വിജയ ചിത്രങ്ങളുടെ ഘോഷയാത്രയായിരുന്നു ആസിഫ് അലിക്ക് 2019 സമ്മാനിച്ചത്. പേരുപോലെ തന്നെ 'വിജയ് സൂപ്പറും പൗർണ്ണമിയും' സൂപ്പർ വിജയമായി തുടക്കം കുറിച്ചു. നായകനെന്ന നിലയ്ക്ക് സ്വന്തമായും ടീം വർക്കായുമൊക്കെ ആസിഫിന്റെ ചിത്രങ്ങൾ ഒന്നിന് പിറകെ ഒന്നായി വിജയത്തേരിലേറി.
കുടുംബ ചിത്രമായ 'കക്ഷി അമ്മിണിപ്പിള്ള'ക്ക് ശേഷം ആസിഫിന്റെയതായി റിലീസായ ചിത്രമാണ് അണ്ടർവേൾഡ്. 'കാറ്റി'നു ശേഷം സംവിധായകൻ അരുൺകുമാർ അരവിന്ദും ആസിഫും ഈ സിനിമയിൽ ഒത്തുചേരുന്നു.
സ്റ്റാലിൻ ജോൺ (ആസിഫ് അലി), സോളമൻ (ജീൻ പോൾ ലാൽ), മജീദ് (ഫർഹാൻ ഫാസിൽ) എന്നിങ്ങനെ മൂന്നു ഗുണ്ടകളും അവരുടെ കുടിപ്പകയും വെട്ടിപ്പിടിത്തവും അപചയവും കോർത്തിണക്കിയ കഥയാണ് അണ്ടർവേൾഡ്. മൂന്നു പേരും തുല്യ അളവിൽ ഉത്തരവാദിത്തം പേറുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ആരംഭത്തിൽ തീർത്തും അപരിചിതരായ ഇവർ കാലക്രമേണ ഒരിടത്ത് എത്തിച്ചേരുന്നു.
ഓരോ കഥാപാത്രത്തെയും വിശകലനം ചെയ്യുന്നതാവും ഈ ചിത്രത്തിന്റെ വിലയിരുത്തലിലേക്കു നയിക്കുക.
വേണ്ടി വന്നാൽ ഒരു ജെന്റിൽമാൻ-പഠിപ്പി ലുക്കുള്ള ഗുണ്ടയെ കാണേണ്ടവർ ആസിഫിന്റെ മുഖത്തേക്ക് നോക്കുക. മാന്യമായ വസ്ത്രധാരണം, പതിഞ്ഞ ശബ്ദം, ശാന്ത ഭാവം, ആകർഷണീയമായ വ്യക്തിത്വം എല്ലാം ചേർന്ന സ്റ്റാലിൻ ജോൺ സബ് ജയിലിൽ പ്രതിയായി കാലു കുത്തിക്കൊണ്ടാണ് ഇൻട്രോ ഇടുന്നത്. ഒരു കെട്ടിടം സ്ഫോടനത്തിലൂടെ തകർത്ത ശേഷം റോഡിലൂടെ പാട്ടും പാടി പോകുന്ന ഗുണ്ടയെ ഇതുവരെ കണ്ടിട്ടില്ലെങ്കിൽ ഇവിടെ കാണാം. ഈ വർഷം ഇറങ്ങിയ ചിത്രങ്ങളിൽ ലഭിച്ച കഥാപാത്രങ്ങളൊക്കെയും മികച്ചതും വൈവിധ്യവുമുള്ളതാക്കി മാറ്റിയ ആസിഫിന്റെ ഈ കഥാപാത്രവും വേറിട്ടതാവുന്നു.
നേർവിപരീതമാണ് സ്റ്റാലിന്റെ ശത്രു സോളമൻ. സ്വന്തം വളർത്തു നായയെ പോലും നിർദാക്ഷണ്യം കൊന്നു തള്ളാൻ മടിയില്ലാത്ത, ചോര കണ്ട് അറപ്പു മാറിയ ക്രൂരനായ വില്ലന്റെ മുഖം ഇനി ജീൻ പോളിന് സ്വന്തം.
മുൻപിറങ്ങിയ രണ്ടു ചിത്രങ്ങളിലും കാമുകനായി പ്രത്യക്ഷപ്പെട്ട ഫർഹാൻ ഫാസിലിന്റെ വ്യത്യസ്ത അവതരണമാണ് അണ്ടർവേൾഡ് സമ്മാനിക്കുന്നത്. ഒരു ത്രികോണത്തിന്റെ മൂന്നു കോണുകളെന്ന പോലെ തഗ് ലൈഫുമായി ജീവിക്കുന്ന മൂന്നു യുവാക്കളുടെ ഇടയിലെ നിർണ്ണായക സാന്നിധ്യമായി മാറാൻ ഫർഹാൻ അവതരിപ്പിച്ച മജീദിന് കഴിയുന്നു.
ഇവരൊക്കെയും അരങ്ങു വാഴുമ്പോൾ, ശ്രദ്ധേയ പ്രകടനവുമായി എത്തുക മുകേഷാണ്. കരിയറിൽ തന്നെ ഇത്രയും ഭംഗിയായി ഒരു നെഗറ്റീവ് റോൾ മുകേഷിന്റേതായി ഇനി സംഭവിക്കണമെങ്കിൽ കാത്തിരുന്നേ പറ്റൂ. പതിറ്റാണ്ടുകളായി പല തരം കഥാപാത്രങ്ങൾ അമ്മാനമാടിയ മുകേഷ് നടത്തിയ മികച്ച ക്യാരക്റ്റർ സെലെക്ഷനുകളിൽ ഒന്നാണ് അഴിമതിക്കാരനായി അഴിക്കുള്ളിലായ മിനിസ്റ്റർ പത്മനാഭൻ നായർ. ഈ പ്രകടനത്തെ പറ്റി കൂടുതൽ പറയുന്നതിനേക്കാൾ, പ്രേക്ഷകർ കണ്ട് തന്നെ അറിയണം.
തഗ് ലൈഫ് കഥ പറയുമ്പോൾ, സ്ഥിരം വെടി-പുക ഫോർമാറ്റ് പിടിക്കാതിരിക്കാൻ അരുൺകുമാർ അരവിന്ദ് ശ്രദ്ധിച്ചിരിക്കുന്നു. സംവിധായകന്റെ മനസ്സിനൊത്ത് ചലിക്കുന്ന ക്യാമറ കണ്ണുകളാവാൻ അലക്സ് ജെ. പുളിക്കൽ ജാഗ്രതയോടു കൂടി പ്രവർത്തിച്ചിരിട്ടുണ്ട്. ഫ്രയിമുകളിൽ അത്യന്തം ശ്രദ്ധ പുലർത്തിയാണ് ഇദ്ദേഹം ഈ നെടുനീളൻ ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് സിനിമ കാണുന്ന ആരും സമ്മതിച്ചു പോകും.
കൂടുതൽ ഡാർക്ക് ഷെയ്ഡുകളിൽ ചെയ്തിരിക്കുന്ന, ഒരു സ്ലോ പെയ്സ്ഡ് ചിത്രത്തിന് ഒപ്പം നിൽക്കാത്തതായി ഒന്നുണ്ടെങ്കിൽ അത് രണ്ടു മണിക്കൂർ 40 മിനിറ്റ് എന്ന സമയമാണ്. നല്ല രീതിയിൽ തന്നെ എഡിറ്റിംഗ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ, ചിലയിടങ്ങളിൽ കത്രിക ചലിപ്പിക്കുന്നതിൽ ശ്രദ്ധിച്ചിരുന്നെങ്കിൽ നീട്ടൽ കൊണ്ടുണ്ടാവുന്ന വിരസത ഒഴിവാകുമായിരുന്നു. ക്ളൈമാക്സ് എത്തുമ്പോൾ വേഗത കൂടിപ്പോയില്ലേ എന്നും തോന്നാതെയില്ല.
ആദ്യ ദിവസം തന്നെ പലയിടങ്ങളിലും യുവാക്കളായ ഓഡിയൻസിനെക്കൊണ്ട് നിറഞ്ഞ ചിത്രം ലക്ഷ്യം ഇടുന്നതും യുവ പ്രേക്ഷകരെ തന്നെയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.