ബോളിവുഡിലെ എല്ലാ പ്രധാന ചടങ്ങുകളിലും ഭാനു രേഖ എന്ന രേഖ നിറ സാന്നിധ്യമാണ്. എല്ലാ വർഷത്തെയും പോലെ ഇത്തവണയും ഫാഷൻ ഫോട്ടോഗ്രാഫർ ദാബു രത്‌നാനിയുടെ കലണ്ടർ ലോഞ്ചിന് പ്രമുഖ നടീ-നടന്മാരുടെ കൂട്ടത്തിൽ രേഖയും ഉണ്ടായിരുന്നു. രേഖയുടെ വരവിനേക്കാൾ ഇത്തവണ ചർച്ചാ വിഷയമായത് അവർ ഫോട്ടോഗ്രാഫർമാർക്ക് മുൻപിൽ പോസ് ചെയ്യാൻ തയ്യാറായി നിന്നതാണ്. ചിത്രത്തിനായി പോസ് ചെയ്ത രേഖക്ക് പറ്റിയതറിയണമെങ്കിൽ താഴെ കാണുന്ന ചിത്രത്തിൽ നോക്കണം. പിന്നിലെ ചുമരിൽ അമിതാഭ് ബച്ചന്റെ ചിത്രം ഉണ്ടായിരുന്നത് ശ്രദ്ധിക്കാതെയാണ് രേഖ ക്യാമറകൾക്ക് മുൻപിൽ വന്നു പെട്ടത്. പെട്ടെന്ന് തന്നെ രേഖക്ക് കാര്യം മനസ്സിലായെങ്കിലും, അതിനോടകം തന്നെ ഫോട്ടോഗ്രാഫർമാർ രേഖയെ തങ്ങളുടെ ക്യാമറക്കുള്ളിൽ പതിപ്പിച്ചിരുന്നു.
![]()
രേഖ
ദാബു രത്‌നാനി എടുത്ത ചിത്രങ്ങൾ ഒട്ടിച്ച ചുമരിന് മുന്നിലായിരുന്നു അതിഥികൾ പോസ് ചെയ്യേണ്ടിയിരുന്നത്. അപ്പോഴാണ് ഉള്ളടക്കം ശ്രദ്ധിക്കാതെ രേഖ ബച്ചന്റെ ചിത്രത്തിന് മുൻപിൽ വന്നു പെട്ടത്. ചിത്രങ്ങളുടെ കൂട്ടത്തിൽ ബച്ചനും ഉണ്ടെന്ന് കണ്ടതും ഒറ്റ ഓട്ടം വച്ച് കൊടുത്തു രേഖ. ഇനി അങ്ങോട്ട് പല മെമികൾക്കുമൊപ്പം ഈ ചിത്രം ഇടം പിടിക്കുമോ എന്നാണ് ആരാധകർ നോക്കുന്നത്. സ്ഥിരം പട്ടു പുടവ ചുറ്റി ആഘോഷങ്ങൾക്ക് എത്താറുള്ള രേഖ ഇത്തവണ ഒരു കറുത്ത വേഷമാണ് അണിഞ്ഞിരുന്നത്, ഒപ്പം പൂച്ചക്കണ്ണൻ കണ്ണടയും, കൂർത്ത മുനയുള്ള ഷൂസും, സ്ഥിരം കടും ചുവപ്പ് ലിപ്സ്റ്റിക്കും.
ഗോസ്സിപ് കോളങ്ങൾക്ക് ഇപ്പോഴും പ്രിയങ്കരിയായ രേഖയും അമിതാഭ് ബച്ചനും പഴയ കാല ബോളിവുഡ് ഹിറ്റ് ചിത്രങ്ങളിലെ പ്രണയ ജോഡികളായിരുന്നു. സിൽസില, സുഹാഗ്, ദോ അഞ്ചാനെ, മുഖാദർ കാ സിക്കന്ദർ, മിസ്റ്റർ നട്വർലാൽ, ഖൂൻ പസീന, ഗംഗ കി സൗഗന്ധ് എന്നീ ചിത്രങ്ങൾ ഉദാഹരണമാണ്. സിനിമക്ക് പുറത്തും ഇവർ തമ്മിലെ ബന്ധം വാർത്തകളിൽ നിറഞ്ഞു. ദാബുവിന്റെ ഇരുപതാമത് കലണ്ടറിൽ സണ്ണി ലിയോണി, ഐശ്വര്യ റായ്, വിദ്യ ബാലൻ, കാർത്തിക് ആര്യൻ, ശ്രദ്ധ കപൂർ, ടൈഗർ ഷ്‌റോഫ് തുടങ്ങിയവർ ഭാഗമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.