• HOME
 • »
 • NEWS
 • »
 • film
 • »
 • Thirimali review | കൈപ്പിടിയിലെ ഭാഗ്യം നേടാൻ കൊടുമുടി കയറി; എടവനക്കാട് നിന്നും എവറസ്റ്റിനു താഴെ വരെ 'തിരിമാലി'

Thirimali review | കൈപ്പിടിയിലെ ഭാഗ്യം നേടാൻ കൊടുമുടി കയറി; എടവനക്കാട് നിന്നും എവറസ്റ്റിനു താഴെ വരെ 'തിരിമാലി'

Read the review of 'Thirimali' movie | എടവനക്കാട് നിന്നും എവറസ്റ്റിനു താഴെ വരെ ഒരു യാത്ര. 'തിരിമാലി' റിവ്യൂ

തിരിമാലി

തിരിമാലി

 • Share this:
  #അഭിലാഷ് പി.

  ഇന്ത്യയിൽ നിന്ന് പോകാൻ മുൻ‌കൂർ വിസ വേണ്ട എങ്കിലും നമ്മുടെ സിനിമാക്കാർ അധികം പോകാത്ത ഒരു മനോഹര രാജ്യമാണ് നേപ്പാൾ. മുപ്പതു കൊല്ലം മുമ്പ് മോഹൻലാൽ അക്കോസോട്ടനായി പോയപ്പോൾ ആ ചലച്ചിത്രം നമ്മൾ ഇന്നും ഓർക്കുന്ന 'യോദ്ധ' ആയി. ഇത്തവണ അങ്ങനെ മൂന്ന് പേരാണ് നേപ്പാളിലേക്ക് പോകുന്നത്. എടവനക്കാട് നിന്നും എവറസ്റ്റിനു താഴെ വരെയുണ്ട് രാജീവ് ഷെട്ടി സംവിധാനം ചെയ്ത ആ യാത്ര.

  അടിക്കാത്ത ലോട്ടറിപോലെ ഭാഗ്യമില്ലാത്ത ജീവിതമാണ് തന്റേതെന്ന് കരുതുന്ന ബേബി എന്ന ലോട്ടറിക്കാരൻ (ബിബിൻ ജോർജ്). പലിശയ്ക്ക് കാശു വാങ്ങിയ ആൾ ആത്മഹത്യ ചെയ്തത് കൊണ്ട് ജയിലിലാകും എന്ന് കരുതുന്ന പരിഞ്ഞപ്പൻ എന്ന പലിശക്കാരൻ അലക്‌സാണ്ടർ (ജോണി ആന്റണി), നിന്ന നില്പിൽ ടൂർ പോകണം എന്ന് കരുതുന്ന പീറ്റർ (ധർമജൻ) എന്നീ മൂന്നു പേരുടെ യാത്രയാണ് 'തിരിമാലി'.

  കടം കയറി കയറി ആകെയുള്ള ജീവിതമാർഗമായ ലോട്ടറിക്കടയും നഷ്ടമാകുന്ന അവസ്ഥയാണ് ബേബിയുടേത്. കിടപ്പാടം പോലും ബാങ്കുകാര് കൊണ്ടുപോകുന്ന അവസ്ഥ വന്നപ്പോഴാണ് ഭാഗ്യം ബേബിയെ തേടിയെത്തുന്നത്. വിൽക്കാത്ത ടിക്കറ്റിന് 80 ലക്ഷം രൂപയുടെ ഭാഗ്യം തേടി വന്നെങ്കിലും അത് അനുഭവിക്കാൻ ബേബിക്ക് യോഗമില്ലായിരുന്നു. കാരണം ജോലിക്കാരനായ നേപ്പാൾ സ്വദേശി വീർ ഷെർപ്പ (നേപ്പാളി താരമായ ഉമേഷ് തമങ്) മുങ്ങിയതോടെ ആ ‘ഭാഗ്യം’ അങ്ങ് നേപ്പാളിൽ എത്തി.

  ജീവിതം കരകയറാനുള്ള അവസാനശ്രമമെന്ന നിലയിൽ അത് കിട്ടാൻ ബേബി നേരിട്ട് പോകേണ്ട അവസ്ഥ. ആ യാത്ര ബേബിയുടെ മാത്രമല്ല പീറ്ററിന്റെയും പരിഞ്ഞപ്പന്റെയും വരെ ജീവിതം മാറ്റിമറിക്കുന്നു. ചില തിരിച്ചറിവുകളിലൂടെ എല്ലാം അവസാനിച്ചു എന്ന് കരുത്തുന്നിടത്ത് ഒരു ട്വിസ്റ്റിൽ വീണ്ടും പ്രതീക്ഷ തളിർക്കുന്നു.

  സേവ്യര്‍ അലക്‌സും രാജീവ്‌ ഷെട്ടിയും ചേർന്നാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. പ്രാരാബ്ധവും കഷ്ടപ്പാടും ഒക്കെയാണ് ആദ്യ പകുതി എങ്കിലും, രണ്ടാം പകുതിയിൽ ട്രാവൽ മൂഡ് നിലനിർത്തി ചിത്രത്തെ വേറൊരു തലത്തിലേയ്ക്ക് കൊണ്ടുവരാൻ കഴിഞ്ഞു. ഒന്നു കൂടി ശ്രദ്ധിച്ചിരുന്നുവെങ്കിൽ മലയാളികൾക്ക് മറക്കാനാകാത്ത ഒരു ചിത്രമാകാനുള്ള പല ഘടകങ്ങളൂം ഇതിലുണ്ട്.

  സംവിധായകനായി വന്ന് പൊട്ടിച്ചിരിപ്പിക്കുന്ന തിരക്കേറിയ നടനായ ജോണി ആന്റണിയുടെ കരിയറിലെ ഉഗ്രൻ കഥാപാത്രമാണ് പരിഞ്ഞപ്പൻ. ഹിമാലയത്തിലെ ട്രെക്കിങ്ങ് സമയത്തെ സംഭാഷണങ്ങൾ പലതും പൊട്ടിച്ചിരിപ്പിക്കുന്നതാണ്. യഥാർത്ഥത്തിൽ കൊടുമുടി കയറിയ ഫീൽ ഉണ്ടാക്കാൻ അദ്ദേഹത്തിന്റെ പ്രകടനത്തിന് കഴിഞ്ഞിട്ടുണ്ട്.

  ഇന്നസെന്റ്, സലിം കുമാർ, ഹരീഷ് കണാരൻ, അന്ന രേഷ്മ രാജൻ, അസീസ് നെടുമങ്ങാട്, നസീർ സംക്രാന്തി, ഉണ്ണി നായർ, നേപ്പാളി താരമായ മൗട്സേ ഗുരുങ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

  വിവേക് മുഴക്കുന്നിന്റെ വരികളും ശ്രീജിത്ത് ഇടവനയുടെ സംഗീതവും ചിത്രത്തോട് ചേർന്നു നിൽക്കുന്നു. ഫൈസൽ അലിയുടെ ഛായാഗ്രഹണം എടുത്തുപറയേണ്ടതാണ്. പ്രത്യേകിച്ചും നേപ്പാളിന്റെ ദൃശ്യഭംഗി മിഴിവോടെ തന്നെ സ്ക്രീനുകളിലെത്തിക്കാൻ ഫൈസലിനു സാധിച്ചു.

  ‘തിരിമാലി’യൊരു ചിരിയാത്രയാണ്. ഇതുവരെ ജീവിച്ചതും കണ്ടതുമൊന്നുമല്ല യഥാർഥ ജീവിതമെന്ന് തിരിച്ചറിയുന്നിടത്താണ് അവരുടെ യാത്ര അവസാനിക്കുന്നത്. മലമുകളിലെ മനുഷ്യർ, അവരുടെ ജീവിതം അങ്ങനെ നേപ്പാളിന്റെ സംസ്കാരവും പുറംലോകം അറിയാത്ത അവരുടെ ജീവിതരീതികളും ഏതാണ്ട് കൃത്യതയോടെ പ്രേക്ഷകരിലെത്തിക്കാൻ സംവിധായകന് സാധിച്ചു. മറു നാട്ടിൽ പോയാലും മദ്യപാനം മാത്രമാണ് മലയാളിയുടെ കൗതുകം എന്ന് പറയാതെ പറയുന്നുണ്ട് ചിത്രം.

  കോവിഡ് കാലത്തും മറ്റൊരുരാജ്യത്തുപോയി വെല്ലുവിളി നേരിടുന്ന ഭൂപ്രകൃതിയിൽ ഏറെ പ്രയാസപ്പെട്ട് ചിത്രീകരിച്ച്, ആ പ്രയത്നത്തെ പ്രതീക്ഷിക്കാത്ത തരത്തിൽ അതിമനോഹരമായ അനുഭവമാക്കിയിട്ടുണ്ട് 'തിരിമാലി'. എന്നാൽ പല ജില്ലകളിലും തിയെറ്റർ അടയ്ക്കുന്ന ഇത്തരം ഒരു അവസ്ഥയിൽ തിയെറ്ററിൽ റീലീസ് ചെയ്തത് തികഞ്ഞ അലംഭാവമായി എന്ന് പറയാതെ വയ്യ.
  Published by:user_57
  First published: