• HOME
 • »
 • NEWS
 • »
 • film
 • »
 • Thanneermathan Dinangal review: യൗവനത്തിന്റെ കണ്ണാടി കപ്പുകളിൽ വിളമ്പുന്ന തണ്ണിമത്തൻ രുചികൾ

Thanneermathan Dinangal review: യൗവനത്തിന്റെ കണ്ണാടി കപ്പുകളിൽ വിളമ്പുന്ന തണ്ണിമത്തൻ രുചികൾ

Read Thanneermathan Dinangal movie review | രണ്ടാമത്തെ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുക എന്ന അഗ്നിപരീക്ഷ മാത്യു വളരെ ഭംഗിയായി നിർവഹിക്കുന്നു

തണ്ണീർമത്തൻ ദിനങ്ങൾ

തണ്ണീർമത്തൻ ദിനങ്ങൾ

 • Share this:
  #മീര മനു

  പതിനേഴിൽ നിന്നും പതിനെട്ടെന്ന കടമ്പ കാത്ത് മുതിർന്നവരുടെ ക്ലബ്ബിലെ പ്രായം കുറഞ്ഞ അംഗങ്ങളായി മാറാൻ നിൽക്കുന്നവരുടെ കഥയുമായെത്തിയ മലയാള സിനിമകളുടെ ശ്രേണിയിലെ ഏറ്റവും പുതിയ ചിത്രമാണ് ഗിരീഷ് എ.ഡി. അവതരിപ്പിക്കുന്ന തണ്ണീർമത്തൻ ദിനങ്ങൾ. ഇടനേരങ്ങളിൽ വലിയ കണ്ണാടി കപ്പുകളിൽ നിറഞ്ഞു വിളമ്പുന്ന തണ്ണിമത്തൻ രുചികൾ കോർത്തിണക്കിയ സ്കൂൾ കഥ. ജൂൺ, പതിനെട്ടാം പടി ചിത്രങ്ങൾ നൊസ്റ്റാൾജിയ തേടി കാലത്തിന്റെ പിന്നിലേക്ക് പോയപ്പോൾ നവയുഗത്തിൽ നിന്നും പകർത്തിയ ഏട് അവതരിപ്പിക്കുകയാണ് തണ്ണീർമത്തൻ ദിനങ്ങൾ.

  പ്ലസ് വൺ ക്‌ളാസിൽ ആരംഭിച്ച്, സ്കൂൾ കാലത്തോട് വിട പറയുന്ന നിമിഷം വരെ വിദ്യാർത്ഥി ജീവിതത്തിൽ നടക്കുന്ന പഠനത്തിന് പുറത്തുള്ള നിമിഷങ്ങളെ അവതരിപ്പിക്കുകയാണ് തണ്ണീർമത്തൻ ദിനങ്ങൾ. ഇത്തരം ചിത്രങ്ങൾ പ്രധാനമായും പഠിപ്പിസ്റ്റുകളെയും ഉഴപ്പന്മാരെയും ചൂണ്ടയിടുമ്പോൾ, രണ്ടിനും ഇടയിൽ പെടുത്താവുന്ന ജെയ്‌സണിലേക്ക് ഈ ചിത്രം ഊളിയിടുന്നു. ക്‌ളാസ്സിലെ സുന്ദരിക്കുട്ടിയെ പാട്ടിലാക്കാൻ ജെയ്സൺ നോക്കുമ്പോഴും, ശേഷിക്കുന്ന ആൺകുട്ടികൾ മറ്റിടങ്ങളിൽ 'സെറ്റ്' ആയതിൽ സംതൃപ്തരാണ്.

  ജെയ്സൺ ആയി വേഷമിടുന്ന കുമ്പളങ്ങി നൈറ്റ്സിലെ ഫ്രാങ്കി, അഥവാ മാത്യു എന്ന നായകനാണ് ചിത്രത്തിൽ ആദ്യാവസാനം ഹൈലൈറ്റ്. രണ്ടാമത്തെ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുക എന്ന അഗ്നിപരീക്ഷ മാത്യു വളരെ ഭംഗിയായി നിർവഹിക്കുന്നു. അളന്ന് മുറിച്ചുള്ള പശ്ചാത്തല സംഗീതവും, റിയലിസ്റ്റിക് അവതരണ ശൈലിയും മാത്യുവിന്റെ പ്രതിഭ തെളിയിക്കാൻ ഒട്ടേറെ അവസരങ്ങൾ നൽകുന്നു. കീർത്തിയുടെ (അനശ്വര രാജൻ) കാമുകൻ എന്ന റോളിലും, പ്രണയ പരാജയം നേരിടുന്ന ടീനേജുകാരനായും, മിടുക്കൻ എന്ന് തോന്നിക്കുമെങ്കിലും അങ്ങനെ അല്ലാത്തയാളായിട്ടും, കൂട്ടുകാരന്മാരുടെ സംഘത്തിലൊരാളായിട്ടും, വീട്ടിലെ ഇളയ മകനായുമൊക്കെ മാത്യു തന്റെ കഥാപാത്രത്തെ പല തലങ്ങളിൽ അവതരിപ്പിക്കാൻ ശ്രമിച്ച് വിജയിക്കുന്നുണ്ട്.  മലയാളം അധ്യാപകൻ രവി പത്മനാഭനായി വിനീത് ശ്രീനിവാസൻ എത്തുമ്പോൾ, അയാളോട് കീർത്തിക്കുള്ള ആരാധന ജെയ്‌സണെ അസൂയാലുവാക്കുന്നു. ഇതിന്റെ മാനസിക സംഘർഷവും, പിരിമുറുക്കവും, നിരാശയും, വൈകാരികതയും വളരെ നന്നായി ജെയ്സൺ എന്ന മാത്യുവിന്റെ ഭാവപ്രകടനങ്ങളിൽ തെളിയുന്നു. കൂടാതെ അകാരണമായി രവിക്ക് ജെയ്‌സനോടും തോന്നുന്ന നീരസം ഇവർക്കിടയിലെ കല്ലുകടിക്ക് ആക്കം കൂട്ടുന്നു.

  പ്രായപൂർത്തിയാകുന്നതിന്റെ നിർണ്ണായക ഘട്ടങ്ങളെ ഇതുവരെ കൈകാര്യം ചെയ്യാത്ത രീതികളിൽ പരീക്ഷണ വിധേയമാക്കുന്നു ഈ ചിത്രം. കൂടാതെ, വിദ്യാർത്ഥികളുടെ ഇടയിലെ പ്രണയത്തിനും പിണക്കങ്ങൾക്കും സമാന്തരമായി തന്നെ ഇക്കാര്യങ്ങൾ അധ്യാപകരുടെ ഇടയിലും സംഭവിക്കുന്നത് കാണാം.

  എന്നാൽ ശ്രദ്ധയാകർഷിക്കുന്ന ഒട്ടേറെ കാര്യങ്ങൾ ദൈനം ദിന സ്കൂൾ ജീവിതത്തിൽ നിന്നും പകർത്തുമ്പോൾ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതിനുള്ള പ്രാധാന്യം ചോർന്നു പോകുന്നത് അനുഭവമാകുന്നുണ്ട്. പ്രധാനമായും മാത്യുവിന്റെ പ്രകടനം കൊണ്ടാണ് അത് തരണം ചെയ്യുന്നത്. ജെയ്‌സന്റെ കൂട്ടുകാരന്മാരും സ്കൂൾ ക്യാമ്പസ് ജീവിതത്തെ മനോഹരമാക്കുന്നു. ആദ്യ പകുതിയുടെ നീളം കുറച്ച്, ക്ളൈമാക്സിന് കൂടുതൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞിരുന്നെങ്കിൽ ഈ ചിത്രം ഒരു പടി മുകളിൽ അനുഭവവേദ്യമാക്കാൻ സാധിക്കുമായിരുന്നു. ഒരു നവാഗത സംവിധായകന്റെ സൃഷ്ടി എന്ന നിലയിൽ പുതുമയുള്ള കഥപറച്ചിൽ സമ്മാനിക്കാൻ തണ്ണീർമത്തൻ ദിനങ്ങൾക്ക് സാധിച്ചു.

  First published: