HOME » NEWS » Film » MOVIES READ VARANE AVASHYAMUNDU MOVIE REVIEW

Varane Avashyamundu review: ഈ വരനെ ഞങ്ങൾക്ക് വേണം, ഈ വരനെ ഞങ്ങൾ ഇങ്ങെടുക്കുവാ

Read Varane Avashyamundu movie review | മലയാള സിനിമയിൽ ഒരു യുഗം സ്വന്തമായുള്ള സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ അച്ഛന്റെ വഴിത്താരയിൽ നടന്നു തുടങ്ങുമ്പോൾ, സുഖ ശീതളമായ അന്തിക്കാട് ഫീലിന്റെ പൂർണ്ണത 'വരനെ ആവശ്യമുണ്ട്' സിനിയിലും നിറയുന്നു. റിവ്യൂ

meera | news18-malayalam
Updated: February 10, 2020, 1:43 PM IST
Varane Avashyamundu review: ഈ വരനെ ഞങ്ങൾക്ക് വേണം, ഈ വരനെ ഞങ്ങൾ ഇങ്ങെടുക്കുവാ
വരനെ ആവശ്യമുണ്ട്
  • Share this:
അമ്മയും മകളും തമ്മിലെ ബന്ധം, രണ്ട് സഹോദരന്മാർ തമ്മിലെ ഇണക്കവും പിണക്കവും, ഒറ്റപ്പെടലും ഏകാന്തതയും മൂടിയ മധ്യവയസ്സിന്റെ വിരസത തള്ളിനീക്കുന്ന മറ്റൊരു ജീവിതം. ബന്ധങ്ങളെ വ്യത്യസ്ത കോണുകളിൽ നിന്നും നോക്കിക്കണ്ടും കൂട്ടിയിണക്കിയുമുള്ള ഒരു കുടുംബ ചിത്രവുമായാണ് അനൂപ് സത്യനെന്ന സംവിധായകന്റെ ആദ്യ സിനിമ പ്രേക്ഷകരെത്തേടിയെത്തിയത്.

കൂടാതെ, വർഷങ്ങളുടെ ഇടവേളക്ക് ശേഷം മലയാള സിനിമയിലെ പ്രിയ പ്രണയജോഡികളായ സുരേഷ് ഗോപിയുടെയും ശോഭനയുടെയും ഒത്തു ചേരലും, ദുൽഖർ സൽമാൻ എന്ന നിർമ്മാതാവിന്റെ അവതരണവും, താരപുത്രി കല്യാണി പ്രിയദർശന്റെ മലയാള സിനിമയിലെ അരങ്ങേറ്റവും ചേർന്ന് നൽകിയ മികച്ച തുടക്കവും.

പ്രണയിച്ച് വിവാഹം കഴിക്കുകയും, അത് പരാജയപ്പെടുകയും ചെയ്ത അമ്മ നീനയുടെ (ശോഭന) മകൾ നിഖിത (കല്യാണി) എന്തുകൊണ്ടും അറേൻജ്‌ഡ്‌ മാരേജ് തന്നെ മതി തനിക്കെന്നും തീരുമാനിക്കുന്നു. ബാങ്ക് ജോലി നേടി, അമ്മയുമൊത്ത് നിക്കി ചെന്നൈയിൽ എത്തുന്നു. നീന ഇവിടെ ഫ്രഞ്ച് ഭാഷാ അധ്യാപികയായി ജോലി കണ്ടെത്തുന്നു. മാട്രിമോണി വെബ്സൈറ്റുകളിലെ ഭാഗ്യപരീക്ഷണമാണ് നിക്കി എന്ന നിഖിതയുടേത്. സിനിമയുടെ തലക്കെട്ട് ഇവിടെ ആരംഭിക്കുന്നു.

