• HOME
  • »
  • NEWS
  • »
  • film
  • »
  • Sara's review | സാറയുടെ സ്വപ്നലോകം; ലോക്ക് ഡൗൺ കാലത്തെ ഒരു പക്കാ 'ന്യൂ ജെൻ' കുടുംബ ചിത്രം

Sara's review | സാറയുടെ സ്വപ്നലോകം; ലോക്ക് ഡൗൺ കാലത്തെ ഒരു പക്കാ 'ന്യൂ ജെൻ' കുടുംബ ചിത്രം

Read Sara's movie review | യുവതീ-യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന സിനിമയാണ് 'സാറാസ്' എന്ന് ഉറപ്പിക്കാം

സാറാസ്

സാറാസ്

  • Share this:
തന്റെ സ്വപ്നങ്ങളാണ് സാറ വിൻസെന്റിന്റെ ലോകം. സ്വന്തം സിനിമ എന്ന മോഹവുമായി ആ ലക്ഷ്യത്തിനു പിന്നാലെ, ചെറിയ തുടക്കങ്ങളുമായി, നിരന്തരം പ്രയത്നിക്കുന്ന സാറയായി അന്ന ബെൻ. സിനിമയുടെ ക്രെഡിറ്റിൽ വലിയ അക്ഷരത്തിൽ തെളിയുന്ന തന്റെ പേര് അവളുടെ ഉള്ളിൽ ഗർഭം കൊണ്ടുകഴിഞ്ഞു. മുൻപുള്ള സിനിമകളിൽ എവിടെയെങ്കിലും കുടുങ്ങുന്ന അന്ന ഇക്കുറി എവിടെയാണ് പെട്ട് പോകുന്നത് എന്ന ചോദ്യം ഈ സിനിമ ഇറങ്ങുന്നതിന് മുൻപേ ആരംഭിച്ചെങ്കിൽ, അതിനുള്ള ഉത്തരം, മറ്റൊരു തരത്തിൽ അവതരിപ്പിക്കുകയാണ് 'സാറാസ്'.

പുതുതലമുറയുടെ കരിയർ വുമൺ സങ്കൽപ്പത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയാണ് സാറ. സ്വന്തം സ്വപ്നം കയ്യെത്തിപ്പിടിക്കാൻ ഇനിയും ഏറെ ദൂരമുള്ള സാറ, അതുകഴിഞ്ഞേ മറ്റെന്തുമുള്ളൂ എന്ന ചിന്തയിലാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.

കേരളത്തിലെ ശരാശരി നാട്ടുനടപ്പനുസരിച്ച്, 25 വയസ്സുള്ള മകളുടെ അച്ഛനമ്മമാരുടെ ആധിയാണ് സാറയുടെ മാതാപിതാക്കൾക്കും. അവളെ എത്രയും വേഗം ഒരു വിവാഹത്തിന് സമ്മതിപ്പിക്കുക. അന്നയുടെ അച്ഛനായി ബെന്നി പി. നായരമ്പലം തന്നെ ഈ കഥാപാത്രമായി എത്തുന്ന വേളയിൽ യഥാർത്ഥ അച്ഛനും മകളും തമ്മിലെ കെമിസ്ട്രി സ്‌ക്രീനിൽ കാണാവുന്നതാണ്.തീർത്തും അവിചാരിതമായി കണ്ടുമുട്ടുന്ന ജീവൻ (സണ്ണി വെയ്ൻ) അന്നയുമായി പ്രണയത്തിലാവുകയും, ജീവിതപങ്കാളിയായി മാറുകയും ചെയ്യുന്നു. എന്തുകൊണ്ടും പരസ്പരം മനസ്സിലാക്കുന്ന 'ന്യൂ ജെൻ' ദമ്പതികളായാണ് അന്നയുടെയും സണ്ണിയുടെയും അവതരണം. പരസ്പരം എന്തും തുറന്നു പറയാൻ മാത്രമല്ല, ഒന്നിച്ചിരുന്ന് 'രണ്ടെണ്ണം അടിക്കാനും', കുടുംബാംഗങ്ങളുടെ മുന്നിൽ പോലും തങ്ങളുടെ തീരുമാനങ്ങൾ വെട്ടിത്തുറന്നു പറയുമ്പോൾ പരസ്പരം താങ്ങായും സാറയും ജീവനും നിലകൊള്ളുന്നു. ചെറിയ അസ്വാരസ്യങ്ങൾക്ക് പോലും പരിഹാരം കാണുന്ന മാതൃകാദമ്പതികളെ ഇവിടെ കാണാം.

സാറ തന്റെ സ്വപ്നത്തോടടുക്കുമ്പോൾ, ജീവിതത്തിൽ തുല്യ പ്രാധാന്യം നൽകേണ്ട രണ്ട് മുൻഗണനകൾക്കിടയിൽ തീരുമാനമെടുക്കേണ്ട ചുമതലയും വന്നു ചേരുന്നു. വർഷങ്ങളായുള്ള സാറയുടെ സ്വപ്നം കൈക്കുമ്പിളിൽ വന്നടുക്കുന്നതും, അവർക്കു ചുറ്റുമുള്ള ലോകം കാംക്ഷിക്കുന്ന പോലെ സാറായുടെയും ജീവന്റെയും കുഞ്ഞ് എന്ന അപ്രതീക്ഷിത 'സർപ്രൈസ്' ഇതിനിടയിൽ കടന്നു വരുന്നു. എലിപ്പത്തായം മോഡൽ കെണികൾ ഒന്നുമില്ലെങ്കിലും സാറ എന്ന അന്ന, മുന്നേപോയ ചിത്രങ്ങളിലേതു പോലെ, ഇത്തവണയും പെട്ട് പോകുന്ന സാഹചര്യമുണ്ട്. അതിൽ നിന്നും സാറ സ്വയം ഒരു പോംവഴി കണ്ടെത്തുന്നുമുണ്ട്. അതെന്താണെന്ന് സിനിമ കണ്ട് മനസിലാക്കാം.

ഭാര്യയുടെ സ്വപ്നങ്ങൾക്കും തീരുമാനങ്ങൾക്കും വളരെയധികം ബഹുമാനവും മുൻഗണനയും നൽകുന്ന ജീവന്മാർ ജീവിതത്തിൽ എത്രയുണ്ടാവും എന്ന കാര്യം ചിന്തനീയമാണ്. വാത്സല്യവും സ്നേഹവും എന്നാൽ അമ്മയാണ് എന്ന പതിവ് തത്വജ്ഞാനത്തിനും ഒരു പൊളിച്ചെഴുത്ത് അനിവാര്യമായിരിക്കുന്നു എന്ന് ഈ ജൂഡ് ആന്റണി ജോസഫ് ചിത്രം ഓർമ്മപ്പെടുത്തുന്നു.

സഹോദരിയുടെ കുഞ്ഞുങ്ങളെ വളർത്താൻ സിനിമയുടെ തുടക്കത്തിൽ നിയോഗിക്കപ്പെട്ടു കാണുന്ന ജീവൻ, സമൂഹത്തിലെ വാഴ്ത്തപ്പെടാത്ത 'സ്റ്റേ-അറ്റ്-ഹോം' പിതാക്കന്മാർ ഉൾപ്പെടുന്ന പുരുഷ സമൂഹത്തിന്റെ പ്രതിനിധിയായി എത്തുന്നു.

കാലിക പ്രസക്തിയോടെ ചർച്ചചെയ്യപ്പെടേണ്ട ഒരു വിഷയം 'പൊളിറ്റിക്കൽ കറക്ട്നെസ്സോടെ' അവതരിപ്പിച്ച സിനിമ ക്ളൈമാക്സ് ഓപ്പൺ-എൻഡഡ്‌ ആയി നിലനിർത്തിയിട്ടുണ്ട്.

കോവിഡ് വ്യാപനത്തിന് ശേഷം ഉണ്ടായേക്കാവുന്ന ഔട്ട്ഡോർ ഷൂട്ടിംഗ് പരിമിതികളെ മറികടന്ന് കൊച്ചി മെട്രോ, ഷോപ്പിംഗ് മാൾ, ആശുപത്രി തുടങ്ങിയ ഇടങ്ങൾ ഉൾപ്പെടുത്തി മനോഹരമായി ചിത്രം ഷൂട്ട് ചെയ്തിട്ടുണ്ട്.

ധന്യ വർമ്മ, മല്ലിക സുകുമാരൻ, ബെന്നി പി. നായരമ്പലം എന്നിവരുടെ കഥാപാത്രങ്ങൾ സിനിമയ്ക്ക് മികച്ച രീതിയിൽ പിന്തുണ നൽകുന്നു.

മുൻ ചിത്രങ്ങളായ ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ സിനിമകളിൽ ഊന്നൽ നൽകിയ മാറുന്ന സമൂഹവും മനുഷ്യരുടെ കാഴ്ചപ്പാടുകളും തീരുമാനങ്ങളുമാണ് ഈ സിനിമയ്ക്കും ജൂഡ് ആന്റണി ജോസഫ് പശ്ചാത്തലമാക്കിയിരിക്കുന്നത്. ആദ്യ ചിത്രത്തിൽ സ്വന്തം വിവാഹത്തെക്കുറിച്ച് തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുള്ള പെൺകുട്ടിയും, രണ്ടാമത്തേതിൽ പ്രായം കടന്നു പോയി എന്ന് വ്യാകുലപ്പെടാതെ മനസ്സിൽ സൂക്ഷിച്ച ആഗ്രഹങ്ങൾ നടത്തിയെടുക്കാൻ പുറപ്പെടുന്ന മുത്തശ്ശിയുമാണെങ്കിൽ, ഇവിടെ സാഹചര്യ സമ്മർദ്ദത്തിന്റെ ണ്ഡുവിൽ സ്വന്തം 'ചോയ്സ്' കണ്ടെത്തുന്ന നവയുഗ ഭാര്യയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. യുവതീ-യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന സിനിമയാണ് 'സാറാസ്' എന്ന് ഉറപ്പിക്കാം.

ചിത്രം ആമസോൺ പ്രൈമിൽ പ്രദർശനം തുടരുന്നു.
Published by:Meera Manu
First published: