സാറ്റലൈറ്റ് വാല്യൂ ഇല്ലാത്ത, കുറേനാളായി മലയാളത്തിൽ സിനിമ ചെയ്യാത്ത നടൻ. പുതിയ ചിത്രം 'ഗൗതമിന്റെ രഥത്തിന്' ലഭിച്ച ഗംഭീര വരവേൽപ്പും തിയേറ്റർ ഹർഷാരവവും സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വിഡിയോയായി പോസ്റ്റ് ചെയ്ത ശേഷം നീരജ് മാധവ് കുറിച്ച ക്യാപ്ഷനാണിത്. അത്രയും തുറന്ന മനസ്സുള്ള നടൻ. അൽപ്പം നീണ്ട ഇടവേളക്ക് ശേഷം നീരജ് ബിഗ് സ്ക്രീനിൽ മടങ്ങിയെത്തിയിരിക്കുന്നു.
സിനിമയിൽ നിന്നും ഒളിവിൽ പോയതല്ല മലയാളികളുടെ ഈ ഇഷ്ട നടൻ. അതിനിടയിൽ മലയാള സിനിമക്ക് ഇന്നും അത്രയ്ക്ക് പരിചയമില്ലാത്ത വെബ് സീരീസിൽ ഒന്ന് പയറ്റിത്തെളിഞ്ഞുള്ള വരവാണിത്. ന്യൂസ് 18 മലയാളവുമായി നീരജ് വിശേഷങ്ങൾ പങ്കിടുന്നു.
ഫാമിലി മാൻ എന്ന വെബ് സീരീസിന്റെ വിശേഷങ്ങൾ എന്താണ്?വെബ് സീരീസ് ഓർക്കാപ്പുറത്ത് വന്ന അവസരമായിരുന്നു. മനോജ് ബാജ്പേയ്, രാജ് നദിമൊരു എന്നിവരോടൊപ്പമുള്ള പ്രൊജക്റ്റ്. ഇങ്ങനെ ഒരു ക്യാരക്റ്റർ ഇവിടെ ഈ അടുത്തൊന്നും കിട്ടാൻ പോകുന്നില്ല. അങ്ങനെ എക്സൈറ്റിങ് ആയുള്ള കഥാപാത്രങ്ങളൊന്നും മലയാളത്തിൽ നിന്നും വരുന്നുമുണ്ടായിരുന്നില്ല. ഒരു കൈ നോക്കാം എന്ന ഉദ്ദേശത്തോടെയാണ് ഞാനങ്ങോട്ട് പോയത്. അങ്ങനെ ഒരു ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു. ആ കഥാപാത്രം അത്രയും ആവശ്യപ്പെട്ടിരുന്നു. ഷൂട്ടിങ്ങിനായി എട്ടു മാസത്തോളം വേണ്ടിവന്നു ബ്രേക്കും അത്രയും നീണ്ടുപോയി.
ഇങ്ങനെയൊരു സ്ട്രീമിങ് പ്ലാറ്റുഫോമിന്റെ വളർച്ച ഞാൻ ആ സമയത്തു ശ്രദ്ധിച്ചിരുന്നു. ആ നേരത്താണ് എനിക്കൊരു കോൾ വരുന്നതും. ഇതാണ് എന്റെർറ്റൈന്മെന്റിന്റെ ഭാവി എന്നൊക്കെയുള്ള ചിന്ത മനസിലൂടെ കടന്നു പോയി. അതേപ്പറ്റി ഞാൻ കുറച്ചു പേരോട് പറഞ്ഞപ്പോൾ 'സീരിയൽ ആണോ' എന്നൊക്കെയായിരുന്നു ചോദ്യം.
അധികം ആൾക്കാർക്ക് ഇതിനെപറ്റി വലിയ ധാരണയില്ലെന്ന് മനസ്സിലായി. അത്തരമൊരു ട്രെൻഡിന്റെ തുടക്കക്കാരനാവുന്നതിന്റെ ത്രിൽ ഒന്ന് വേറെയാണ്.
ഈ സീരീസിന്റെ അണിയറക്കാർ തന്നെയായിരുന്നു പ്രചോദനം. ദേശീയ തലത്തിൽ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നു എന്നുപോലും ഞാൻ കരുതിയിരുന്നില്ല. നല്ലൊരു കഥാപാത്രം ചെയ്യാൻ, നല്ലൊരു പ്ലാറ്റ്ഫോം കിട്ടി അത്ര തന്നെ.
ഷൂട്ടിംഗ് കഴിഞ്ഞ് റിലീസ് ആയപ്പോഴേക്കും ഒരു വർഷത്തെ ഗാപ് വന്നു. പക്ഷെ ആ ഒരു വർഷം കൊണ്ട് ആ പ്ലാറ്റ്ഫോം വലുതായി ഇന്ത്യ മുഴുവനും വ്യാപിച്ചു, പല ഭാഷകളിലെ സിനിമകൾ വന്നതോടുകൂടി ലോക്കൽ റീച്ചും കൂടി. അങ്ങനെ ഇന്ത്യ മുഴുവനുമുള്ള ഓഡിയൻസിലേക്ക് റീച്ച് ആയപ്പോൾ ഷോ ആദ്യ ദിവസം മുതലേ ഹിറ്റ് ആയി. ഒരു മലയാള സിനിമ ഇറങ്ങുന്നതിന്റെ പതിന്മടങ്ങ് റീച്ച് ആയിരുന്നു സീരീസ് നേടിയത്.
പലരും രാവെന്നോ പകലെന്നോ ഇല്ലാതെ സീരീസ് കണ്ടു. ഞാൻ ആരാണെന്നു പോലും അറിയാതെ സോഷ്യൽ മീഡിയയിൽ നിന്നും തപ്പിയെടുത്ത് ഇൻസ്റാഗ്രാമിലും മറ്റും വന്ന് ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിൽ മെസ്സേജ് അയക്കുമ്പോൾ ഉണ്ടാവുന്ന ഒരു ഫീൽ പറഞ്ഞറിയിക്കാൻ കഴിയില്ല. അതിന്റെ എണ്ണം വളരെ കൂടുതലായിരുന്നു. ഞാൻ എടുത്ത റിസ്കിന്റെ ഫലം കിട്ടി എന്ന സന്തോഷം വേറെ.
വെബ് സീരീസ് എന്തെന്ന് മലയാളം കേട്ട് തുടങ്ങിയിട്ട് പോലുമില്ലാത്ത കാലത്ത് വെബ് സീരീസിലേക്ക് കടന്നയാളാണ് നടൻ സുദേവ് നായർ, പിന്നെ ഇപ്പോൾ നീരജ് മാധവ്:എന്റെ പേര് ഈ സിനിമക്കായി നിർദ്ദേശിക്കുന്നതും സുദേവ് ആയിരുന്നെന്ന് ഞാൻ പിന്നീട് അറിഞ്ഞു. മലയാളത്തിൽ നിന്നുള്ള അഭിനേതാക്കളുടെ പേര് പറയാൻ പറഞ്ഞപ്പോൾ എന്റെ പേരും പറഞ്ഞെന്നാണറിവ്. പിന്നെ നമ്മുടെ സിനിമയും കഥാപാത്രങ്ങളും കണ്ട് റിസർച്ച് ചെയ്തിട്ടാണ് അവർ പ്രൊജക്റ്റിലേക്ക് വിളിക്കുക.
സിനിമ ഒരു പക്ഷെ പ്രേക്ഷകന്റെ ലാപ്ടോപ്പിൽ റിലീസ് ആവുന്ന കാലം അകലെയല്ല. അതെങ്ങനെ നോക്കിക്കാണുന്നു?കോടികൾ മറിയുന്ന ബിസിനസിൽ നിന്നും സിനിമ പ്രേക്ഷകന്റെ വിരൽ തുമ്പിൽ എത്തുന്ന കാര്യമാണത്. പ്രേക്ഷകർ കൂട്ടത്തോടെയിരിക്കുന്ന കമ്മ്യൂണിറ്റി വ്യൂയിങ് എന്ന് പറയുന്നത് വേറെയൊരു കാര്യമാണ്. ഒരു വിഭാഗത്തിന് അത് പോസിറ്റീവ് എങ്കിൽ മറ്റൊരു വിഭാഗത്തിന് നെഗറ്റീവ് ആണ്. ചില സിനിമകളിൽ നമുക്ക് തിയേറ്റർ അനുഭവം മോശമാകാറുണ്ട്. ഒരു സിനിമ കാണുന്ന അനുഭവം അതിന്റെ ഓടിയൻസിനെ അപേക്ഷിച്ചിരിക്കും. ചില പടങ്ങളിൽ ഇമോഷണൽ രംഗം കാണുമ്പോൾ അസ്വസ്ഥരാവുന്നവർ ഉണ്ടാവും. ചിലപ്പോ കയ്യടിച്ചു കാണേണ്ട സിനിമ മറ്റുള്ളവരുടെ നിർവികാരത കൊണ്ട് നമുക്ക് ആവേശം കുറയ്ക്കേണ്ടതായി വരും. എന്തായാലും ഒന്നിച്ചിരുന്ന് സിനിമ കാണുന്ന ഫീൽ ഒന്ന് വേറെയാണ്.
സമയപരിമിതി മൂലവും, മറ്റു പല തിരക്കുകൾക്കിടയിലും അവിടെ വരെ എത്താൻ പറ്റാത്ത വിഭാഗമുണ്ട്. അങ്ങനെയുള്ളവരെ തിരഞ്ഞ് സിനിമക്ക് ഏതാണ് കഴിയുമെങ്കിൽ, നമ്മൾ പുതിയ കണ്ടുപിടുത്തങ്ങളെ സപ്പോർട്ട് ചെയ്യുക എന്നാണ് ഞാൻ പറയുന്നത്.
ഇന്നത്തെ സിനിമാപ്രവർത്തകർ, പ്രത്യേകിച്ചും അഭിനേതാക്കൾ, സിനിമ പോലെ തന്നെ വെബ് സീരീസിനെ കാണാൻ തുടങ്ങിയാൽ ഉണ്ടാവുന്ന മാറ്റത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ?നമുക്ക് അറിയാവുന്ന മറ്റൊരു വെബ് സീരീസാണ് കരിക്ക്. യൂട്യൂബ് ആണ് അവരുടെ പ്ലാറ്റ്ഫോം. അത് പോലെ നെറ്ഫ്ലിക്സ് ആവട്ടെ ആമസോൺ പ്രൈം ആവട്ടെ, മലയാളത്തിൽ ഉണ്ടാവുന്ന ഒറിജിനൽ വെബ് സീരീസിന് ഹിന്ദി അല്ലെങ്കിൽ തമിഴ് ഭാഷകളിലേത് പോലുള്ള ഓഡിയൻസ് മലയാളത്തിലില്ല. മലയാളത്തിൽ വെബ് സീരീസ് എന്ന് പറയുമ്പോഴുള്ള പരിമിതി അതാണ്. മലയാളത്തിന്റെ വെബ് സീരീസുകൾക്കു വേണ്ടി പ്ലാറ്റ്ഫോം വേണം. അത് സമയമെടുക്കുന്ന പ്രക്രിയയാണ്.
ഗൗതമന്റെ രഥത്തിലേറിയുള്ള യാത്ര തുടങ്ങിയത്:വെബ് സീരീസ് കഴിഞ്ഞ് ഇടവേളക്ക് ശേഷം തിരിച്ച് വരുമ്പോഴുള്ള സിനിമ വർക്ക് ഔട്ട് ആകണം എന്നുണ്ട്. അങ്ങനെ ഒരു സിനിമ ചെയ്യുമ്പോൾ അത് വിജയിക്കണം എന്നെനിക്ക് നിർബന്ധമായിരുന്നു. ജനകീയമായ, എല്ലാവർക്കും ഇഷ്ടപ്പെടുന്ന കഥയാണ് ഞാൻ ആഗ്രഹിച്ചത്. അപ്പോഴാണ് ആനന്ദ് വന്ന് കഥപറയുന്നത്.
ആദ്യത്തെ വണ്ടി, ഭയങ്കര ഇമോഷണൽ കഥയെന്നൊക്കെ പറഞ്ഞാണ് സംവിധായകൻ ആനന്ദ് വിളിക്കുന്നത്. കഴിഞ്ഞ വെള്ളപ്പൊക്ക ക്യാമ്പിൽ വച്ച് എന്റെ കയ്യിൽ ഇരുന്ന സാധനമൊക്കെ വന്നെടുത്ത് ഒരാൾ പറയുകയാ: "ആ കാറിന്റെ കഥ പറയാൻ വിളിച്ചത് ഞാനാണ് കേട്ടോ." എന്ന്. "എടാ, ഇപ്പൊ അല്ല" എന്ന് ഞാനും. "ഇപ്പൊ അല്ല, വെള്ളമെല്ലാം ഇറങ്ങിയിട്ട് മതി" എന്ന് അവനും. അങ്ങനെ അവൻ കഥ പറഞ്ഞപ്പോ എനിക്കിഷ്ടമായി. ആദ്യത്തെ കാർ എന്ന ഇമോഷൻ അതിന്റകത്തുണ്ടായിരുന്നു.
കാർ എന്ന് പറയുമ്പോൾ ഒരു കുടുംബത്തിലെ എല്ലാവരും കയറുന്ന ഒന്നായിരിക്കും. എല്ലാവരും ആദ്യത്തെ വണ്ടി എന്ന അനുഭവത്തിലൂടെ കടന്ന് പോയിട്ടുണ്ടാവും. കഥ കേട്ടതും ഞാൻ ആദ്യം വിളിച്ചത് ബേസിലിനെയാണ്. കേട്ടപ്പോൾ ബേസിലിന് ഇഷ്ടപ്പെട്ടു. പ്രൊഡ്യൂസ് ചെയ്യാമെന്ന് ഒരു നിർദ്ദേശം വച്ചു. അതിനു മുൻപായി ആനന്ദിനെ മിന്നൽ മുരളിയിൽ അസിസ്റ്റന്റ് ആക്കാമെന്നും ഞങ്ങൾ ചിന്തിച്ചു. എനിക്ക് വന്ന ഗാപ്പിന്റെ കാര്യം അപ്പോൾ ബേസിലിനോട് പറഞ്ഞു. അപ്പോൾ ഫാമിലി മാൻ ഇറങ്ങിയിട്ടുമില്ല.
ക്രീയേറ്റീവ് ഡയറക്ടർ ആയിക്കൂടെ എന്ന ചോദ്യത്തിൽ ബേസിൽ ക്രീയേറ്റീവ് ഡയറക്ടർ ആയി. പതുക്കെ കുഞ്ഞിരാമായണത്തിലെ ക്രൂ ഇവിടെ വന്ന് ചേർന്നു. ക്യാമറാമാൻ വിഷ്ണു ശർമ്മ, എഡിറ്റർ അപ്പു ഭട്ടതിരി. അങ്ങനെ ഒരു കിടിലൻ ടെക്നിക്കൽ ടീം റെഡിയായി. പ്രൊഡ്യൂസർ ആയി ഐ.സി.എൽ. ഫിൻകോർപ് മാനേജിങ് ഡയറക്ടർ കെ.ജി. അനിൽ കുമാർ വന്നു. അതൊരു വലിയ അനുഗ്രഹമാണ്. സ്വാദിഖ് റഹീം എന്ന സുഹൃത്താണ് ഞങ്ങളെ ഇവിടെ ലിങ്ക് ചെയ്യിച്ചത്. എല്ലാം എളുപ്പമായിരുന്നില്ല. പാടാൻ സിദ് ശ്രീറാമിനെ ഞാൻ തന്നെ ക്ഷണിച്ചു. അങ്ങനെ ഞങ്ങൾ ഒരുരോത്തരും സ്വന്തം നിലയിൽ എഫർട്ട് എടുത്തു.
എന്നിട്ട് സാറ്റലൈറ്റ് വാല്യൂ ഇല്ലാത്ത നടൻ എന്ന് സ്വന്തം വിഡിയോയിൽ തന്നെ ക്യാപ്ഷനിട്ടതെന്തിനാണ്?അതൊരു പഞ്ചിന് വേണ്ടി പറഞ്ഞതല്ലേ?
നീരജിനെ അടുത്തതായി എന്ത് റോളിൽ പ്രതീക്ഷിക്കാം?അടുത്ത് തിരക്കഥയാണ്. അണ്ടർ ഗ്രൗണ്ട് മ്യൂസിക്, ഹിപ് ഹോപ് ആക്ഷൻ ഒക്കെയും അടിസ്ഥാനമാക്കിയുള്ള സിനിമയാണ്. തിരക്കഥ പൂർത്തിയായി വരുന്നു. ഈ വർഷം അവസാനമേ അതുണ്ടാവൂ.
ചിറക് ഏതുവരെയായി? ഫസ്റ്റ് ലുക് നടൻ ഡാൻസർ കുട്ടിയെ ഓർമ്മിക്കുന്ന തരത്തിലായിരുന്നു. അങ്ങനെ എന്തെങ്കിലും സമാനതകളുണ്ടോ?ചിറക് പൂർണ്ണമായ തിരക്കഥാ രൂപത്തിൽ ആയി വരുന്നു. ഡാൻസുമായി ബന്ധപ്പെട്ടുള്ള സിനിമയല്ല. സ്ക്രിപ്റ്റിൽ എന്തെങ്കിലുമൊക്കെ മാറ്റം ഉണ്ടായേക്കാം. കുറച്ചു കൂടി വ്യത്യസ്തമാണ്. ഒരു തിരക്കഥയിലേക്ക് എത്താനുള്ള കാത്തിരിപ്പാണ്. അടുത്തതായി തിയേറ്ററിലെത്തുക 'ക' എന്ന ചിത്രമായിരിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.