വൈറസ് ചിത്രീകരണ വേളയിലെ ഒരു ചിത്രമാണിത്. ആഷിഖ് അബുവിന്റെ മൾട്ടി-സ്റ്റാർ ചിത്രത്തിൽ ആരോഗ്യ മന്ത്രിയായി വേഷമിടുന്ന രേവതിയുടെ ചിത്രം അത്ഭുതത്തോടെയാണ് സോഷ്യൽ മീഡിയ നോക്കിക്കാണുന്നത്. അത്രയേറെ സാമ്യമുണ്ട് ആരോഗ്യ മന്ത്രിയുടെ കഥാപാത്രമായ രേവതിയും മന്ത്രി കെ.കെ. ശൈലജയും തമ്മിൽ. ഛായാഗ്രാഹകൻ രാജീവ് രവിയേയും ചിത്രത്തിൽ കാണാം.
17 ജീവനുകൾ കവർന്ന നിപ പനിയെ പ്രമേയമാക്കി മലയാളത്തിൽ ഇറങ്ങുന്ന ഏക ചിത്രമാണ് വൈറസ്. ജനുവരി ഏഴാം തിയ്യതി കോഴിക്കോട് ചിത്രീകരണം ആരംഭിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആയിരുന്നു തുടക്കം. മലയാള സിനിമാ രംഗത്തെ മുൻ നിര താരങ്ങളിൽ ഒട്ടു മിക്കവാറും അണി നിരക്കുന്നുവെന്ന പ്രത്യേകതയുമായാണ് വൈറസ് പുറത്തു വരുന്നത്. നിപ്പ ബാധിച്ച കോഴിക്കോട് ജില്ലയാണ് ചിത്രീകരണ വേദി.
കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, റിമ കല്ലിങ്കൽ, ടൊവിനോ തോമസ്, പാർവതി, രമ്യ നമ്പീശൻ, സൗബിൻ ഷാഹിർ, ഇന്ദ്രൻസ്, ദിലീഷ് പോത്തൻ, മഡോണ, ജോജു ജോർജ്, ഷറഫുദ്ദീൻ, സെന്തിൽ കൃഷ്ണ, തുടങ്ങിയ വൻ താര നിരയാണ് ചിത്രത്തിൽ അണി നിരക്കുക. കൂടാതെ പൂർണ്ണിമ ഇന്ദ്രജിത്തിന്റെ തിരിച്ചു വരവ് കൂടിയാണീ ചിത്രം.
കളക്ടർ യു.വി. ജോസ് ആവുന്നത് ടൊവിനോ. നിപ ബാധിതരെ ചികിൽസിച്ചു ജീവൻ വെടിഞ്ഞ നേഴ്സ് ലിനിയായി റിമയാവും വേഷമിടുക.ചലച്ചിത്ര രംഗത്തെ പ്രഗത്ഭരുടെ വൻനിര പിന്നണിയിലുമുണ്ട്. രാജീവ് രവിയാണ് ക്യാമറ. എഡിറ്റിംഗ് സൈജു ശ്രീധരൻ. സംഗീതം സുഷിൻ ശ്യാം. വരത്തൻ ചിത്രത്തിന്റെ തിരക്കഥ രചിച്ച സുഹാസ്-ഷറഫു കൂട്ടുകെട്ട് മുഹ്‌സിൻ പരാരിയുമായി കൈകോർക്കുന്നതാവും സ്ക്രിപ്റ്റ്. സുഡാനി ഫ്രം നൈജീരിയ എന്ന ഹിറ്റ് ചിത്രത്തിന്റെ സംഭാഷണം രചിച്ചത് മുഹ്‌സിനാണ്. ഒ.പി.എം. പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം വിഷു റിലീസ് ആയാവും എത്തുകയെന്നു പ്രതീക്ഷിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.