തുടക്കം ഇങ്ങനെയെങ്കിലും പ്രണയം, വിവാഹം, ജീവിതം ഒക്കെയും യുവാക്കൾക്ക് മാത്രമോ എന്ന കാലിക പ്രസക്തിയുള്ള ചോദ്യത്തിലേക്ക് ആഴ്ന്നിറങ്ങുന്ന പ്രമേയത്തിലേക്ക് സിനിമ മെല്ലെ ശ്രദ്ധ തിരിക്കുന്നു. ഇനി അങ്ങനെ സംഭവിച്ചാലും, പ്രോഗ്രസീവ് സമൂഹമായിട്ട് കൂടി "ങേ! ഈ പ്രായത്തിലോ" എന്ന് പറഞ്ഞ് ഇപ്പോഴും മൂക്കത്ത് വിരൽ വയ്ക്കുന്നവരുടെ വൈരുധ്യം മറുവശത്ത് പറഞ്ഞു പോകാൻ സ്ക്രിപ്റ്റ് മറക്കുന്നില്ല.

Youtube Video


എവറസ്റ്റ് കൊടുമുടി വരെ കയറിയെങ്കിലും പട്ടാളത്തിൽ നിന്നും വിരമിച്ച മേജർ ഉണ്ണികൃഷ്ണന് മധ്യവയസ്സിൽ ഏകാന്തത മാത്രമാണ് കൂട്ട്. മറ്റു വ്യക്തികളോട് ആശയവിനിമയം നടത്താനുള്ള പരിചയക്കുറവ് ഇയാളെ ഒരു സുഹൃത്ത് മാത്രം ഉൾപ്പെടുന്ന ലോകത്തേക്ക് ഒതുക്കുന്നു.

സ്വഭാവത്തിൽ കർക്കശക്കാരനായ ഉണ്ണികൃഷ്ണൻ പ്രേക്ഷകർക്ക് ഫലിത മുഹൂർത്തങ്ങളുടെ നെടുംതൂണാണ്. സൈക്കാട്രിസ്റ്റിന്റെ നിർദ്ദേശപ്രകാരം, പോകുന്നിടത്തെല്ലാം ഡോറയുടെ നെയിംസ്ലിപ് പതിപ്പിച്ച, സ്വന്തം പേരെഴുതിയ പുസ്തകം കയ്യിൽ പിടിച്ച് നടക്കുന്ന വ്യക്തിയായി, നിശബ്ദ നേരങ്ങളിൽ പോലും രസാവഹമായ മുഹൂർത്തങ്ങൾ ഉണ്ണികൃഷ്ണൻ നൽകുന്നു. കോമഡി ലക്ഷ്യമിട്ടുള്ള കഥാപാത്രങ്ങൾ ഇതിനുമുൻപും ചെയ്തെങ്കിലും, ഫലിതം പറയൽ ഇല്ലാതെ ഹാസ്യ നിമിഷങ്ങൾ സൃഷ്‌ടിക്കുന്ന അപൂർവതയിലൂടെ, രാഷ്ട്രീയ ജീവിതത്തിൽ നിന്നും സിനിമയിലേക്കുള്ള സുരേഷ് ഗോപിയുടെ ശക്തമായ തിരിച്ചു വരവായി ഈ കഥാപാത്രം മാറുന്നു.

നീനയും ഉണ്ണികൃഷ്ണനും ഒത്തുള്ള നിമിഷങ്ങൾ ആരംഭിക്കുന്നതോടെ സ്ക്രിപ്റ്റ് മറ്റൊരു തലത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നു. ഇവർ ചേരുമ്പോൾ ചിരിയും ചിന്തയും ചേർന്നുള്ള മുഹൂർത്തങ്ങളുടെ പെരുമഴ കൊള്ളാൻ പ്രേക്ഷകരും ഒപ്പം ചേരുക.

Youtube Video


പല ചിത്രങ്ങളിലും പരീക്ഷിച്ച ഒരു സങ്കേതം രസംകൊല്ലിയാവാതെ അവതരിപ്പിക്കുന്നിടത്ത് 'വരനെ ആവശ്യമുണ്ട്' ശ്രദ്ധ നേടുന്നു. നീനയ്ക്ക് അകമ്പടിയായി നടി ശോഭനയുടെ തന്നെ കഴിഞ്ഞ കാല ചിത്രങ്ങളുടെ പരാമർശങ്ങൾ എത്തുമ്പോൾ, ഉണ്ണികൃഷ്ണന് വേണ്ടി സുരേഷ് ഗോപിയുടെ പ്രശസ്തമായ ഇൻട്രോ ശകലങ്ങളും, ഡയലോഗും ചേർന്ന് നർമ്മ രസമുകുളങ്ങളുടെ സ്വാദ് കൂട്ടുന്നു.

പഴയകാല പ്രണയജോഡികൾ യുവ താരജോഡികളേക്കാൾ സ്കോർ ചെയ്തത് മുന്നേറുന്നത് സിനിമയുടെ ആസ്വാദസനാതലത്തിന് മുതൽക്കൂട്ടാവുന്നു. ഒരു വശത്ത് നിക്കിയും 'ഫ്രോഡ്' അഥവാ ബിബീഷ് എന്ന ദുൽഖറും തമ്മിൽ ബന്ധം ഉടലെടുക്കുമ്പോൾ, ഇരുവഴികളിലായി, വ്യത്യസ്ത കാലങ്ങളുടെ പ്രണയം പറയുന്ന സിനിമയുടെ ഒഴുക്കിന് തെളിമയേറെ.

സൈക്കാട്രിസ്റ്റിന്റെ റോളിൽ എത്തുന്ന സംവിധായകൻ ജോണി ആന്റണി, ഫ്രോഡിന്റെയും അനുജന്റെയും സ്വന്തം 'ആകാശവാണി'യാവുന്ന കെ.പി.എ.സി. ലളിത, സ്നേഹം നിറഞ്ഞ ന്യൂ ജെൻ മമ്മിയായ ഉർവശി, ദുൽഖറിന്റെ അനുജന്റെ വേഷം ഭംഗിയായി കൈകാര്യം ചെയ്യുന്ന ബാലതാരം സർവ്വജിത് സന്തോഷ് എന്നിവർ ചുരുങ്ങിയ നേരത്തെ പ്രകടനം കൊണ്ട് ശ്രദ്ധേയരാവുന്നു. മിന്നി മറയുന്ന വേഷമെങ്കിൽ കൂടി ലാൽ ജോസിന്റെ നിമിഷ നേരത്തെ വരവ് നൽകുന്ന പഞ്ച് ഒന്ന് വേറെ തന്നെ.

പറഞ്ഞു കുഴപ്പിക്കാത്ത തിരക്കഥ, തുടർച്ച മുറിയാത്ത ആഖ്യാനം, കഥാപാത്രങ്ങളെ നെഞ്ചേറ്റിയ താരങ്ങളുടെ പ്രകടനം ഇവയൊക്കെ ആയാസരഹിതമായ ആസ്വാദനത്തെ സഹായിക്കുന്നു.

മലയാള സിനിമയിൽ ഒരു യുഗം സ്വന്തമായുള്ള സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ അച്ഛന്റെ വഴിത്താരയിൽ നടന്നു തുടങ്ങുമ്പോൾ, സുഖ ശീതളമായ അന്തിക്കാട് ഫീലിന്റെ പൂർണ്ണത 'വരനെ ആവശ്യമുണ്ട്' സിനിയിലും നിറയുന്നു. തലമുറകൾ പിന്നിട്ട്, കുളിർകാറ്റിന്റെ നൈർമ്മല്യത്തോടെ വീശാൻ കാത്തിരിക്കുന്ന അന്തിക്കാടൻ വർഷങ്ങളുടെ ആരംഭമാവട്ടെ ഇവിടമെന്ന് പ്രതീക്ഷിക്കാം.

Youtube Video
Published by: meera
First published: February 10, 2020, 1:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories