• HOME
 • »
 • NEWS
 • »
 • film
 • »
 • Nayattu review | നായാട്ട്: ഇരകളോടാണ് സംസാരിക്കേണ്ടത്, ഇരകളാക്കപ്പെടുന്നവരോടും

Nayattu review | നായാട്ട്: ഇരകളോടാണ് സംസാരിക്കേണ്ടത്, ഇരകളാക്കപ്പെടുന്നവരോടും

Read Nayattu review | കാക്കി അണിഞ്ഞവർ സമൂഹത്തിന് മുന്നിൽ പ്രധാനമായും മൂന്നാംമുറക്കാർ, അല്ലെങ്കിൽ ന്യൂ ജെൻ പിള്ളേരുടെ 'പോലീസ് മാമന്മാർ' ഒക്കെയാവും. അതിൽക്കൂടുതൽ നിങ്ങൾക്കറിയാമോ?

നായാട്ട്

നായാട്ട്

 • Share this:
  പോളിസി തുക മുഴുവനും കിട്ടുമെന്ന് ഉറപ്പുള്ള ഇൻഷുറൻസ് എടുത്ത ശേഷം പ്രതീക്ഷിച്ചതിലും കൂടുതൽ കിട്ടിയാൽ എങ്ങനെയുണ്ടാവും? ഷാഹി കബീർ എന്ന തിരക്കഥാകൃത്ത്, മാർട്ടിൻ പ്രക്കാട്ട് എന്ന സംവിധായകൻ, സ്വയം ചിന്തേരിട്ട് മിനുക്കി മുൻപത്തേക്കാളും മൂർച്ചയും തിളക്കവുമുള്ള കഥാപാത്രങ്ങളെ തിരഞ്ഞ് പിടിച്ച് അവതരിപ്പിക്കുന്ന മൂന്ന് പ്രധാന അഭിനേതാക്കൾ -- കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ. ഈ ഇൻഷുറൻസിനുമേൽ 'നായാട്ട്' എന്ന സിനിമ കാണാൻ കയറുന്നവർക്ക് ഉണ്ടാവുന്ന അനുഭൂതി വിവരിക്കാൻ വാക്കുകൾക്ക് പരിമിതിയുണ്ട്.

  കാക്കി അണിഞ്ഞവർ സമൂഹത്തിന് മുന്നിൽ പ്രധാനമായും മൂന്നാംമുറക്കാർ, അല്ലെങ്കിൽ ന്യൂ ജെൻ പിള്ളേരുടെ 'പോലീസ് മാമന്മാർ' ഒക്കെയാവും. പക്ഷെ അവർക്കിടയിൽ വേട്ടയാടപ്പെടുന്നവരും നിരാശരാകുന്നവരും വേദനയുടെ ചവർപ്പ് കടിച്ചമർത്തുന്നവരുമുണ്ടെന്ന് മലയാളി സമൂഹം അൽപ്പമെങ്കിലും തിരിച്ചറിയാൻ തുടങ്ങിയത് വാർത്താ തലക്കെട്ടുകളിൽ നിറഞ്ഞ ഏതാനും പോലീസ് ആത്മഹത്യകളിലൂടെയാണ്. പിന്നാമ്പുറ കാഴ്ചകളുടെ മഞ്ഞുപർവ്വതത്തിന്റെ മുകൾഭാഗം എങ്കിലും പൊതുസമൂഹത്തിനു മുന്നിൽ തെളിഞ്ഞത് അവിടം മുതലാണ്.

  പ്രേക്ഷകർ ഉൾക്കിടിലത്തോടെ ഉൾക്കൊണ്ട 'ജോസഫ്' എന്ന സിനിമയ്ക്ക് ശേഷം ഷാഹി കബീർ എന്ന രചയിതാവ് വീണ്ടുമൊരു പോലീസ് കഥയുമായി വന്നിരിക്കുന്നു; ഫ്രയിമുകളിലൂടെയും ഫ്രയിമുകൾക്കിടയിലും വായിച്ചു മനസ്സിലാക്കാൻ ഒട്ടേറെ നൽകിക്കൊണ്ട്.

  വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ബലിയാടാക്കപ്പെടുന്ന മൂന്നു പൊലീസുകാരെ വേട്ടയാടുന്ന നരനായാട്ടാണ് ഇവിടെ പ്രമേയം. ഒരു ഉപതെരഞ്ഞെടുപ്പിന്റെ പടിവാതുക്കൽ, ഇരുപതു കൊല്ലത്തോളം പോലീസ് സേനയെ സേവിച്ച എ.എസ്.ഐ. മണിയൻ (ജോജു), ജോലിയിൽ പ്രവേശിച്ച് അധികനാളാകാത്ത പ്രവീൺ മൈക്കിൾ (കുഞ്ചാക്കോ ബോബൻ), സുനിത (നിമിഷ) എന്നിവരുടെ ജീവിതം തകിടംമറിയുന്ന ഒരു രാത്രിയിലൂടെ 'നായാട്ടിന്' തുടക്കമാവുന്നു.

  തങ്ങളുടെ ഭാഗത്ത് തരിമ്പു പോലും കുറ്റമില്ലാഞ്ഞിട്ടും, അത് തെളിയിക്കാൻ സാധിക്കുമായിരുന്നിട്ടും, പോലീസിന്റെയും ആഭ്യന്തരത്തിന്റെയും നൂലാമാലകളെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടായിട്ടും മധ്യവർത്തി സമൂഹത്തിലെ സാധാരണക്കാരിൽ കവിഞ്ഞ പരിഗണനപോലും ലഭിക്കാതെ പോകുന്ന കാക്കിക്കാർ വ്യത്യസ്ത സ്ക്രീൻ കാഴ്ചയാണ്. കണ്ണിൽ ഇരുട്ട് കയറുന്ന ജീവിത പ്രതിസന്ധിയിൽ പ്രവീണിനെയും സുനിതയെയും കൊണ്ട് ഇരുട്ടിന്റെ മറപിടിച്ച് കൊണ്ടുള്ള മണിയന്റെ ഓട്ടപ്പാച്ചിൽ അവർ പ്രതീക്ഷിച്ചതൊന്നും നേടാതെ അന്ധകാരത്തിൽ കെട്ടടങ്ങേണ്ടി വരുന്നു.

  ജാതി-മത സമ്പ്രതായങ്ങളിൽ അധിഷ്‌ഠിതമായ സമൂഹത്തിലെ പാർശ്വവത്ക്കരണം ഈ സിനിമ ഉയർത്തുന്ന ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടിയിരിക്കുന്നു. ഒരു ന്യൂനപക്ഷസമൂഹത്തിനുള്ളിൽ തന്നെ നീതി നിഷേധിക്കപ്പെടുന്നവനും സംരക്ഷിക്കപ്പെടുന്നവനും ഉൾപ്പെടുന്ന
  അപൂർവതയാണ് 'നായാട്ട്'. 'കയ്യൂക്കുള്ളവൻ കാര്യക്കാരൻ' എന്ന മട്ടിൽ ചിലർക്ക് രക്ഷപ്പെടാൻ പഴുതുകൾ തുറന്നു വരുമ്പോൾ, അർഹിക്കുന്ന നീതി കിട്ടാതെ പോകുന്നവർക്ക് മുന്നിൽ മനുഷ്യമനസാക്ഷി തലകുനിച്ചു പോകും.ശുഭപര്യവസായിയായ സർവൈവൽ ത്രില്ലർ പരിചയിച്ച കാഴ്ചക്കാർക്കിടയിൽ സർവൈവൽ ട്രാജഡി ത്രില്ലർ പുത്തൻ മാനങ്ങൾ തുറക്കുന്നു.  മിന്നിമറയുന്ന ആളിൽ തുടങ്ങി മുഖ്യകഥാപാത്രങ്ങളെ വരെ തെരഞ്ഞെടുക്കാൻ അത്യന്തം സൂക്ഷ്മത പുലർത്തിയിരുന്നു. ഇതേ തിരക്കഥാകൃത്തിന്റെ സിനിമയിലെ 'ജോസഫായ' ജോജു ജോർജ് ഈ ചിത്രത്തിലും തന്നിലൂടെ ചിലതെല്ലാം തുറന്നു കാട്ടാൻ ശ്രമിക്കുന്ന വ്യക്തിയാണ്. മുതിർന്നയാളെന്ന നിലയിൽ മറ്റുരണ്ടു പേരും മണിയനിൽ വിശ്വാസമർപ്പിക്കുമ്പോൾ, അദ്ദേഹത്തിന്റെ ഉള്ളിലെ തിരമാലകളും അടിയൊഴുക്കുകളും ആരും മനസ്സിലാക്കാതെ പോകുന്നു.

  അഞ്ചാം പാതിരാ മുതൽ ഈ പാതിരാ ഓട്ടം വരെ എത്തുമ്പോൾ കുഞ്ചാക്കോ ബോബൻ എന്ന പഴയ ചോക്ലേറ്റ് കാമുകനെ മറന്നേക്കാം. അഭിനയ സാദ്ധ്യതകൾ തേടിയുള്ള പോക്കാണ് ചാക്കോച്ചന്റേത്. മണിയൻ ജീവിതത്തിന്റെ പാതിവഴിയെ എത്തിനിൽക്കുമ്പോൾ ജീവിതം കരുപ്പിടിപ്പിക്കാനുള്ള ജോലി നേടിയ ഘട്ടം മാത്രം താണ്ടിക്കഴിഞ്ഞ യുവാവാണ് പ്രവീൺ മൈക്കിൾ. ഇനിയെന്ത് എന്ന ചിന്തയിലൂടെ ഈ ചെറുപ്പക്കാരൻ ജീവനുംകൊണ്ട് പായുമ്പോൾ അയാളിൽ തെളിയുന്ന നിസംഗത ചിലർക്കെങ്കിലും വിങ്ങലായി അനുഭവപ്പെടാം. 'കംഫർട്ട് സോൺ' ഉപേക്ഷിച്ചുള്ള പോക്കിൽ എക്കാലവും ഓർത്തുവയ്ക്കാനുള്ള ചില കുഞ്ചാക്കോ ബോബൻ കഥാപാത്രങ്ങളുടെ ഒപ്പം പ്രവീൺ മൈക്കിളിനെയും ചേർത്തുവയ്ക്കാം.

  നിമിഷ സജയനെന്നാൽ മലയാള സിനിമയിലെ ഓഫ്-റോഡ് യാത്രാനുഭവമെന്നോണം മാറിയിരിക്കുന്നു. ഇവിടെ ഏൽപ്പിക്കുന്ന ജോലി എന്തായാലും കിറുകൃത്യമായി നിറവേറ്റിയിരിക്കും. ഇന്നത്തെ മുഖ്യധാരാ നായികമാരിൽ സുനിത എന്ന കഥാപാത്രം നിമിഷയ്ക്കു വേണ്ടി എഴുതിയതാണോ എന്ന് ചിന്തിച്ചു പോകും. പോലീസ് ജോലി കഴിഞ്ഞാൽ ഏതൊരു വ്യക്തിയെയും പോലെ തലയ്ക്കുമേലെ കൂരയൊരുക്കാനുള്ള സ്വപ്നങ്ങളും പേറിനടക്കുന്ന, അമ്മയ്ക്ക് ഏക ആശ്രയമായ ഒരു സാധാരണക്കാരിയായ യുവതിയാണ് സുനിത. ഇതിനിടയിൽ എവിടെയോ പ്രവീണിനും സുനിതയ്ക്കുമിടയിൽ അവരുടെ മനസ്സുകൾ തമ്മിൽ ഉടക്കുന്നൊരു കാഴ്ചയുമുണ്ട്.

  മുഴുനീള കഥാപാത്രമല്ലെങ്കിലും അകാലത്തിൽ പൊലിഞ്ഞ അനിൽ നെടുമങ്ങാട് വീണ്ടുമൊരു കാക്കിക്കാരനായി മികച്ച അവതരണം കാഴ്ചവച്ച ചിത്രം കൂടിയാണിത്.

  സുനിതയുടെ സ്വൈരജീവിതത്തിന് തടസം സൃഷ്‌ടിക്കുന്ന പ്രശ്നക്കാരൻ യുവാവിനെ അഥവാ 'അലമ്പനെ' അവതരിപ്പിച്ച ദിനീഷിനെ കണ്ട ചിലരെങ്കിലും സ്ക്രീനിനു നേരെ കയ്യോങ്ങിയെങ്കിൽ അയാളുടെ അഭിനയത്തിനുള്ള ക്രെഡിറ്റ് ആയിക്കഴിഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥയായ അനുരാധയെ അവതരിപ്പിച്ച യമയിലും പലരുടെയും ശ്രദ്ധ പതിഞ്ഞിട്ടുണ്ടാവും. വ്യത്യസ്ത മാനറിസങ്ങളും അവതരണവുമാണ് ഈ കലാകാരിയെ വേറിട്ടതാക്കിയത്.

  ടെക്നിക്കൽ വിഭാഗത്തിൽ പ്രവേശിക്കുമ്പോൾ ലക്ഷ്യസ്ഥാനത്ത് എറിഞ്ഞു കൊള്ളിക്കുന്ന സംവിധായകൻ മാർട്ടിൻ പ്രക്കാട്ടിൽ നിന്നും തുടങ്ങാം. ചാട്ടുളി പോലുള്ള സ്ക്രിപ്റ്റ് കൈവെള്ളയിൽ വരുമ്പോൾ അതിനോട് സർവാത്മനാ നീതി പുലർത്തി അവതരിപ്പിക്കേണ്ട ചുമതല അദ്ദേഹം ഭംഗിയായി നിർവഹിച്ചിരിക്കുന്നു. സംവിധാനം, ക്യാമറ, എഡിറ്റിംഗ്, സംഗീതം എന്നിവയുടെ ഒത്തിണക്കം ചിത്രത്തിന്റെ മുതൽക്കൂട്ടാണ്. ഷൈജു ഖാലിദിന്റെ ഫ്രയിമുകളിലൂടെ മഹേഷ് നാരായണൻ അതിമനോഹരമായി കത്രിക ചലിപ്പിച്ചിരിക്കുന്നു.

  അയ്യപ്പനും കോശിയും പറഞ്ഞുനിർത്തിയ ഇടത്തേക്ക് ഈ സിനിമയുടെ പശ്ചാത്തല സംഗീതം പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയിരിക്കാം. അരക്ഷിതവും അനിശ്ചിതവുമായ ജീവിതങ്ങൾ സ്‌ക്രീനിൽ നിറയുമ്പോൾ വിഷ്ണു വിജയ്‌യുടെ മ്യൂസിക് ആ പിരിമുറുക്കത്തിനൊപ്പം യാത്ര ചെയ്യുന്നു.

  ഡിജിറ്റൽ റിലീസ് ആയി ചിത്രം അവിടെ തന്നെയുള്ളതു കൊണ്ട് പ്രേക്ഷകർക്ക് ഒന്നിൽക്കൂടുതൽ തവണ ഈ ചിത്രം കണ്ടാലും അതൊരു നഷ്‌ടമല്ല. ചൂണ്ടിവിരലിൽ മഷി പുരട്ടാൻ അർഹതയുള്ള ഓരോ പൗരനും വേണ്ടിയുള്ളതാണീ ചിത്രം. ശേഷം കാഴ്ച്ചയിൽ.

  ചിത്രം നെറ്റ്ഫ്ലിക്സിൽ പ്രദർശനം തുടരുന്നു.
  Published by:user_57
  First published: