്ദ എന്ന് സുമതി തെളിയിച്ചിരിക്കുന്നു. ശ്രിന്ദ എന്ന അഭിനേത്രി മികച്ച രീതിയിൽ തിരിച്ചുവരവ് നടത്തിയിരിക്കുന്ന സിനിമയാണ് 'കുരുതി'.
കൈവിരലുകൾ കൊണ്ട് എണ്ണിത്തീർക്കാവുന്നയത്ര കഥാപാത്രങ്ങളേ ഉള്ളൂവെങ്കിലും ഓരോരുത്തർക്കും സാധ്യതയുള്ള സ്ക്രിപ്റ്റാണ് കുരുതിയുടേത്.
ചിത്രം ആമസോൺ പ്രൈമിൽ പ്രദർശനം തുടരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.