വിഷ്ണു ഉണ്ണികൃഷ്ണൻ (Vishnu Unnikrishnan) ആദ്യമായി പോലീസ് വേഷത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫാമിലി സസ്പെൻസ് ത്രില്ലർ 'കുറി' (Kuri movie) ജൂലൈ 8ന് തിയേറ്ററുകളിലേക്ക്. കൊക്കേഴ്സ് മീഡിയ & എൻ്റർടെയ്ൻമെൻ്റ്സ് നിർമ്മിക്കുന്ന ചിത്രം കെ.ആർ. പ്രവീൺ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
വണ്ടിപ്പെരിയാറിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ കുറിയിൽ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം സുരഭി ലക്ഷ്മി, അതിഥി രവി, വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്, സാഗർ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
ഛായാഗ്രഹണം സന്തോഷ് സി. പിള്ള, എഡിറ്റിങ് - റഷിൻ അഹമ്മദ്. ബി.കെ. ഹരിനാരായണൻ വരികളെഴുതുന്ന ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് വിനു തോമസാണ്. പ്രൊജക്റ്റ് ഡിസൈനർ - നോബിൾ ജേക്കബ്, ആർട്ട് ഡയറക്ടർ - രാജീവ് കോവിലകം, സംഭാഷണം - ഹരിമോഹൻ ജി., കോസ്റ്റ്യൂം - സുജിത് മട്ടന്നൂർ, മേക്കപ്പ് - ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ - വൈശാഖ് ശോഭൻ & അരുൺ പ്രസാദ്, കാസ്റ്റിംഗ് ഡയറക്ടർ - ശരൺ എസ്.എസ്., ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രകാശ് കെ. മധു.
Also read: ടൊവിനോ, കല്യാണി ചിത്രം 'തല്ലുമാല' ഓഗസ്റ്റിൽ തിയേറ്റർ റിലീസ്നടൻ ടൊവിനോ തോമസ് (Tovino Thomas), കല്യാണി പ്രിയദർശൻ (Kalyani Priyadarshan) എന്നിവർ മുഖ്യ വേഷങ്ങൾ അവതരിപ്പിക്കുന്ന 'തല്ലുമാല' ഓഗസ്റ്റ് മാസം റിലീസ് ചെയ്യും. ഓഗസ്റ്റ് 12 ആണ് റിലീസ് തിയതി.
മണവാളൻ വസീം എന്നാണ് ടൊവിനോ കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്ന കഥാപാത്രമായാണ് കല്യാണി പ്രിയദർശൻ എത്തുക. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ച് ഖാലിദ് റഹമാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തല്ലുമാല'. മുഹ്സിൻ പരാരിയും, അഷ്റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.
"ഒരേ സമയം ഏറ്റവും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ചിത്രമാണ് 'തല്ലുമാല'. ഖാലിദിന്റെ മുൻ ചിത്രങ്ങളായ അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ് എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഈ സിനിമ ഒരു എന്റർടെയ്നറാണ്; ഒരു ഉത്സവ ചിത്രം. മുഹ്സിൻ്റെ മുൻ സിനിമകളായ വൈറസ്, സുഡാനി ഫ്രം നൈജീരിയ എന്നിവയിൽ നിന്നും ഇത് വ്യത്യസ്തമാണ്. എട്ട് സംഘട്ടന രംഗങ്ങളും എട്ട് ഗാനങ്ങളുമുള്ള സിനിമയാണ് 'തല്ലുമാല',” ചിത്രത്തെക്കുറിച്ച് നിർമ്മാതാവ് പറഞ്ഞതിങ്ങനെ.
കല്യാണി പ്രിയദർശൻ നായികാ വേഷം അവതരിപ്പിക്കുന്ന ചിത്രത്തിൽ, ഒരു യുവാവിന്റെ കോളേജ് കാലഘട്ടം മുതൽ അവന്റെ 30 വയസ്സ് വരെ നീണ്ടുനിൽക്കുന്ന കഥ മലബാർ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു. തലശ്ശേരി, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് ചിത്രീകരണം. ഇതിനു പുറമെ ദുബായി ഷെഡ്യൂളും ഉണ്ട്.
ഇൻസ്റ്റാ റീലുകൾക്കും വീഡിയോകൾക്കും പ്രശസ്തരായ കുറച്ച് യുവാക്കളും ചില അറബ് അഭിനേതാക്കളും സിനിമയുടെ ഭാഗമായി ഉണ്ടാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.