ദേശീയ പുരസ്കാരം നേടിയ വില്ലേജ് റോക്സ്റ്റാർസ് എന്ന ചിത്രം ഇംഗ്ലീഷ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി. റിമ ദാസ് സംവിധാനം ചെയ്ത ചിത്രം 2019 ലെ ഇന്ത്യയിൽ നിന്നുള്ള ഓസ്കാർ എൻട്രിയായിരുന്നു. ഏഴാംതരം ഇംഗ്ലീഷ് പാഠപുസ്തകത്തിലാണ് സിനിമയുടെ കഥ ഉൾപ്പെടുത്തിയിരിക്കുന്നത്. ധുനൂസ് ഗ്വിറ്റാർ എന്നാണ് പാഠത്തിന്റെ പേര്.
സിനിമയുടെ കഥ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയതിൽ ഏറെ സന്തോഷമുണ്ടെന്ന് സംവിധായിക റിമ ദാസ് പറയുന്നു. "എന്റെ അച്ഛൻ സ്കൂൾ അധ്യാപനായിരുന്നു. അമ്മ പ്രിന്റ്ങ് പ്രസ് നടത്തി. അധ്യാപികയാകണമെന്നായിരുന്നു എന്റെ ആഗ്രഹം. വിദ്യാഭ്യാസത്തിന് വലിയ പ്രധാന്യം നൽകിയ കുടുംബമാണ് എന്റേത്. ഞാൻ ഇതുവരെ കൈവരിച്ച നേട്ടങ്ങളിൽ എന്റെ മാതാപിതാക്കൾ ഏറ്റവും കൂടുതൽ അഭിമാനിക്കുന്നത് ഇതിനെ കുറിച്ചായിരിക്കും". റിമ ദാസ് പറയുന്നു.
"കുട്ടികൾ പുതിയ കാര്യങ്ങൾ പഠിക്കുന്നതിന് എന്റെ സിനിമ കാരണമാകുമെന്നതിൽ വളരെ സന്തോഷമുണ്ട്. അസമിൽ ഭാവിയിൽ നല്ല സിനിമാ പ്രവർത്തകരുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." - റിമയുടെ വാക്കുകൾ
സ്വന്തമായി ഗ്വിറ്റാർ വാങ്ങുന്നതും കൂട്ടുകാരുമൊത്ത് റോക്ക് ബാന്റ് തുടങ്ങുന്നതും സ്വപ്നം കാണുന്ന പത്തുവയസ്സുകാരി ധുനുവിന്റെ കഥയാണ് വില്ലേജ് റോക്സ്റ്റാർസ് പറയുന്നത്. അസമിലെ പിന്നോക്ക ഗ്രാമ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. അസമീസ് ഭാഷയായ കാംരുപിയിലാണ് ചിത്രം നിർമിച്ചത്. 2017 ലെ ടൊറന‍്റോ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച ചിത്രം മികച്ച സിനിമയ്ക്കുള്ള 65ാംമത് ദേശീയ പുരസ്കാരവും നേടി. മികച്ച ബാലതാരത്തിനുള്ള പുരസ്കാരവും ചിത്രത്തിലെ അഭിനയത്തിന് ബനിത ദാസിന് ലഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: FILM, National Film Award, Toronto International Film Festival